24.6 C
Kottayam
Monday, May 20, 2024

ആഴിമലയിലെ കിരൺ കുമാറിന്റെ മരണം:പെൺ സുഹൃത്തിന്റെ സഹോദരൻ അറസ്റ്റിൽ

Must read

തിരുവനന്തപുരം : ആഴിമലയിലെ കിരൺ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് പെൺ സുഹൃത്തിന്റെ സഹോദരൻ അറസ്റ്റിൽ. കിരൺ കുമാറിനെ തട്ടിക്കൊണ്ട് പോയ കേസിലെ  രണ്ടാം പ്രതിയായ സജിത് കുമാറാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇന്നലെ പെൺകുട്ടിയുടെ സഹോദരിയുടെ ഭർത്താവ് രാജേഷും അറസ്റ്റിലായിരുന്നു. ഇരുവരേയും ഇന്ന് കോടതിയിൽ ഹാജരാക്കും. തട്ടിക്കൊണ്ടു പോയതിന് 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരുടേയും സുഹൃത്ത് അരുണിനെയാണ് ഇനി പിടികൂടാനുള്ളത്. 

തമിഴ്നാട്ടിലെ കുളച്ചൽ തീരത്ത് കണ്ടെത്തിയ മൃതദേഹം തിരുവനന്തപുരം ആഴിമലയിൽ നിന്ന് കാണാതായ കിരണിന്റേത് തന്നെയാണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. രാജീവ്ഗാന്ധി ബയോടെക്നാളജി സെന്റിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കഴിഞ്ഞ പതിന‌ഞ്ചാം തീയതിയാണ് തമിഴ്നാട്ടിലെ കുളച്ചൽ തീരത്ത് 25 നും 30 നും ഇടയിൽ പ്രായം മതിക്കുന്ന പുരുഷന്റെ മൃതദേഹം അഴുകിയ നിലയിൽ അടി‌ഞ്ഞത്. സമീപത്ത് പ്രദേശങ്ങളിൽ നിന്ന് അടുത്ത കാലത്ത് കാണാതായവരിൽ ആ പ്രായത്തിൽ ഉള്ള ആരും ഇല്ലാത്തിനാലാണ് കേരള പൊലീസിനെ അറിയിച്ചത്. 

കേരള പൊലീസിന് ഒപ്പം ചെന്ന കിരണിന്റെ അച്ഛനടക്കമുള്ള ബന്ധുകൾ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹത്തിന്റെ കൈകാലുകളിലെ മറുകും കൈത്തണ്ടയിലെ ചരടും കിരണിന്റേതിന് സമാനമായിരുന്നു. തുട‍ന്ന് കിരണിന്റെ അമ്മയുടേയും അച്ഛന്റേയും രക്ത സാമ്പിളുകൾ ശേഖരിച്ച് ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. ഒടുവിൽ മൃതദേഹം കിരണിന്റേത് തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ പെൺകുട്ടിയെ കാണാൻ മൊട്ടമൂട് സ്വദേശി കിരണും സുഹൃത്തുക്കളും മൂന്നാഴ്ച മുന്പ് ആഴിമലയിൽ എത്തിയത്. മടങ്ങുന്നതിനിടെ കിരണിനെയും സുഹൃത്തുക്കളെയും പെൺകുട്ടിയുടെ സഹോദരനും രണ്ടു ബന്ധുക്കളും ചേർന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

കിരണിനെ ബൈക്കിലും സുഹൃത്തുക്കളെ കാറിലും കയറ്റി ആഴിമല ഭാഗത്തേക്ക് കൊണ്ടുപോയി. പെൺകുട്ടിയുടെ സഹോദരി ഭർത്താവ് രാജേഷിന്റെ ബൈക്കിലാണ്  കിരണിനെ കൊണ്ടുപോയത്.  പിന്നീട്  ഇറക്കിവിട്ടെന്നാണ് പ്രതികളുടെ വാദം. പക്ഷേ  പിന്നീട് ആ യുവാവിനെ ആരും ജീവനോടെ കണ്ടിട്ടില്ല.

ആകെ ലഭിച്ചത് പരിഭ്രാന്തനായി എങ്ങോട്ടോ ഓടിപ്പോകുന്ന കിരണിന്റെ സിസിടിവി ദൃശ്യം മാത്രമാണ്. ആഴിമലയിലെ ഒരു ആയൂർവ്വേദ റിസോർട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇതിൽ കിരൺ കടൽതീരത്തേക്ക് ഓടുന്ന ദൃശ്യങ്ങളാണുള്ളത്. പക്ഷെ ആരും പിന്തുടരുന്നതായി ദൃശ്യങ്ങളിലില്ല. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week