ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ സൂപ്പര്‍ ഫോറില്‍. ഗ്രൂപ്പ് എയില്‍ രണ്ടാം മത്സരത്തില്‍ ഹോങ്കോങ്ങിനെ 40 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ സൂപ്പര്‍ ഫോറിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സൂര്യകുമാര്‍ യാദവ് (26 പന്തില്‍ 68), വിരാട് കോലി (44 പന്തില്‍ 59) എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 192 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ ഹോങ്കോങ്ങിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനാണ് സാധിച്ചത്. ആദ്യ മത്സരത്തില്‍ ടീം പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.
മോശം തുടക്കമാണ് ഹോങ്കോങ്ങിന് ലഭിച്ചത്. രണ്ടാം ഓവറില്‍ നിസാഖത് ഖാന്‍ (10) റണ്ണൗട്ടായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ ടീമിന് വിക്കറ്റ് നഷ്ടമായി കൊണ്ടിരുന്നു. ബാബര്‍ ഹയാത് (41) മാത്രമാണ് ചെറുത്തുനിന്നത്. കിഞ്ചിത് ഷാ (30) റണ്‍സെടുത്തു. യാസിം മുര്‍താസ (9), ഐസാസ് ഖാന്‍ (14) എന്നിവരുടെ വിക്കറ്റുകളും ഹോങ്കോങ്ങിന് നഷ്ടമായി. സീഷന്‍ അലി (26), സ്‌കോട്ട് മെക്കന്‍സി (16) എന്നിവര്‍ പുറത്താവാതെ സ്‌കോര്‍ 150 കടത്തി. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, രവീന്ദ്ര ജഡേജ, ആവേഷ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ദുര്‍ബലരായ എതിരാളികള്‍ക്കെതിരെയും വെടിക്കെട്ട് തുടക്കമിടാനായില്ല. ഹാരൂണ്‍ അര്‍ഷാദ് എറിഞ്ഞ പവര്‍ പ്ലേയിലെ മൂന്നാം ഓവറില്‍ 22 റണ്‍സടിച്ച് ടോപ് ഗിയറിലായെന്ന് തോന്നിച്ചെങ്കിലും അഞ്ചാം ഓവറില്‍ ബൗണ്ടറി നേടിയതിന് പിന്നാലെ രോഹിത് മടങ്ങിയതോടെ ഇന്ത്യ പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സ് മാത്രമാണെടുത്തത്. 13 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും പറത്തിയാണ് രോഹിത് 21 റണ്‍സെടുത്തത്.
രോഹിത് മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ കോലിയും രാഹുലും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയെങ്കിലും റണ്‍നിരക്ക് കുത്തനെ ഇടിഞ്ഞു. പത്താം ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 70 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു. പതിമൂന്നാം ഓവറില്‍ 85 റണ്‍സിലെത്തിയെങ്കിലും രാഹുലിന്റെ മെല്ലെപ്പോക്ക് കോലിയെയും സമ്മര്‍ദ്ദത്തിലാക്കി. ഒടുവില്‍ 36 പന്തില്‍ 39 റണ്‍സെടുത്ത് രാഹുല്‍ മടങ്ങി.
ക്രീസിലെത്തിയപാടെ അടി തുടങ്ങിയ സൂര്യകുമാറാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് ഗതിവേഗം നല്‍കിയത്. നേരിട്ട ആദ്യ രണ്ട് പന്തും ബൗണ്ടറി കടത്തി സൂര്യ വെടിക്കെട്ട് തുടങ്ങിയപ്പോള്‍ കോലി നല്ല പിന്തുണക്കാരനായി. ഇടക്കിടെ ബൗണ്ടറികള്‍ നേടി കോലി 40 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. ആയുഷ് ശുക്ല എറിഞ്ഞ പതിനെട്ടാം ഓവറില്‍ 17 റണ്‍സടിച്ച ഇന്ത്യ എഹ്‌സാന്‍ ഖാന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 13 റണ്‍സടിച്ചു. ഹാരൂണ്‍ അര്‍ഷാദ് എറിഞ്ഞ അവസാന ഓവറില്‍ നാലു സിക്‌സ് അടക്കം 26 റണ്‍സടിച്ച ഇന്ത്യ അവസാന മൂന്നോവറില്‍ 56 റണ്‍സടിച്ചാണ് കൂറ്റന്‍ സ്‌കോര്‍ ഉറപ്പാക്കിയത്.
അവസാന ഓവറില്‍ 22 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സൂര്യ രണ്ട് സിക്‌സ് കൂടി പറത്തി 26 പന്തില്‍ 68 റണ്‍സുമായി ടോപ് സ്‌കോററായി. ആറ് സിക്‌സും ആറ് ഫോറും അടങ്ങുന്നതാണ് സൂര്യയുടെ ഇന്നിംഗ്‌സ്. 44 പന്തില്‍ 59 റണ്‍സെടുത്ത വിരാട് കോലി മൂന്ന് സിക്‌സും ഒരു ഫോറും പറത്തി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഏഴോവറില്‍ 98 റണ്‍സാണ് കൂട്ടിച്ചേര്‍ത്ത്.