മുംബൈ : ട്രെയിനില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കം വനിതാ യാത്രക്കാര്‍ തമ്മിലുള്ള കൂട്ടത്തല്ലില്‍ കലാശിച്ചു. മുംബൈയിലെ താനെ-പനവേല്‍ ലോക്കല്‍ ട്രെയിനില്‍ വനിതകളുടെ കമ്പാര്‍ട്ട്‌മെന്റില്‍ വ്യാഴാഴ്ചയായിരുന്നു ഈ അടിപിടി. തല്ലിനിടയില്‍പ്പെട്ട് വനിതാപോലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. കംമ്പാര്‍ട്ടുമെന്റില്‍ സ്ത്രീകള്‍ അടിയുണ്ടാക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്.
വീഡിയോയില്‍ സ്ത്രീകള്‍ തമ്മില്‍ അടി കൂടുന്നത് കാണാം. കൂട്ടത്തല്ലിനിടയിലാണ് ഡ്യൂട്ടിയിലുണ്ടായ പോലീസുകാരിയ്ക്ക് പരിക്കേറ്റത്. ടര്‍ബെ സ്റ്റേഷന് അടുത്തെത്തിയപ്പോള്‍ സീറ്റിനെച്ചൊല്ലി മൂന്ന് സ്ത്രീയാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ഇവരുടെ പ്രശ്നത്തില്‍ കംമ്പാര്‍ട്ട്മെന്റിലെ കൂടുതല്‍ സ്ത്രീകള്‍ ഇടപ്പെട്ടതോടെ സംഭവം വലിയ വഴക്കായെന്ന് വാഷി ഗവണ്‍മെന്റ് റെയില്‍വേ പോലീസിലെ (ജി.ആര്‍.പി) പോലീസ് ഇന്‍സ്‌പെക്ടര്‍ സംഭാജി കടാരെ പറയുന്നു.
വഴക്ക് മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് യാത്രക്കാര്‍ തമ്മില്‍ തല്ലുന്നതും സീറ്റിന്റെ മുകളിലൂടെ കയറിപോകുന്നതുമെല്ലാം വീഡിയോയിലുണ്ട്. രണ്ട് സ്ത്രീകളുടെ തലയ്ക്ക് പരിക്കേറ്റ് രക്തം വാര്‍ന്നൊഴുകുന്നതും വീഡിയോയില്‍ കാണാം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ-തുര്‍ബെ സ്റ്റേഷനില്‍ ഒരു സീറ്റ് ഒഴിഞ്ഞപ്പോള്‍, ഒരു യാത്രക്കാരി അടുത്തുള്ള സ്ത്രീയെ സീറ്റിലിരിക്കാന്‍ അനുവദിച്ചു. എന്നാല്‍, അതേസമയം മറ്റൊരു സ്ത്രീയും അതേ സീറ്റില്‍ ഇരിക്കാന്‍ ശ്രമിച്ചു. ഇതോടെ മൂന്ന് സ്ത്രീകളും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും മറ്റ് ചില യാത്രക്കാരും ബഹളത്തില്‍ പങ്കുചേരുകയും ചെയ്തു. അതിനിടെ സംഭവം പരിഹരിക്കാനെത്തിയ വനിതാപോലീസിനും അടിക്കിടെ പരിക്കേറ്റു.
സംഭവത്തെക്കുറിച്ച് വാഷി ജി.ആര്‍.പി അന്വേഷിക്കുകയാണെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സംഭാജി കടാരെ അറിയിച്ചു.