തിരുവനന്തപുരം: വടക്കഞ്ചേരി കെ.എസ്.ആര്‍.ടി.സി. – ടൂറിസ്റ്റ് ബസ് അപകടവിവരം അറിഞ്ഞ ഉടന്‍തന്നെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത് ഐ.പി.എസിനെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.
ഇനിമുതല്‍ ടൂറിസ്റ്റുബസുകള്‍ വാടകയ്ക്ക് എടുക്കുമ്പോള്‍ സ്‌കൂളുകള്‍ പാലിക്കേണ്ട ചില മാര്‍ഗനിര്‍ദേശങ്ങളും മന്ത്രി മുന്നോട്ടുവെച്ചു. ടൂറിസ്റ്റ് ബസുകള്‍ വാടകയ്ക്ക് എടുക്കുന്ന സ്‌കൂള്‍ അധികൃതര്‍, സാധാരണഗതിയില്‍ ബസ് ഡ്രൈവര്‍മാരുടെ പശ്ചാത്തലം മനസ്സിലാക്കാറില്ല. ഇത്തരം ബസുകള്‍ വാടകയ്ക്ക് എടുക്കുമ്പോള്‍, ബസിന്റെ വിവരങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിന് നല്‍കിയാല്‍ ഡ്രൈവര്‍മാരുടെ പശ്ചാത്തലം, അനുഭവപരിചയം തുടങ്ങിയ കാര്യങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിന് മനസ്സിലാക്കാനും അത് കൈമാറാനും കഴിയും-മന്ത്രി പറഞ്ഞു. ഈ അപകടം നല്‍കുന്ന പാഠമാണിതെന്നും ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.
ഇനിമുതല്‍ വിനോദസഞ്ചാരത്തിന് ബുക്ക് ചെയ്യുന്ന ടൂറിസ്റ്റ് ബസുകളുടെ വിവരങ്ങള്‍ നേരത്തെ അതത് മോട്ടോര്‍ വാഹനവകുപ്പ് ഓഫീസിനെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. അത്തരം വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് വിവരങ്ങള്‍ ശേഖരിച്ച ശേഷം മാത്രമേ വാഹനങ്ങള്‍ക്ക് അന്തിമ അനുമതി നല്‍കേണ്ടതുള്ളൂ എന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ തീരുമാനിക്കും- മന്ത്രി കൂട്ടിച്ചേര്‍ത്തു.
വടക്കഞ്ചേരിക്ക് സമീപം മംഗലത്ത് ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍ടി.സി. ബസിന് പിറകില്‍ ഇടിച്ചുമറിഞ്ഞ അപകടത്തില്‍ ഒന്‍പതുപേര്‍ മരിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച നാലുപേരും ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചവരില്‍ നാലുപേരും സ്വകാര്യ ആശുപത്രിയിലെത്തിച്ച ഒരാളുമാണ് മരിച്ചത്. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. ഇവര്‍ ഊട്ടിക്ക് വിനോദയാത്ര പോവുകയായിരുന്നു. സൂപ്പര്‍ഫാസ്റ്റ് ബസ് കൊട്ടാരക്കരയില്‍നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു.