കോട്ടയം:ട്രാക്കിലേക്ക് മരം വീണതോടെ തടസ്സപ്പെട്ട കോട്ടയം എറണാകുളം തീവണ്ടി പാതയിൽ ഗതാഗതം യാത്രക്കാരുടെ ഇടപെലിൽ അതിവേഗം പുനസ്ഥാപിച്ചു.രാവിലെ 7.50 ഓടെ പാലരുവി എക്‌സ്പ്രസ് കടന്നു പോകുമ്പോഴാണ് മരക്കമ്പ് ട്രാക്കിലേക്ക് വീണത് ലോക്കോ പൈലറ്റിൻ്റെ ശ്രദ്ധയിൽ പെട്ടത്.
ഉടൻ തന്നെ യാത്രക്കാരുടെ നേതൃത്വത്തിൽ മരക്കമ്പ് വെട്ടിമാറ്റിയതിനാലാണ് ഏറെ നേരം ഗതാഗതം തടസം ഉണ്ടാകാതിരുന്നത്.വൈക്കം റോഡ് റെയിൽവേ സ്‌റ്റേഷനും, പിറവം റോഡിനും ഇടയിലാണ് കനത്ത കാറ്റിനും മഴക്കും പിന്നാലെ റെയിൽവേ ട്രാക്കിലേയ്ക്കു മരം വീണത്.
പാലരുവി എക്സ്പ്രസിന് മാത്രം ഇത് മൂലം രാവിലെ ഇരുപത് മിനിറ്റോളം ഗതാഗതം തടസപ്പെട്ടു.പാലരുവി എക്‌സ്പ്രസ് വൈക്കം റോഡ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് കുറച്ച് ദൂരം പിന്നിട്ടപ്പോഴാണ് മരം ട്രാക്കിലേക്ക് വീണത് ലോക്കോ പൈലറ്റ് കണ്ടത്.ഉടൻ തീവണ്ടി നിർത്തി.
സംഭവം മനസിലാക്കിയാണ് സ്ഥിരം യാത്രക്കാരുടെ നേതൃത്വത്തിൽ അവസരോചിതമായി ഇടപെട്ട് തടസം അതിവേഗം മാറ്റിയത്.ട്രെയിനുകൾ കടന്നു പോകുന്നതിനു മുൻപ് ആണ് റെയിൽവേ ട്രാക്കിൽ മരക്കമ്പുകൾ വീണത് എന്നതിനാൽ വലിയ അപകടങ്ങളും ഒഴിവാകുകയായിരുന്നു.
പിന്നാലെ എത്തിയ വേണാട് എക്സ്പ്രസ് അടക്കമുള്ള തീവണ്ടികൾ സമയക്രമം പാലിച്ച് തന്നെ ഇതേ പാതയിലൂടെ യാത്ര തുടർന്നു.