24.1 C
Kottayam
Monday, September 30, 2024

അയ്യരും കിഷനും തകര്‍ത്തു,സഞ്ജു പിന്തുണച്ചു,ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം

Must read

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനമത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഏഴുവിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ പരാജയപ്പെടുത്തിയത്. സെഞ്ചുറി നേടി പുറത്താവാതെ നിന്ന ശ്രേയസ്സ് അയ്യരാണ് ഇന്ത്യയുടെ വിജയശില്‍പ്പി. 93 റണ്‍സെടുത്ത ഇഷാന്‍ കിഷനും മികച്ച പ്രകടനം പുറത്തെടുത്തു.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 279 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 45.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമെത്തി. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഒന്‍പത് റണ്‍സിന് വിജയിച്ചിരുന്നു. ഇതോടെ മൂന്നാം ഏകദിനമത്സരം നിര്‍ണായകമായി.

279 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണര്‍മാരായി ഇറങ്ങിയത്. എന്നാല്‍ ധവാന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടു. വെറും 13 റണ്‍സെടുത്ത ധവാനെ ഈ മത്സരത്തിലും വെയ്ന്‍ പാര്‍നല്‍ വീഴ്ത്തി. പാര്‍നലിന്റെ പന്തില്‍ കയറിയടിക്കാന്‍ ശ്രമിച്ച ധവാന്‍ ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു. ആദ്യ മത്സരത്തിലും ധവാന്‍ പാര്‍നലിന്റെ പന്തില്‍ പുറത്തായിരുന്നു. ധവാന് പകരം ഇഷാന്‍ കിഷനാണ് ക്രീസിലെത്തിയത്. കിഷനും ഗില്ലും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

എന്നാല്‍ ടീം സ്‌കോര്‍ 50 എത്തുംമുന്‍പ് ഗില്ലും വീണു. 26 പന്തുകളില്‍ നിന്ന് 28 റണ്‍സെടുത്ത ഗില്ലിനെ റബാദ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്തായി. ഇതോടെ ഇന്ത്യ അപകടം മണത്തു. ഗില്ലിന് പകരം ശ്രേയസ് അയ്യര്‍ ക്രീസിലെത്തി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ശ്രേയസ്സും ഇഷാനും തകര്‍ത്തടിക്കുന്ന കാഴ്ചയ്ക്കാണ് റാഞ്ചി സാക്ഷ്യം വഹിച്ചത്. ഇരുവരും അനായാസം സ്‌കോര്‍ ഉയര്‍ത്തി.

48 റണ്‍സില്‍ നിന്ന് ആരംഭിച്ച കൂട്ടുകെട്ട് ടീം സ്‌കോര്‍ 200 കടത്തി. ഇരുവരും അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. കിഷനായിരുന്നു കൂടുതല്‍ അപകടകാരി. ബൗളര്‍മാരെ കൂസലില്ലാതെ നേരിട്ട കിഷന്‍ സെഞ്ചുറിയിലേക്ക് കുതിക്കുന്ന സമയത്ത് പുറത്തായി. ടീം സ്‌കോര്‍ 209-ല്‍ നില്‍ക്കേ കിഷനെ ഇമാദ് ഫോര്‍ട്യൂയിന്‍ റീസ ഹെന്‍ഡ്രിക്‌സിന്റെ കൈയ്യിലെത്തിച്ചു. സെഞ്ചുറിയ്ക്ക് ഏഴുറണ്‍സകലെ കിഷന്‍ വീണു. 84 പന്തുകളില്‍ നിന്ന് നാല് ഫോറിന്റെയും ഏഴ് പടുകൂറ്റന്‍ സിക്‌സിന്റെയും അകമ്പടിയോടെ 93 റണ്‍സെടുത്താണ് താരം മടങ്ങിയത്. ശ്രേയസ്സിനൊപ്പം 155 പന്തുകളില്‍ നിന്ന് 161 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയുടെ വിജയമുറപ്പിച്ച് കിഷന്‍ ക്രീസ് വിട്ടു.

കിഷന് പകരം മലയാളി താരം സഞ്ജു സാംസണാണ് ക്രീസിലെത്തിയത്. സഞ്ജുവിനെ സാക്ഷിയാക്കി 43-ാം ഓവറില്‍ ശ്രേയസ് അയ്യര്‍ സെഞ്ചുറി നേടി. 103 പന്തുകളില്‍ നിന്നാണ് താരം സെഞ്ചുറി നേടിയത്. താരത്തിന്റെ രണ്ടാം ഏകദിന സെഞ്ചുറി കൂടിയാണിത്. ശ്രേയസ്സിന്റെ ഏകദിന കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് റാഞ്ചിയില്‍ പിറന്നത്. പിന്നാലെ സഞ്ജുവും ശ്രേയസ്സും ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിച്ചു. ശ്രേയസ് 111 പന്തുകളില്‍ നിന്ന് 15 ഫോറുകളുടെ അകമ്പടിയോടെ 113 റണ്‍സെടുത്തും സഞ്ജു 36 പന്തുകളില്‍ നിന്ന് 30 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാദ, ഇമാദ് ഫോര്‍ട്യൂയിന്‍, വെയ്ന്‍ പാര്‍നല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക ഏഴുവിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ റീസ ഹെന്‍ഡ്രിക്‌സും എയ്ഡന്‍ മാര്‍ക്രവുമാണ് ടീമിന് മാന്യമായ ടോട്ടല്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തു.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. 40 റണ്‍സെടുക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരെയും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. ടീം സ്‌കോര്‍ ഏഴില്‍ നില്‍ക്കെ ക്വിന്റണ്‍ ഡി കോക്കിന്റെ വിക്കറ്റാണ് ആദ്യം വീണത്. വെറും അഞ്ചുറണ്‍സെടുത്ത ഡി കോക്കിനെ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കി. ഓഫ് സൈഡില്‍ വന്ന പന്ത് നേരിടുന്നതിനിടെ ഡി കോക്കിന്റെ ബാറ്റില്‍ തട്ടി പന്ത് വിക്കറ്റ് പിഴുതു. സ്‌കോര്‍ 40-ല്‍ നില്‍ക്കേ മറ്റൊരു ഓപ്പണറായ ജാനേമാന്‍ മലാനും വീണു. അരങ്ങേറ്റം കുറിച്ച ഷഹബാസ് അഹമ്മദ് മലാനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. 31 പന്തുകളില്‍ നിന്ന് 25 റണ്‍സ് നേടിയശേഷമാണ് താരം ക്രീസുവിട്ടത്.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച റീസ ഹെന്‍ഡ്രിക്‌സും എയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന് ടീമിനെ രക്ഷിച്ചു. ഇരുവരും 129 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. മികച്ച രീതിയില്‍ ഇരുവരും ബാറ്റിങ് തുടര്‍ന്നതോടെ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പരന്നു. എന്നാല്‍ മുഹമ്മദ് സിറാജിലൂടെ ഇന്ത്യ ഈ കൂട്ടുകെട്ട് പൊളിച്ചു. 76 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 74 റണ്‍സെടുത്ത ഹെന്‍ഡ്രിക്‌സിനെ സിറാജ് ഷഹബാസ് അഹമ്മദിന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ വന്ന ഹെയ്ന്റിച്ച് ക്ലാസന്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ പ്രോട്ടീസ് 200 കടന്നു. 26 പന്തുകളില്‍ നിന്ന് 30 റണ്‍സാണ് താരം നേടിയത്.

എന്നാല്‍ ക്ലാസന്റെ ഇന്നിങ്‌സ് പൂര്‍ണതയിലെത്തിയില്ല. ക്ലാസനെ മുഹമ്മദ് സിറാജിന്റെ കൈയ്യിലെത്തിച്ച് കുല്‍ദീപ് യാദവ് ഇന്ത്യയ്ക്ക് ആശ്വാസം പകര്‍ന്നു. തൊട്ടുപിന്നാലെ ക്രീസില്‍ നിലയുറച്ചുനിന്ന എയ്ഡന്‍ മാര്‍ക്രവും പുറത്തായി. വാഷിങ്ടണ്‍ സുന്ദറിന്റെ പന്തില്‍ ഫോറടിക്കാന്‍ ശ്രമിച്ച മാര്‍ക്രത്തിന്റെ ശ്രമം ശിഖര്‍ ധവാന്‍ കൈയ്യിലൊതുക്കി. 89 പന്തുകളില്‍ നിന്ന് ഏഴ് ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 79 റണ്‍സാണ് താരം നേടിയത്.

പിന്നീട് ക്രീസില്‍ നിലയുറപ്പിക്കാന്‍ ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ല. മധ്യഓവറുകളില്‍ നന്നായി കളിച്ചെങ്കിലും അവസാന ഓവറുകളില്‍ വേണ്ടപോലെ സ്‌കോര്‍ ഉയര്‍ത്താന്‍ ബാറ്റര്‍മാര്‍ പരാജയപ്പെട്ടു. അവസരത്തിനൊത്തുയര്‍ന്ന ഇന്ത്യന്‍ ബൗളര്‍മാര്‍ അവസാന ഓവറുകളില്‍ മികച്ച പ്രകടനം പുറത്തെടുത്തു. കഴിഞ്ഞ മത്സരത്തിലെ ഹീറോ ഡേവിഡ് മില്ലര്‍ ക്രീസിലെത്തിയെങ്കിലും വെടിക്കെട്ട് ബാറ്റിങ് നടത്താനായില്ല. 16 റണ്‍സെടുത്ത വെയ്ന്‍ പാര്‍നല്‍ 47-ാം ഓവറില്‍ പുറത്തായി. മില്ലറും പാര്‍നലും ചേര്‍ന്നാണ് ടീം സ്‌കോര്‍ 250 കടത്തിയത്. പാര്‍നല്‍ മടങ്ങിയപ്പോള്‍ നായകന്‍ കേശവ് മഹാരാജ് ക്രീസിലെത്തി. എന്നാല്‍ അവസാന ഓവറില്‍ താരത്തെ സിറാജ് ക്ലീന്‍ ബൗള്‍ഡാക്കി. വെറും അഞ്ച് റണ്‍സ് മാത്രമാണ് നായകന് നേടാനായത്. പിന്നാലെ വന്ന ഇമാദ് ഫോര്‍ട്യൂയിന്‍ റണ്‍സെടുക്കാതെയും മില്ലര്‍ 34 പന്തുകളില്‍ നിന്ന് 35 റണ്‍സുമായും പുറത്താവാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് 10 ഓവറില്‍ ഒരു മെയ്ഡനടക്കം 38 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റെടുത്തു. വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, കുല്‍ദീപ് യാദവ്, ശാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

Popular this week