കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസ് അവസാന ഘട്ടത്തിലേയ്ക്ക് എത്തി നില്‍ക്കുകയാണ്. ഓരോ മലയാളികളും കേസിന്റെ പുരോഗതിയെ കുറിച്ചറിയാന്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. നടന്‍ ദിലീപ് അറസ്റ്റിലായതോടെയാണ് കേസിന് വന്‍ വഴിത്തിരിവുണ്ടായത്.
മലയാള സിനിമാ രംഗത്തെ കരുത്തനായ ദിലീപിന് സിനിമയില്‍ നിന്നും വലിയ പിന്തുണ ഒരു ഘട്ടത്തില്‍ ലഭിച്ചിരുന്നു. ഇപ്പോഴും ദിലീപിനെ പരസ്യമായി പിന്തുണയ്ക്കുന്ന താരങ്ങളുണ്ട്. കേസിന്റെ വിചാരണ വീണ്ടും പുനരാരംഭിക്കാനിരിക്കുകയാണ്. അതിനിടെ കേസുമായി ബന്ധപ്പെട്ട് നടി ഗീതാ വിജയന്‍ ഒരു ചാനലിന് നൽകിയ പ്രതികരണം ചര്‍ച്ചയാവുകയാണ്.
ഗീതാ വിജയന്റെ വാക്കുകള്‍ ഇങ്ങനെ:
”ദിലീപുമായി വലിയ ബന്ധം തനിക്കില്ല. കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം എന്ന ഒരു പടം തങ്ങള്‍ ഒരുമിച്ച് ചെയ്തു. ആ സിനിമയില്‍ ആദ്യത്തെ കാമുകി താനായിരുന്നു. പിന്നെ താന്‍ ദിലീപുമായി സംസാരിക്കുന്നത് വെട്ടം സിനിമയ്ക്കിടെയാണ്. അപ്പോള്‍ ഹലോ, ഹായ് പറയും”.
”പിന്നെ അമ്മ യോഗത്തിന് വരുമ്പോള്‍ താന്‍ കണ്ടില്ലെങ്കിലും ഇങ്ങോട്ട് വന്ന് തട്ടി ഹായ് ഗീതാ സുഖം തന്നെ അല്ലേ എന്ന് ചോദിക്കും. ദിലീപുമായി ഇത്രയുമാണ് തനിക്കുളള അടുപ്പം. തനിക്ക് അറിയുന്ന ദിലീപ് ഇതാണ്. പക്ഷേ പലതും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ഇരയായ പെണ്‍കുട്ടിയും ദിലീപുമൊക്കെ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു”.
അവരുടെ വലിയൊരു ഗ്യാംങ് തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് വിശ്വസിക്കണോ വിശ്വസിക്കാതിരിക്കണോ എന്ന് തനിക്ക് സത്യമായും അറിയില്ല. കാരണം അവര്‍ അത്രയും വലിയ സുഹൃത്തുക്കളുടെ ഗ്യാംങ് ആയിരുന്നു. ദിലീപ് അങ്ങനെ ചെയ്യുമോ.. തനിക്ക് അറിയില്ല. സേഫ് സോണില്‍ നില്‍ക്കാനല്ല ഇത് പറയുന്നത്. തനിക്ക് അറിയില്ല”.
”ഇനി ഇങ്ങനെയൊന്നും ആര്‍ക്കും നടക്കാതിരിക്കട്ടെ. അത് ശരിയല്ല. ആ കുട്ടി പറയുന്നത് പോലെയാണ് സംഭവിച്ചിരിക്കുന്നത് എങ്കില്‍ അത് വളരെ വേദനിപ്പിക്കുന്നതാണ്. ദിലീപ് ആരോപണ വിധേയന്‍ മാത്രമാണ്. വിധിയൊന്നും വന്നിട്ടില്ലല്ലോ. ഒരു വശത്ത് നോക്കുമ്പോള്‍ ഇരയോട് സഹതാപമുണ്ട്. എന്നാല്‍ മറുവശത്ത് നോക്കുമ്പോഴും, അത് പറയാനാകില്ല”, ഗീതാ വിജയന്‍ പറഞ്ഞു.
സിനിമയിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് നിരവധി നടിമാർ വെളിപ്പെടുത്തിയിട്ടുണ്ട്. ആവശ്യങ്ങൾക്ക് വഴങ്ങാതെ വരുമ്പോൾ സിനിമ വരെ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും നടിമാർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ തനിക്കും അത്തരത്തിൽ മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് നടി ഗീതാ വിജയൻ. ഒരു സംവിധായകനിൽ നിന്നാണ് ദുരനുഭാവം ഉണ്ടായതെന്ന് അവർ പറയുന്നു. ചിലരുടെ ആവശ്യങ്ങളോട് ‘നോ’പറഞ്ഞതിന് തനിക്ക് നിരവധി സിനിമകൾ നഷ്ടമായിട്ടുണ്ടെന്നുംഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗീതാ വിജയൻ പറഞ്ഞു. നടിയുടെ വാക്കുകളിലേക്ക്:
‘മീടു പോലുള്ള സംഭവങ്ങൾ നിരവധി മേഖലകളിൽ ഉണ്ട്. സിനിമയും സിനിമാ പ്രവർത്തകരും സെലിബ്രിറ്റികൾ ആയത് കൊണ്ടാണ് സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ചയാകുന്നത്. സിനിമയിൽ എനിക്കും ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രതികരിച്ചതിൻറെ പേരിൽ പല പ്രൊജക്ടുകളും നഷ്ടമായിട്ടുണ്ട്’.
മോശമായി ആരെങ്കിലും പെരുമാറിയിൽ ഉടൻ ഞാൻ പ്രൊഡ്യൂസറെ അറിയിക്കും. അല്ലേങ്കിൽ പ്രൊഡക്ഷൻ കൺട്രോളറോട് കാര്യം പറയും. ചിലപ്പോൾ അവർക്ക് പ്രശ്നം പരിഹരിക്കാൻ സാധിച്ചെന്ന് വരില്ല. തീർച്ചയായും ചില സമ്മർദ്ദങ്ങൾ ഉണ്ടാവുമല്ലോ.അത്തരമൊരു സാഹചര്യം വരുമ്പോൾ ആ പ്രൊജക്ടിൽ നിന്ന് ഞാൻ തന്നെ സ്വയം പുറത്ത് പോകും’ഇത്തരം ദുരനുഭവങ്ങൾ മനസിൽ വെച്ച് നിൽക്കാറില്ല.ഏതോ ഒരുത്തൻ മോശമായി പെരുമാറിയതിന് താൻ എന്തിന് വിഷമിക്കണം.പക്ഷേ ഓർമ്മയിൽ നിരവധി കാര്യങ്ങളുണ്ട്.നടിമാരോട് മോശമായി പെരുമാറുന്ന സംഭവങ്ങൾ തനിക്ക് നേരിടേണ്ടി വന്നിട്ടില്ലാ എന്നൊക്കെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് ശുദ്ധ നുണയാണ്’.
ആദ്യ സിനിമയിൽ ഒക്കെ അഭിനയിക്കുമ്പോൾ വളരെ സുരക്ഷിത ബോധത്തോടെ വന്നായാളാണ് ഞാൻ. 1992ൽ ഒരു സിനിമ ചെയ്യുമ്പോൾ ആ ചിത്രത്തിന്റെ പ്രധാനിയായ സംവിധായകനിൽ നിന്നാണ് മോശം അനുഭവം ഉണ്ടായത്.’അയാൾക്ക് അന്ന് വല്യ റെപ്യൂട്ടേഷനൊന്നും ഇല്ല. പക്ഷേ നല്ല സംവിധായകനായിരുന്നു.അന്നത്തെ മിക്ക നടിമാരും അയാളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. നിരവധി നല്ല സിനിമകൾ അയാൾ ചെയ്തിട്ടുണ്ട്’.’
എന്നോട് ഒരു തരത്തിൽ പെരുമാറുന്നു. കാര്യം നടക്കാതെ വന്നപ്പോൾ സെറ്റിലൊക്കെ ആവശ്യമില്ലാതെ എന്നെ ചീത്ത പറയും. ചിലർ അങ്ങനെയാണ് കാര്യം നടക്കാതിരിക്കുമ്പോൾ എല്ലാവരുടേയും മുന്നിൽ വെച്ച് ഇൻസൾട്ട് ചെയ്യുന്നതാണ് അവരുടെ രീതി’.’ഒരിക്കലും അങ്ങനെ ചെയ്യരുത്.സിനിമ എന്നത് നമ്മുടെ അന്നമാണ്. ഇത് തുടർന്നപ്പോൾ ഞാൻ ‘നോ’ പറഞ്ഞു.
ഇങ്ങനെയാണെങ്കിൽ ഞാൻ ഈ പ്രൊജക്ട് വിടുകയാണെന്ന് പറഞ്ഞു. ആ സിനിമയുടെ ആദ്യ ദിവസത്തെ ഷൂട്ടിംഗ് സമയത്താണ് ഞാൻ ഇത് പറയുന്നത്. പ്രൊഡ്യൂസറും ഡിസ്ട്രിബ്യൂട്ടറും അവിടെ ഉണ്ടായിരുന്നു. അവർ വളരെ സൗഹൃദപരമായാണ് പെരുമാറിയത്”അവരോടെനിക്ക് കാര്യങ്ങൾ തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യം ഉണ്ടെന്ന് അവരെ ഞാൻ അറിയിച്ചു.എനിക്ക് തുടരാൻ താത്പര്യമില്ലെന്നും ക്ഷമിക്കണമെന്നും ഞാൻ പറഞ്ഞു.ഞങ്ങൾ പ്രശ്നം പരിഹരിക്കാം ഗീത ബുദ്ധിമുട്ടേണ്ടെന്ന് പറഞ്ഞ് അവർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്’.
‘അയാൾ എന്നെ ചീത്ത പറയുന്നുണ്ടായിരുന്നു. പക്ഷേ അയാളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തവരോടാണ് അയാൾ അത്തരത്തിൽ പെരുമാറുകയെന്ന് എല്ലാവർക്കും അറിയാമായിരുന്നു. ഇത്തരത്തിൽ ഉള്ള ദുരനുഭവങ്ങളോട് പ്രതികരിച്ചതിന്റെ പേരിൽ തനിക്ക് ഒരു വർഷം നാലഞ്ച് സിനിമകൾ നഷ്ടപ്പെട്ടിട്ടുമുണ്ട്’, ഗീതാ വിജയൻ പറഞ്ഞു.