കോട്ടയം പാമ്ബാടിയില്‍ വൈദികന്‍റെ വീട്ടില്‍ നടന്ന മോഷണത്തില്‍ അതിവിദഗ്ധമായിട്ടാണ് പൊലീസ് മകന്‍ ഷൈനോ നൈനാനിലേക്ക് എത്തിയത്.
പൊലീസ് നായ മണം പിടിക്കാതിരിക്കാന്‍ അടുക്കളയിലും ഹാളിലുമായി മുളകുപൊടി വിതറിയിരുന്നു. പൊലീസിന്റെ പരിശോധനാ സമയത്തും മാധ്യമങ്ങളുടെ ക്യാമറയ്ക്ക് മുന്നിലും ഒരു ഭാവ വ്യത്യാസവും കൂടാതെ നില്‍ക്കാന്‍ ഷൈനോ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
വൈദികനായ ഫാ.ജേക്കബ് നൈനാന്റെ വീട്ടില്‍ നിന്ന് 48 പവന്‍ സ്വര്‍ണവും 80000 രൂപയും ചൊവ്വാഴ്ചയാണ് മോഷണം പോയത്. പാമ്ബാടി പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിടിക്കപ്പെടില്ല എന്ന ആത്മവിശ്വാസത്തില്‍ അതിവിദഗ്ധമായിട്ടാണ് ഷൈനോ മോഷണം നടത്തിയത്. വീട്ടില്‍ മുളക് പൊടി വിതറി പൊലീസ് നായയെ വഴിതെറ്റിക്കാനുള്ള ദീര്‍ഘവീക്ഷണം വരെ മോഷണത്തില്‍ കണ്ടു. എന്നാല്‍ പൊലീസ് ബുദ്ധിക്ക് മുന്നില്‍ ഷൈനോയ്ക്ക് പിടിച്ചു നില്‍ക്കാനായില്ല. മോഷണ സമയത്ത് ഒരു മണിക്കൂറോളം ഷൈനോയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായത് മുതല്‍ മുളക് പൊടിയുടെ കവറിലെ തിയ്യതി വരെ പൊലീസ് അന്വേഷണത്തില്‍ നിര്‍ണായക ഘടകമായി.
മോഷ്ടിച്ച പണം വീടിന് സമീപത്തെ കടയില്‍ ഒളിപ്പിച്ച ശേഷം സ്വര്‍ണം റബ്ബര്‍തോട്ടത്തില്‍ കുഴിച്ചിട്ടു. തെളിവെടുപ്പിനിടെ ഷൈനോ തന്നെ ഇത് പോലീസിന് എടുത്ത് നല്‍കി. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആദ്യം മുതലെ വീടുമായി അടുപ്പം പുലര്‍ത്തിയവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പൊതുവെ സൗമ്യ സ്വഭാവക്കാരനായ ഷൈനോയാണ് മോഷ്ടാവ് എന്നത് നാട്ടുകാര്‍ക്കും വിശ്വസിക്കാനായില്ല. സാമ്ബത്തിക ബാധ്യതയാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്നാണ് ഷൈനോ പൊലീസിനു നല്‍കിയ മൊഴി.