30.6 C
Kottayam
Tuesday, April 30, 2024

എഡ്വേഡ് സ്നോഡന് റഷ്യൻ പൗരത്വം അനുവദിച്ച് വ്ലാഡിമിർ പുട്ടിൻ

Must read

മോസ്കോ: യുഎസ് ദേശീയ സുരക്ഷാ ഏജൻസിയിൽ നിന്ന് (എൻഎസ്എ) രഹസ്യവിവരങ്ങൾ ചോർത്തിയ കേസിൽ ഉൾപ്പെട്ട് റഷ്യയിൽ രാഷ്ട്രീയ അഭയം തേടിയ എഡ്വേഡ് സ്നോഡന് പൗരത്വം നൽകി റഷ്യ. 72 വിദേശികൾക്ക് പൗരത്വം അനുവദിച്ച് റഷ്യൻ പ്രസിഡനറ് വ്ലാഡിമിർ പുട്ടിൻ ഒപ്പിട്ട ഉത്തരവിലാണ് മുപ്പത്തിയൊൻപതുകാരനായ സ്നോഡന്റെ പേരും ഉൾപ്പെട്ടത്.

2020ൽ സ്നോഡന് റഷ്യയിൽ സ്ഥിരതാമസത്തിന് അനുവദിച്ചുള്ള പെർമനന്റ് റസിഡൻസ് അനുമതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സ്നോഡൻ പൗരത്വത്തിന് അപേക്ഷിച്ചത്. സ്നോഡന്റെ ഭാര്യ ലിൻസെ മിൽസും നേരത്തെ റഷ്യൻ പൗരത്വത്തിന് അപേക്ഷിച്ചിരുന്നു.

അമേരിക്ക ലോകമാകെ സൈബർ ചാരവൃത്തി നടത്തുന്നുവെന്ന വെളിപ്പെടുത്തൽ നടത്തിയ സ്‌നോഡൻ 2013ലാണ് റഷ്യയിലെത്തിയത്. എന്‍എസ്എ ഏജന്റുമാര്‍ യുഎസ് പൗരന്മാര്‍ക്കെതിരെ വ്യാപകമായ നിരീക്ഷണം നടത്തുന്നുണ്ടെന്നത് വെളിപ്പെടുത്തുന്ന വിവരങ്ങളാണ് സ്നോഡൻ പുറത്തുവിട്ടത്. യുഎസ് ഇന്റലിജൻസ് ഏജൻസിയെ ഞെട്ടിച്ച സ്നോഡനെതിരെ ചാരവൃത്തിക്ക് വിചാരണ ചെയ്യാൻ അന്നുമുതൽ യുഎസ് ശ്രമിച്ചുവരികയാണ്.

യുഎസിൽ തിരിച്ചെത്തി വിചാരണ നേരിടണമെന്ന് അധികൃതർ അന്നുമുതൽ സ്നോഡനോട് ആവശ്യപ്പെട്ടിരുന്നു. സ്നോഡൻ പുറത്തുവിട്ട വിവരങ്ങൾ ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്നാണ് യുഎസ് പറഞ്ഞത്. എന്നാൽ യുഎസിലേക്ക് തിരികെപോകാൻ സ്നോഡൻ തയാറായില്ല. ഇതിനിടെ അദ്ദേഹത്തിന് മാപ്പ് നല്‍കാനുള്ള ശ്രമം യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.

പിന്നീട് പ്രസിഡന്റായ ഡോണൾഡ് ട്രംപും സ്നോഡന് മാപ്പു നൽകുന്നത് പരിഗണിക്കുമെന്നു പറഞ്ഞിരുന്നു. എന്നാൽ ട്രംപിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്ത സ്നോഡൻ, താൻ ചെയ്തതു പൊതുസേവനം ആണെന്നാണ് അന്ന് പ്രതികരിച്ചത്. മാപ്പു നൽകിയാൽ പോരാ, അദ്ദേഹത്തിനെതിരെ ചുമത്തിയ എല്ലാ കേസുകളും പിൻവലിക്കണമെന്നാണ് ട്രംപിന്റെ പ്രസ്താവനയ്ക്കു മറുപടിയായി സ്നോഡന്റെ റഷ്യയിലെ അഭിഭാഷകൻ അനാട്ടോലി കുച്ചെറിന ആവശ്യപ്പെട്ടത്.

റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനിടെ സ്നോഡന് പൗരത്വം അനുവദിച്ച പുട്ടിന്റെ നിലപാടിൽ സമിശ്രപ്രതികരണമാണ് സമൂഹമാധ്യമങ്ങളിലുള്ളത്. പൗരന്മാർ നിർബന്ധിത സൈനിക സേവനം നൽകേണ്ടതിനാൽ സ്നോഡനെ അടുത്തുതന്നെ റഷ്യൻ സേനയിൽ കാണാമെന്ന കമന്റുകളും ഇതിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week