ന്യൂഡൽഹി ∙ ആൺകുട്ടിയെ പ്രസവിക്കാത്തതിന് അമ്മയെ ചുട്ടുകൊന്ന അച്ഛന് ആറു വർഷം നീണ്ട നിയമപോരാട്ടത്തിലൂടെ ജീവപര്യന്തം ശിക്ഷ ‘വാങ്ങിക്കൊടുത്ത്’ രണ്ടു പെൺമക്കൾ. ഉത്തർപ്രദേശ് സ്വദേശി മനോജ് ബൻസാലിനെയാണ് (48) ഭാര്യ അനു ബൻസാലിനെ കൊലപ്പെടുത്തിയ കേസിൽ ബുലന്ദ്ഷറിലെ ഒരു കോടതി ശിക്ഷിച്ചത്
2016 ജൂൺ 14നാണ് മനോജും സംഘവും അനുവിനെ ജീവനോടെ ചുട്ടുകരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂൺ 20ന് മരണത്തിനു കീഴടങ്ങി.
ആറു വർഷം നീണ്ട നിയമ പോരാട്ടത്തിലൂടെ അച്ഛന് ശിക്ഷ വാങ്ങിക്കൊടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മക്കളായ ടാനിയ ബൻസാലും (18) ലതിക ബൻസാലും (20) പ്രതികരിച്ചു. അനുവിന്റെ അമ്മയാണ് മനോജിനെതിരെ കേസ് ഫയൽ ചെയ്തത്. കേസിൽ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ടാനിയയും ലതികയും അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനു കത്തെഴുതിയിരുന്നു.
‘‘ആൺകുട്ടിയെ പ്രസവിച്ചില്ലെന്നു പറഞ്ഞ് അച്ഛനാണ് അമ്മയെ കൊലപ്പെടുത്തിയത്. വളരെ ബുദ്ധിമുട്ടിയാണ് അമ്മ ഞങ്ങളെ വളർത്തിയത്. എന്നിട്ടും അച്ഛൻ ജീവനോടെ അമ്മയെ ചുട്ടുകൊന്നു. ഞങ്ങൾക്ക് അയാൾ വെറും ചെകുത്താൻ മാത്രമാണ്. ആറു വർഷം നിയമപോരാട്ടം വേണ്ടിവന്നെങ്കിലും അയാൾക്കു ശിക്ഷ കിട്ടിയത് അൽപം ആശ്വാസം നൽകുന്നു. അച്ഛനും മറ്റാളുകളും ചേർന്ന് അമ്മയെ ചുട്ടുകൊല്ലുമ്പോൾ ഞങ്ങളെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. അമ്മയെ അവർ കൊല്ലുന്നതിന് ഞങ്ങൾ സാക്ഷികളാണ്’’ – ടാനിയയും ലതികയും പറഞ്ഞു.
2000 ലാണ് മനോജ് ബൻസാൽ അനുവിനെ വിവാഹം ചെയ്തത്. രണ്ടു പെൺമക്കൾ ജനിച്ച ശേഷം ആൺകുട്ടിക്കായി ആഗ്രഹിച്ച് അനു ബൻസാൽ അഞ്ചു തവണ കൂടി ഗർഭിണിയായി. ലിംഗനിർണയ പരിശോധനയിൽ പെൺകുട്ടിയാണെന്നു കണ്ടതോടെ അഞ്ചു തവണയും ഗർഭച്ഛിദ്രം നടത്തി. ആൺകുട്ടിക്ക് ജന്മം നൽകാത്തതിന്റെ പേരിൽ മനോജും കുടുംബവും അനുവിനെ സ്ഥിരമായി ആക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തിരുന്നതായും പറയുന്നു.