മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ, മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ മറ്റ് എംഎൽഎമാരുടെ ഭാര്യമാരുമായി ബന്ധപ്പെട്ട് സംസാരിച്ചതായി റിപ്പോര്‍ട്ട്. രശ്മി താക്കറെയും പ്രശ്ന പരിഹാരത്തിനായി രംഗത്ത് എത്തിയെന്ന് ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗുവാഹത്തിയിലെ ഹോട്ടലില്‍ കഴിയുന്ന എംഎല്‍എമാരെ ഭാര്യമാര്‍ വഴി അനുനയിപ്പിക്കാനാണ് നീക്കമെന്ന് റിപ്പോര്‍ട്ട് പറയുന്നു. നിലവിൽ ഗുവാഹത്തിയിലെ ഒരു ഹോട്ടലിൽ താമസിക്കുന്ന ചില വിമത എംഎൽഎമാർക്കും ഉദ്ധവ് താക്കറെ വ്യക്തിപരമായി സന്ദേശം അയച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
അതേ സമയം വിമത എംഎൽഎമാരും ഉദ്ധവ് വിഭാഗവും നിലപാട് കടുപ്പിച്ചതോടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. ദേവേന്ദ്ര ഫഡ്നവിസുമായി ഏക്നാഥ് ഷിൻഡെ കഴിഞ്ഞ ദിവസം രാത്രി വഡോദരയിൽ എത്തി ചർച്ച നടത്തി. നിയമസഭയിൽ പ്രത്യേക ബ്ലോക്കായി നിൽക്കുമെന്നറിയിച്ച ഷിൻഡെ വിഭാഗത്തിന് ബിജെപി പിന്തുണ ഫഡ്‌നാവിസ് ഉറപ്പ് നൽകിയെന്നാണ് വിവരം.
50 എംഎല്‍എമാര്‍ ഗുവാഹത്തിയിലേക്ക് എത്തുമെന്ന് ഷിൻഡെ അവകാശപ്പെട്ടെങ്കിലും എണ്ണം 47 ൽ തന്നെ നിൽക്കുകയാണ്. അതേസമയം അക്രമ സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ ജാഗ്രത കർശനമാക്കി. മുംബൈയിൽ നിരോധനാജ്ഞ തുടരുകയാണ്.
ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ചേർന്ന ശിവസേന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ പ്രമേയങ്ങൾ പാസാക്കുകയും, ശിവസേനയുടെയും അതിന്റെ സ്ഥാപകൻ അന്തരിച്ച ബാലാസാഹേബ് താക്കറെയുടെയും പേര് ഉപയോഗിക്കുന്നതിൽ നിന്ന് മറ്റേതെങ്കിലും രാഷ്ട്രീയ സംഘടനയെയോ വിഭാഗത്തെയോ തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും തീരുമാനിച്ചു. ഉദ്ധവ് താക്കറെയ്ക്ക് പാർട്ടിയിൽ കൂടുതൽ അധികാരങ്ങൾ നൽകുന്ന ആറ് പ്രമേയങ്ങളാണ് പാസാക്കിയത്.
അതേ സമയം ശിവസേനയെ പിളർത്തി പുതിയ പാർട്ടി രൂപീകരിക്കാനാണ് വിമത നേതാവ് ഏകനാഥ് ഷിൻഡേയുടെ തീരുമാനം. ശിവസേന ബാലസാഹേബ് എന്ന പേരിൽ പുതിയ ഗ്രൂപ്പായി മാറാൻ വിമത യോഗത്തിൽ തീരുമാനിച്ചു.
നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കുമെന്നാണ് വിമത എംഎൽഎമാർ പറയുന്നത്, ഡെപ്യുട്ടി സ്പീക്കർക്ക് തങ്ങളെ പുറത്താക്കാൻ അധികാരമില്ലെന്നും ഈ നീക്കത്തെ നിയമപരമായി നേരിടുമെന്നും വിമത എംഎൽഎ ദീപക് സർക്കർ പറഞ്ഞു. ശിവസേന വിടുമെന്ന പ്രചാരണം തെറ്റാണെന്നും മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ള തങ്ങൾ തങ്ങളുടെ നേതാവിനെ തെരഞ്ഞെടുത്തുവെന്നും മറുപക്ഷത്ത് 17 എംഎൽഎമാരിൽ കൂടുതൽ ഇല്ലെന്നും വിമത എംഎൽഎമാര്‍ വാദിക്കുന്നു.
എംഎൽസി തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നിരവധി എംഎൽഎമാർക്കൊപ്പം ഏകനാഥ് ഷിൻഡെ മഹാരാഷ്ട്ര വിട്ടതാണ് രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായത്. ഇവർ ഇപ്പോൾ ഗുവാഹത്തിയിലെ ഒരു ഹോട്ടലിൽ ക്യാമ്പ് ചെയ്യുകയാണ്. അന്നുമുതൽ സ്വതന്ത്രർ ഉൾപ്പെടെ കൂടുതൽ എംഎൽഎമാർ വിമത ക്യാമ്പിൽ ചേർന്നുവെന്നാണ് വിവരം.