വയനാട്: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതിനെതിരെ നടന്മാരായ ഹരീഷ് പേരടിയും ജോയ് മാത്യുവും രംഗത്ത്. നിങ്ങൾക്കെതിരെയുള്ള ആക്രമണം നിങ്ങളെ കൂടുതൽ പ്രകാശമുള്ളവനും പ്രതീക്ഷയുള്ളവനും ആയി മാറ്റുന്നുവെന്ന് രാഹുൽ ഗാന്ധിയെ പിന്തുണച്ച് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. തികച്ചും ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകർത്തത് എന്ന് ജോയ് മാത്യു പ്രതികരിച്ചു.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്: ” ഒരു എം പി യുടെയോ എം എൽ എ യുടെയോ ഓഫീസ് എന്നാൽ അത് പൊതുജനങ്ങളുടെ സ്വത്താണ് , അവരുടെ ആശാകേന്ദ്രമാണ്. ജനപ്രതിനിധി ഏത് പാർട്ടിക്കാരനാണെങ്കിലും അയാൾ ജന സേവകനാണ് അയാളുടെ ഓഫീസ് ജനസേവന കേന്ദ്രവുമാണ് ,അങ്ങിനെ ആയിരിക്കുകയും വേണം . കേരളത്തിൽ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന എം പി ഓഫീസാണ് വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ്.അത് കോൺഗ്രസ്സ് പാർട്ടി ഓഫീസല്ല. പൊതുജനങ്ങൾക്ക് വേണ്ടി സേവനസജ്ജമായി നിലകൊള്ളുന്ന ഒരോഫീസാണ്. അത് തല്ലിത്തകർക്കുന്നത് തികച്ചും ജനാധിപത്യവിരുദ്ധവുംജനവിരുദ്ധവുമാണ്”.
എഴുത്തുകാരനും പുകസ ജനറൽ സെക്രട്ടറിയുമായ അശോകൻ ചരുവിലും രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണത്തെ അപലപിച്ചു. അശോകൻ ചരുവിലിന്റെ കുറിപ്പ്: ഭയപ്പെടുത്തി അനുനയിപ്പിക്കാൻ കഴിയാത്ത ധീരരായ പ്രതിപക്ഷ നേതാക്കളെ കേന്ദ്ര അന്വേഷണ ഏജൻസികളെ വിട്ട് വകവരുത്താനുള്ള ശ്രമത്തിലാണ് നരേന്ദ്രമോദി. എല്ലാ ഫാസിസ്റ്റുകളും ചെയ്യുന്ന പ്രവർത്തിയാണിത്. ചങ്കൂറ്റമില്ലത്തവരും മടിയിൽ കനമുള്ളവരും മോദിയുടെ ചൊൽപ്പടിയിൽ ആയിക്കഴിഞ്ഞു.
പ്രതിപക്ഷ നിരയിലെ ഏറ്റവും ജനപിന്തുണയുള്ള നേതാവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരെ ഇത്തരം ആക്രമണങ്ങൾ തുടങ്ങിയിട്ട് വർഷങ്ങളായി. ആസൂത്രണം ചെയ്ത എല്ലാ ഗൂഡ നീക്കക്കളേയും അതിജീവിച്ച് അദ്ദേഹം അചഞ്ചലനായി നിൽക്കുന്നു. ഒരു കള്ളക്കടത്തു കേസിലെ പ്രതിയെ വശത്താക്കിയാണ് ഇപ്പോൾ അദ്ദേഹത്തിനെതിരായ ആക്രമണങ്ങൾ. ഇപ്പോൾ രാജ്യത്തെ മുഖ്യ പ്രതിപക്ഷകക്ഷിയായ കോൺഗ്രസ്സിൻ്റെ അദ്ധ്യക്ഷ സോണിയാ ഗാന്ധിയേയും ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയേയും ഇ.ഡി.യെ ഉപയോഗിച്ച് വേട്ടയാടുകയാണ്. പ്രതിപക്ഷ നേതാക്കൾക്കെതിരായ കേന്ദ്രസർക്കാരിൻ്റെ നീതിരഹിതമായ ഇത്തരം ആക്രമണങ്ങൾക്കെതിരെ രാജ്യത്തെ ജനാധിപത്യവിശ്വാസികൾ ഒന്നിച്ചുനിന്ന് ശബ്ദമുയർത്തേണ്ടതാണ്. പക്ഷേ അതല്ല സംഭവിക്കുന്നത്. കേരള രാഷ്ട്രീയം അതിൻ്റെ പ്രധാന ദൃഷ്ടാന്തമാണ്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ നട്ടാൽ കുരുക്കാത്ത നുണകൾ വിതച്ച് ഇ.ഡി.യും മറ്റും നീങ്ങിയപ്പോഴെല്ലാം ബി.ജെ.പി.ക്കൊപ്പം നിന്ന് ഓരിയിടാനാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചത്. കോൺഗ്രസ്സിൻ്റെ അബദ്ധമായ ഈ നീക്കത്തെ തിരുത്തുവാനുള്ള വിവേകം രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ്സിൻ്റെ കേന്ദ്ര നേതൃത്വത്തിനുണ്ടായില്ല. രാഹുൽ ഗാന്ധി നിരന്തരം വിചാരണ നേരിടുന്ന സമയത്ത് കേരളത്തിലെ കോൺഗ്രസ്സ് ഇ.ഡി.ക്കു വേണ്ടി സംസ്ഥാനം കത്തിക്കുകയായിരുന്നു. അതുകൊണ്ട് ആവശ്യമായ പ്രതിപക്ഷ പിന്തുണ രാഹുൽ ഗാന്ധിക്കു ലഭിച്ചില്ല. (അവർ ആദ്യം ക്രിസ്ത്യാനികളെ തേടി വന്നു……..”)
ഇന്ന് മണ്ഡലത്തിൻ്റെ പ്രശ്നങ്ങളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല എന്ന് ആരോപിച്ചാണ് വയനാട്ടിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ രാഹുൽ ഗാന്ധിയുടെ എം.പി. ഓഫീസിൽ കടന്നു കയറി പ്രതിഷേധിച്ചത്. ഏതു കാരണം കൊണ്ടാണെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ രാഹുൽഗാന്ധിക്കെതിരെ പ്രതിഷേധ പ്രകടനം ഇടതുപക്ഷത്തു നിന്നുണ്ടാകുന്നത് രാഷ്ട്രീയ വിവേകമില്ലായ്മയുടെ ലക്ഷണമാണ്. തികച്ചും അരാഷ്ട്രീയമാണത്. കേരളത്തിലെ കോൺഗ്രസ്സ് നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന അവിവേകവും അരാഷ്ട്രീയ കോപ്രായങ്ങളുമാണ് ഇന്ന് ഒരു കൂട്ടം എസ്.എഫ്.ഐ.ക്കാർ അനുകരിച്ചത്. കോൺഗ്രസ്സിനെയോ ബി.ജെ.പി.യേയോ അല്ല അനുകരിക്കേണ്ടതെന്ന് ഇടതുപക്ഷത്തെ വിദ്യാർത്ഥികൾ മനസ്സിലാക്കണം. ഒരു വിഭാഗം വിദ്യാർത്ഥികൾ നടത്തിയ ഈ സമരാഭാസത്തെ തൊട്ടടുത്ത നിമിഷത്തിൽ തന്നെ അപലപിക്കാൻ സി.പി.ഐ.എം.തയ്യാറായി. അതിൻ്റെ പേരാണ് രാഷ്ട്രീയം. ഇവിടെയാണ് കോൺഗ്രസ്സും ഇടതുപക്ഷവും വ്യത്യസ്തമാകുന്നത്’.