തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 30 വയസുകാരനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. യുവാവ് മലപ്പുറത്ത് ചികിത്സയിലാണ്. ജൂലൈ 27ന് യു എ.ഇയില്‍ നിന്നാണ് ഇദ്ദേഹം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിയത്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ള അമ്മ, അച്ഛന്‍, രണ്ട് സുഹൃത്തുക്കള്‍ എന്നിവരെ നിരീക്ഷണത്തിലാക്കി. സംസ്ഥാനത്ത് ഇതോടെ 5 പേര്‍ക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ആദ്യ രോഗിയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി.
തൃശൂരില്‍ യു എ ഇയിൽ നിന്നെത്തിയ യുവാവിന്‍റെ മരണം മങ്കിപോക്സെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന 20 പേർക്കും നിലവിൽ രോഗ ലക്ഷണങ്ങളില്ല. ഇവരെ നിരീക്ഷിക്കാൻ ആശാ വർക്കർമാരുടെയും, തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടേയുംപ്രത്യേക ടീം തയ്യാറാക്കിയിട്ടുണ്ട്.
ഹഫീസിന്‍റെ വീടിരിക്കുന്ന പുന്നയൂർ പഞ്ചായത്തിലെ കുരഞ്ഞിയൂർ വാർഡിലും ആറാം വാർഡിലുമാണ് ജാഗ്രത നിർദേശം. സന്പർക്കത്തിലേർപ്പെട്ടവർ മങ്കിപോക്സിന്‍റെ ലക്ഷണങ്ങൾ കാണിക്കുന്നെങ്കിൽ
ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
അതേസമയം മങ്കിപോക്സ് ഫലം പോസിറ്റീവാണെന്ന് അറിഞ്ഞിട്ടും കുടുംബം മറച്ചുവച്ച സംഭവത്തിൽ ആരോഗ്യവകുപ്പിന്‍റെ ഉന്നതതല അന്വേഷണം തുടരുകയാണ്. കഴിഞ്ഞ 22 ന് പുലര്‍ച്ചെ കരിപ്പൂരില്‍ വിമാനമിറങ്ങിയ യുവാവ് വീട്ടിലെത്തിയെങ്കിലും 27 നാണ് ചികിത്സ തേടിയത്. മുപ്പതിന് പുലര്‍ച്ചെ മരിച്ചതോടെ ശ്രവം ആലപ്പുഴയിലേക്കും പിന്നീട് പൂനെയിലെ വൈറോളജി ലാബിലേക്കും അയക്കുകയായിരുന്നു.
രാജ്യത്ത് കേരളത്തിലാണ് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്ന് വന്ന കൊല്ലം സ്വദേശിയായ 35 കാരനാണ് ആദ്യം രോഗം സ്ഥീരികരിച്ചത്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാജ്യത്തെ ആദ്യ കേസായതിനാല്‍ എന്‍ഐവിയുടെ നിര്‍ദേശപ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായതോടെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. അതേസമയം രാജ്യത്തെ മങ്കി പോക്‌സ് വ്യാപനം നിരീക്ഷിക്കാൻ ദൗത്യസംഘത്തെ കേന്ദ്ര സർക്കാർ നിയോഗിച്ചു. നിതി ആയോഗ് അംഗം വി കെ പോൾ പ്രത്യേക സംഘത്തെ നയിക്കും.
ദില്ലിയിൽ ഒരാൾക്ക് കൂടി മങ്കി പോക്‌സ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് മങ്കി പോക്‌സ് ബാധിച്ചവരുടെ എണ്ണം ആറായി. കേരളത്തിൽ മങ്കി പോക്‌സ് മൂലം മരിച്ചയാൾ ഉൾപ്പടെ ആണ് ആറു പേർ. ദില്ലിയിൽ ഒടുവിൽ രോഗം സ്ഥിരീകരിച്ചയാളും വിദേശ യാത്ര നടത്തിയിട്ടില്ല എന്നത് ആശങ്കയാകുന്നുണ്ട്. മങ്കി പോക്‌സിനായി നിയോഗിച്ച ദൗത്യ സംഘം കേരളത്തിലേതുൾപ്പടെ സ്ഥിതി പഠിച്ച ശേഷമാകും ആരോഗ്യ മന്ത്രാലയം തുടർ നടപടികൾ സ്വീകരിക്കുക.