തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ഭീഷണി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. 9 ജില്ലകളിൽ സമ്പൂർണ അവധി പ്രഖ്യാപിച്ചപ്പോൾ ചില ജില്ലകളിൽ താലുക്ക് അടിസ്ഥാനത്തിലാണ് അവധി നൽകിയിട്ടുള്ളത്. ആലപ്പുഴ , പത്തനംതിട്ട , കോട്ടയം , ഇടുക്കി , എറണാകുളം , തൃശൂർ , പാലക്കാട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നിലവിൽ സമ്പൂർണ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
ഈ ജില്ലകളിൽ അതിതീവ്ര മഴ തുടരുമെന്ന കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മലപ്പുറം, കാസർകോട് ജില്ലകളിലെ ചില താലുക്കുകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് ഒരു തരത്തിലുമുള്ള അവധി പ്രഖ്യാപിച്ചിട്ടില്ലാത്തത്. മലപ്പുറം ജില്ലയിൽ സമ്പൂർണ അവധി പ്രഖ്യാപിച്ചതായുള്ള പ്രചാരണം വ്യാജമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ആലപ്പുഴ കളക്ടറുടെ അറിയിപ്പ്
ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി ആയിരിക്കും.
പത്തനംതിട്ട കളക്ടറുടെ അറിയിപ്പ്
അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് നിലനിൽക്കുകയും ശക്തമായ മഴ പെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി ആയിരിക്കും. എന്നാൽ, മുൻ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ലെന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
കോട്ടയം കളക്ടറുടെ അറിയിപ്പ്
കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും.
ഇടുക്കി കളക്ടറുടെ അറിയിപ്പ്
ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല. എന്നാൽ അവധി മൂലം വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.
എറണാകുളം കളക്ടറുടെ അറിയിപ്പ്
എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശൂർ കളക്ടറുടെ അറിയിപ്പ്
മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ അങ്കണവാടികൾ അടക്കം നഴ്‌സറി തലം മുതൽ പ്രൊഫഷനൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കും. പരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
പാലക്കാട് കളക്ടറുടെ അറിയിപ്പ്
പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. ജില്ലയിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളുടെ പ്രവർത്തനങ്ങൾക്കും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ലെന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
വയനാട് കളക്ടറുടെ അറിയിപ്പ്
വയനാട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി ആയിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ലെന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
കണ്ണൂർ കളക്ടറുടെ അറിയിപ്പ്
കണ്ണൂർ ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് അവധി ബാധകമല്ലെന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
മലപ്പുറം കളക്ടറുടെ അറിയിപ്പ്
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നിലമ്പൂർ, ഏറനാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ, അംഗൻവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കളക്ടർ വി ആർ പ്രേംകുമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമില്ല. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
കാസർകോട് കളക്ടറുടെ അറിയിപ്പ്
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ ഹൊസ്ദൂർഗ്, വെളളരിക്കുണ്ട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ഇന്ന് അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അറിയിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശം നൽകി.