ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കുറയുന്നു. ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വില ഉയർന്നതും വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണി വിട്ടോടുന്നതും പണപ്പെരുപ്പവും രൂപക്ക് തിരിച്ചടിയായി. ഇതേതുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഒരു ഡോളറിനു 78.39 എന്ന വില നിലവാരത്തിലേക്ക് രൂപ എത്തിയിരുന്നു. ഇന്ന് 78.22ലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അസംസ്കൃത എണ്ണയുടെ വില ഇനിയും ഉയർന്നാൽ ഈ വർഷം അവസാനത്തോടെ രൂപയുടെ മൂല്യം ഡോളറിനെതിരെ 81 വരെയാകാൻ സാധ്യതയുണ്ടെന്ന് ബാങ്ക് ഓഫ് അമേരിക്ക പറയുന്നു. ആർ ബി ഐയുടെ കരുതൽ ധനനയവും പണ നയവും മൂലമാണ് രൂപ കുറച്ചെങ്കിലും തകർച്ചയെ അതിജീവിക്കുന്നത്.
2022 അവസാനത്തോടെ രൂപ യു എ ഇ ദിർഹത്തിനെതിരെ 22 രൂപക്ക് മുകളിൽ ആകുമെന്നാണ് ഇപ്പോഴത്തെ പ്രവണതകൾ സൂചിപ്പിക്കുന്നത്. രൂപയുടെ മൂല്യം കുറയുന്നതോടെ പ്രവാസികൾ കൂടുതൽ പണം നാട്ടിലേക്കയക്കുവാൻ താല്പര്യപ്പെടുന്നുണ്ട്. ഇതുമൂലം റിയൽ എസ്റ്റേറ്റിലും, ഓഹരികളിലും, നിക്ഷേപം കൂടുന്നതിനും സാധ്യതയുണ്ട്.