അഹമ്മദാബാദ്: ഗുജറാത്തിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അതിശക്തമായ മഴയാണ് സംസ്ഥാനത്ത് പെയ്‌തത്. കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഇതുവരെ 61 പേർക്കാണ് ജീവൻ നഷ്‌ടമായത്.
മഴയ്ക്ക് പിന്നാലെ ഗുജറാത്തിലെ നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. ആളുകളെ രക്ഷിക്കാൻ എൻ.ഡി.ആർ.എഫ് സംഘങ്ങൾ രംഗത്തുണ്ട്. ആറായിരത്തിലധികം ആളുകളെ ഇതുവരെ ഒഴിപ്പിച്ചു. കൂടുതൽ പേരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
അവശ്യവസ്തുക്കൾ പോലും വാങ്ങാനാകാതെ ജനങ്ങൾ കഷ്‌ടപ്പെടുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിലും ശക്‌തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.
വ്യാപകമായ മഴയെ തുടർന്ന് സംസ്ഥാന പാതകളും പഞ്ചായത്ത് റോഡുകളും ഉൾപ്പെടെ 388 റോഡുകൾ അടച്ചിരിക്കുകയാണ്. കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ പതിമൂന്ന് അണക്കെട്ടുകളിൽ അതീവ ജാഗ്രതാ നിർദ്ദേശവും എട്ടെണ്ണത്തിൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
ചില പ്രദേശങ്ങളിൽ കെട്ടിടങ്ങളുടെ താഴത്തെ നിലകൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. ഞായറാഴ്ച രാത്രി നിരവധി ആളുകൾ ടെറസിന് മുകളിലാണ് അഭയം തേടിയത്. ഇന്ന് നഗരത്തിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധിയായിരുന്നു.
അതേസമയം, പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ഗുജറാത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായം വാഗ്ദ്ധാനം ചെയ്‌തു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി മോദി, വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കേന്ദ്രത്തിൽ നിന്ന് പൂർണ സഹകരണം ഉണ്ടാകുമെന്ന് ഉറപ്പ് നൽകി.