കൊച്ചി: ജൂലായ് ഒന്ന് മുതൽ ഗൾഫിലെ സ്കൂളുകൾ മദ്ധ്യവേനൽ അവധിക്ക് അടയ്ക്കുന്നതും ബലിപെരുന്നാളും അവസരമാക്കി കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടിയിലധികം വർദ്ധിപ്പിച്ച് വിദേശ, ഇന്ത്യൻ വിമാന കമ്പനികൾ.
കൊവിഡ് മൂലം രണ്ടു വർഷക്കാലം നാട്ടിലേക്ക് പോകാതിരുന്ന കുടുംബങ്ങൾ കൂട്ടത്തോടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നുണ്ട്. ആഗസ്റ്റ് അവസാനമേ സ്കൂളുകൾ തുറക്കൂ. ലോക്‌ഡൗണിൽ വെട്ടിക്കുറച്ച സർവീസുകൾ പുനഃസ്ഥാപിക്കാത്തതിനാൽ മിക്ക റൂട്ടുകളിലും ടിക്കറ്റ് ക്ഷാമമുണ്ട്. ബഡ്ജറ്റ് എയർലൈനുകളിലും കണക്ടിംഗ് വിമാനങ്ങളിലും കൊള്ള നിരക്കായതോടെ, സാധാരണക്കാർ നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ചിട്ടുണ്ട്.
വൻ പകൽക്കൊള്ള
ജൂലായ് രണ്ടിന് ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് 36,400 രൂപയാണ് എയർഇന്ത്യ എക്സ്പ്രസിലെ നിരക്ക്. ഇതേദിവസം കോഴിക്കോട് നിന്ന് ദുബായിലേക്ക് 9,700 രൂപ മതി. അബൂദാബിയിൽ നിന്ന് കൊച്ചിയിലേക്ക് 40,119 രൂപ വേണം. അതേസമയം കൊച്ചി – അബൂദാബി റൂട്ടിൽ 10,000 രൂപയ്ക്ക് ടിക്കറ്റുണ്ട്. കേരളത്തിൽ നിന്ന് ഗൾഫിലേക്കിപ്പോൾ യാത്രക്കാർ കുറവാണ്. ഗൾഫിൽ കടുത്ത ചൂടായതിനാൽ അവധിക്ക് നാട്ടിലെത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. സെപ്തംബർ മുതൽ ഗൾഫിലേക്കുള്ള തിരിച്ചുപോക്ക് കൂടും.
ജൂലായ് രണ്ടിലെ
ടിക്കറ്റ് നിരക്ക്
അബൂദാബി – കൊച്ചി: 38,800 (സ്പൈസ് ജെറ്റ്)
ബഹറൈൻ – കൊച്ചി: 44,600 ( ഗൾഫ് എയർ)
കുവൈത്ത് – കൊച്ചി: 31,000 (എയർഇന്ത്യ എക്പ്രസ്)
ദമാം – തിരുവനന്തപുരം: 43,900 (ഇൻഡിഗോ)
മസ്ക്കറ്റ് – തിരുവനന്തപുരം: 35,000 (എയർഇന്ത്യ എക്പ്രസ്)
ജിദ്ദ – കോഴിക്കോട്: 31,000 (എയർഇന്ത്യ എക്പ്രസ്)
ദോഹ – കോഴിക്കോട്: 41,000 (എയർഇന്ത്യ എക്പ്രസ്)