25.4 C
Kottayam
Sunday, May 19, 2024

Kerala blasters‍:ഐഎസ്എല്: കേരളാ ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു;ടീമില്‍ 7 മലയാളികള്‍

Must read

കൊച്ചി:വെള്ളിയാഴ്ച തുടങ്ങുന്ന ഐഎസ്എല്ലിന്‍റെ പുതിയ സീസണിലേക്കുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു. ജെസെല്‍ കര്‍ണെയ്‌റോ ആണ് ക്യാപ്റ്റന്‍.  26 അംഗ ടീമില്‍ ഏഴ്  പേരാണ് മലയാളി താരങ്ങളായി ഉള്ളത്. രാഹുല്‍ കെ പി, സഹല്‍ അബ്ദുള്‍ സമദ്, ശ്രീക്കുട്ടന്‍, സച്ചിന്‍ സുരേഷ്, നിഹാല്‍ സുധീഷ്, ബിജോയ് വര്‍ഗീസ്, വിപിന്‍ മോഹനന്‍ എന്നിവരാണ് ടീമിലെ മലയാളി താരങ്ങള്‍. ഓസ്‌ട്രേലിയന്‍ ഫോര്‍വേഡ്, അപ്പൊസ്‌തോലസ് ജിയാനു ആണ് ടീമിലെ ഏക വിദേശ ഏഷ്യന്‍ താരം. കഴിഞ്ഞ സീസണില്‍ കളിച്ച 16 താരങ്ങളെ ടീം നിലനിര്‍ത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യമത്സരം. സീസണിലെ ഉദ്ഘാടന മത്സരവുമാണിത്. ഇവാന്‍ വുകോമനോവിച്ചിന്‍റെ പരിശീലനത്തിലാണ് ടീം ഇറങ്ങുന്നത്. ട്രാന്‍സ്ഫര്‍ സീസണ് മുമ്പ് തന്നെ പ്രമുഖ താരങ്ങളുമായുള്ള കരാര്‍ ദീര്‍ഘകാലത്തേക്ക് നീട്ടിയത് ടീമിന്‍റെ പ്രധാന താരനിരയെ കോട്ടമില്ലാതെ നിലനിര്‍ത്താന്‍ ക്ലബ്ബിനെ സഹായിച്ചിട്ടുണ്ട്.

ടീമിനെ പിന്തുണയ്ക്കാനായി ആരാധകര്‍ വീണ്ടും ഗ്യാലറിയിലേക്ക് എത്തുന്നതോടെ, ഐഎസ്എല്‍ പ്രീസീസണ്‍ മത്സരങ്ങളില്‍ കാണിച്ച മനോവീര്യം ആവര്‍ത്തിച്ച് 2022-23 ഐഎസ്എല്‍ ട്രോഫി ഉയര്‍ത്താനാവുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷ.

കിരീടം നേടുകയെന്ന സ്വപ്നവുമായാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നതെന്ന് ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. പ്രധാന താരങ്ങളുടെ കരാര്‍ നീട്ടി, ടീമിന് സ്ഥിരത നല്‍കുന്നതിനും, ക്ലബിന്‍റെ സ്‌പോര്‍ട്ടിങ് പദ്ധതികള്‍ വികസിപ്പിക്കുന്നതിനുമായി ക്ലബ് കാര്യമായി ശ്രദ്ധിച്ചിരുന്നുവെന്നും കഴിഞ്ഞ സീസണില്‍ നഷ്ടപ്പെട്ടത് എന്താണോ, അത് നേടിയെടുക്കാനുള്ള യാത്രയിലാണ് ടീം മുഴുവനുമെന്നും കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.  ബ്ലാസ്റ്റേഴ്സിന്‍റെ ഏറ്റവും വലിയ കരുത്തായ, ആരാധകര്‍ വീണ്ടും ഗ്യാലറിയിലേക്ക് എത്തുന്നതില്‍ ടീം ഒന്നടങ്കം ഏറെ ആവേശത്തിലാണെന്നും കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.

ഐഎസ്എലിനുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം

ഗോള്‍കീപ്പര്‍മാര്‍: പ്രഭ്‌സുഖന്‍ ഗില്‍, കരണ്‍ജിത് സിങ്, മുഹീത് ഷാബിര്‍ ഖാന്‍, സച്ചിന്‍ സുരേഷ്.

പ്രതിരോധനിര: വിക്ടര്‍ മോംഗില്‍, മാര്‍കോ ലെസ്‌കോവിച്ച്, ഹോര്‍മിപാം റുയ്‌വ, സന്ദീപ് സിങ്, ബിജോയ് വര്‍ഗീസ്, നിഷു കുമാര്‍, ജെസെല്‍ കര്‍ണെയ്‌റോ, ഹര്‍മന്‍ജോത് ഖബ്ര.

മധ്യനിര: ജീക്‌സണ്‍ സിങ്, ഇവാന്‍ കലിയുസ്‌നി, ലാല്‍തംഗ ഖാല്‍റിങ്, ആയുഷ് അധികാരി, സൗരവ് മണ്ഢല്‍, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുസമദ്,  ബ്രൈസ് മിറാന്‍ഡ, വിബിന്‍ മോഹനന്‍, നിഹാല്‍ സുധീഷ്, ഗിവ്‌സണ്‍ സിങ്.

മുന്നേറ്റ നിര: ദിമിട്രിയോസ് ഡയമന്‍റ്കോസ്, രാഹുല്‍ കെ.പി, അപ്പോസ്‌തോലോസ് ജിയാനോ, ബിദ്യാഷാഗര്‍ സിങ്, ശ്രീക്കുട്ടന്‍ എം.എസ്‌

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week