തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആര്‍.എസ്.എസ്സിന്റെ നോട്ടീസ്. സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പരാമര്‍ശം ഗോള്‍വാള്‍ക്കറുടെ പുസ്തകത്തിലേതെന്ന സതീശന്റെ പ്രസ്താവനയ്ക്കെതിരേ നിയമനടപടിയിലേക്ക് കടക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള നോട്ടീസാണ് അയച്ചിരിക്കുന്നത്.
സജി ചെറിയാന്‍ പറഞ്ഞ വാചകങ്ങള്‍ ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്സ് എന്ന പുസ്തകത്തില്‍ എവിടെ ആണെന്ന് സതീശന്‍ വ്യക്തമാക്കണം, അത് വ്യക്തമാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ സതീശന്‍ പ്രസ്താവന പിന്‍വലിച്ച് മറ്റൊരു പ്രസ്താവന നടത്തണം തുടങ്ങിയ ആവശ്യങ്ങള്‍ നോട്ടീസില്‍ ആര്‍.എസ്.എസ്. ആവശ്യപ്പെടുന്നുണ്ട്. ഈ രണ്ടുകാര്യങ്ങളും നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനകം നടപ്പാകാത്തപക്ഷം നിയമനടപടികള്‍ കൈക്കൊള്ളുമെന്നും നോട്ടീസില്‍ പറയുന്നു. മേലില്‍ ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്നും നോട്ടീസ്ആവശ്യപ്പെടുന്നുണ്ട്. ആര്‍.എസ്.എസ്. പ്രാന്ത സംഘചാലക് കെ.കെ. ബലറാമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
അതേസമയം, ആര്‍.എസ്.എസിന്റെ നോട്ടീസിനെ നിയമപരമായി നേരിടാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു. ആര്‍.എസ്.എസിന്റെ നോട്ടീസ് അവജ്ഞയോടെ തള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഞ്ച് ഓഫ് തോട്ട്സില്‍ പറഞ്ഞിരിക്കുന്ന കാര്യവും സജി ചെറിയാന്‍ പറഞ്ഞിരിക്കുന്ന കാര്യവും ഒന്നുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിറിലെ പീഡനാരോപണ വിവാദത്തെ കുറിച്ചും സതീശന്‍ പ്രതികരിച്ചു. പരാതി ഒതുക്കിത്തീര്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പരാതി താന്‍ കൊടുത്തതല്ലെന്ന് പരാതിക്കാരി തന്നെ പറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിക്ക് പരാതിയുണ്ടെന്ന് പറഞ്ഞാല്‍, അപ്പോള്‍ത്തന്നെ അത് പോലീസിന് കൈമാറുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.