കൊച്ചി:കോവിഡിന് ശേഷം എറണാകുളം ടൗൺ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ് ഫോമിനോട് ചേർന്നുള്ള പ്രവേശന കവാടത്തിൽ ടിക്കറ്റ് കൗണ്ടർ തുറക്കാത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്നു. കോട്ടയം വഴി തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള എല്ലാ ട്രെയിനുകളും ഈ പ്ലാറ്റ് ഫോമിലാണ് എത്തിചേരുന്നത്. ടിക്കറ്റ് കൗണ്ടർ അടച്ചു പൂട്ടിയ ശേഷം അതിന് മുന്നിൽ യാത്രാടിക്കറ്റോ അനുബന്ധ രേഖകളോ ഇല്ലാതെ പ്രവേശനം ശിക്ഷാർഹമാണ് എന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്. ഈ കവാടത്തിലൂടെ പ്രവേശിക്കുന്നവർ അപ്പുറത്ത് പോയി ടിക്കറ്റ് എടുക്കുന്നതിനിടയിൽ പിടിക്കപ്പെട്ടാൽ പിഴ അടയ്ക്കാനും ബാധ്യസ്ഥരാണ്..
പ്ലാറ്റ് ഫോം ഒന്നിലെ നീണ്ട ക്യൂവിൽ നിന്ന് ടിക്കറ്റ് എടുത്ത ശേഷം രണ്ടാമത്തെ പ്ലാറ്റ് ഫോമിൽ എത്തുമ്പോൾ ട്രെയിൻ ലഭിക്കാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ കേരള എക്സ്പ്രസ്സ് കോട്ടയം ഭാഗത്തേയ്ക്കുള്ള യാത്രക്കാർക്ക് ഏറെ അനുകൂലമായ സമയത്താണ് വൈകുന്നേരം എറണാകുളം ടൗണിൽ എത്തിച്ചേരുന്നത്. ആ സമയത്ത് നിരവധി ട്രെയിനുകൾ ഉള്ളതിനാലും ടിക്കറ്റ് കൗണ്ടറിന് മുന്നിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. യാത്രക്കാർക്ക് ട്രെയിൻ കിട്ടണമെന്ന് യാതൊരു താത്പര്യവും ഇല്ലാത്ത രീതിയിൽ ഇഴഞ്ഞു നീങ്ങുന്ന ക്യൂവിൽ കടുത്ത മാനസിക സംഘർഷത്തോടെയാണ് യാത്രക്കാർ നിൽക്കുന്നത്. കരാർ അടിസ്ഥാനത്തിൽ ടിക്കറ്റ് നൽകുന്ന കൗണ്ടറുകളും ഈ പ്ലാറ്റ് ഫോമിൽ സജീവമാണ്. ഇതെങ്കിലും രണ്ടാമത്തെ പ്ലാറ്റ് ഫോമിലേയ്ക്ക് മാറ്റിയാൽ അത്രയും ആശ്വാസമാകുമെന്നാണ് യാത്രക്കാരുടെ പക്ഷം.
കോവിഡിന് ശേഷം എല്ലാ ട്രെയിനുകളിലും ഇപ്പോൾ ജനറൽ ടിക്കറ്റ് സൗകര്യം നിലവിൽ വന്നു. യാത്രക്കാരുടെ എണ്ണത്തിലും ഭീമമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നതാണ്. ടിക്കറ്റ് കൗണ്ടറിന്റെ മുന്നിലെ നീണ്ട ക്യൂ ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ജോലി ചെയ്ത് ക്ഷീണിച്ചെത്തുന്ന യാത്രക്കാരൻ അരമണിക്കൂറിന് മുകളിൽ ക്യൂ നിന്ന ശേഷമാണ് ഇപ്പോൾ ടിക്കറ്റ് ലഭിക്കുന്നത്. ടിക്കറ്റ് എടുത്ത ശേഷം രണ്ടാം പ്ലാറ്റ് ഫോമിൽ നീങ്ങിക്കൊണ്ടിരിക്കുന്ന ട്രെയിൻ ലക്ഷ്യമാക്കിയുള്ള ഓട്ടം ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.
കേരള എക്സ്പ്രസ്സ്, കോർബ, ഗുരുദേവ് എക്സ്പ്രസ്സുകളിൽ ഇപ്പോൾ ജനറൽ ടിക്കറ്റ് നിലവിൽ വന്നിട്ടുണ്ട്. എക്സ്പ്രസ്സ് സീസൺ മാത്രമുള്ള യാത്രക്കാർ സപ്ലിമെന്ററി ടിക്കറ്റ് എടുത്താൽ മാത്രമേ ഈ ട്രെയിനുകളിൽ യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ. സ്ത്രീകൾക്കും വയസ്സായവർക്കും പ്ലാറ്റ് ഫോം ഒന്നിൽ നിന്നും ടിക്കറ്റ് എടുത്തു മടങ്ങിവന്ന് കയറാനുള്ള ബുദ്ധിമുട്ട് ഉണ്ട്.
കോവിഡിന് മുമ്പ് ഉണ്ടായിരുന്ന പോലെ ടിക്കറ്റ് കൗണ്ടർ തുറന്നു പ്രവർത്തിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കേരളത്തിലെ തന്നെ ഏറ്റവും തിരക്കുള്ള സ്റ്റേഷനുകളിൽ ഒന്നാണ് എറണാകുളം ടൗൺ. വേണാട് ഒഴികെ കോട്ടയം വഴിയുള്ള എല്ലാ ട്രെയിനുകളും ജംഗ്ഷൻ ഒഴിവാക്കി എറണാകുളം ടൗൺ വഴിയാണ് സർവീസ് നടത്തുന്നത്. രണ്ടാം പ്ലാറ്റ് ഫോമിലെ ടിക്കറ്റ് കൗണ്ടർ ഇപ്പോൾ നായ്ക്കളുടെ വിശ്രമസ്ഥലമാണ്.