കൊച്ചി:നടിയെ ആക്രമിച്ച കേസിനു പിന്നാലെ മലയാള സിനിമയെ ഞെട്ടിച്ച കേസായിരുന്നു നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള പീഡന കേസ് .വിജയ് ബാബു ലൈവിലെത്തി പേര് വെളിപ്പെടുത്തിയതിന് പിന്നാലെ കടന്നുപോയത് വലിയ മാനസിക സംഘര്‍ഷങ്ങളിലൂടെയെന്ന് പരാതിക്കാരിയായ നടി. വീട്ടുകാരെ ബന്ധുക്കള്‍ ഒറ്റപ്പെടുത്തുന്ന അവസ്ഥ വരെ എത്തിയെന്നും നടി പറഞ്ഞു. പ്രമുഖ വെബ്സീരീസില്‍ അഭിനയിച്ചതു കണ്ടാണ് തന്നെ വിജയ് ബാബുവിന്റെ സിനിമയിലേക്ക് ക്ഷണിച്ചത് എന്നും ഓഡീഷന്‍ കഴിഞ്ഞതിന് ശേഷമായിരുന്നു ഇത് എന്നും നടി വെളിപ്പെടുത്തി.
അന്നെല്ലാം വിജയ് ബാബുവിന്റേത് നല്ല പെരുമാറ്റമായിരുന്നു എന്നും നടി പറയുന്നു. അന്നൊരു സുഹൃത്ത് തന്നോട് വിജയ് ബാബുവിന്റെ മോശം പെരുമാറ്റത്തെ കുറിച്ച് സൂചന തന്നിരുന്നെങ്കിലും വ്യക്തിപരമായി തനിക്ക് അങ്ങനെ തോന്നിയിരുന്നില്ല എന്നും നടി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീടാണ് വിജയ് ബാബു തന്നെ ചൂഷണം ചെയ്യാന്‍ തുടങ്ങിയത് എന്നും അതിജീവിത കൂട്ടിച്ചേര്‍ത്തു.’വിജയ് ബാബു ഒരു കോടി വാഗ്ദാനം ചെയ്തു, അമ്മയിലെ പലര്‍ക്കും പണം കിട്ടി’; വെളിപ്പെടുത്തലുമായി അതിജീവിത.
മിണ്ടാതിരിക്കാന്‍ അയാള്‍ പറഞ്ഞപ്പോള്‍ മിണ്ടാതിരുന്ന, അയാള്‍ ഉപയോഗിച്ച അനേകം സ്ത്രീകളിലൊരാളായിരിക്കാന്‍ തനിക്ക് സാധ്യമല്ല എന്നതിനാലാണ് കേസുമായി മുന്നോട്ട് പോകുന്നത് എന്നും നടി പറഞ്ഞു. ഫേസ്ബുക്ക് ലൈവിലെത്തി പേര് വെളിപ്പെടുത്തിയപ്പോള്‍ കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോയത്. ആ ലൈവ് പോയത് ഞാനറിഞ്ഞിരുന്നില്ല.
എന്റെ ഇന്‍ബോക്സില്‍ വന്ന് വിജയ് ബാബു എന്നും വിജയ്ബാബുവിന്റെ കളിയെന്നും പറഞ്ഞുള്ള നിരവധി അശ്ലീല മെസ്സേജുകള്‍ വന്നു. വെടി, വേശ്യ എന്ന് വരെ പലരും വിളിച്ചു എന്നും നടി വെളിപ്പെടുത്തി. വിജയ് ബാബു വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ വ്യക്തിഹത്യ ചെയ്യുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല എന്ന് നടി പറയുന്നു. എന്നാല്‍ വീട്ടുകാരുടെ മാനസികാരോഗ്യത്തേയും ഇത് ബാധിച്ചെന്നും അനിയന്‍ ആകെ ട്രോമയിലായി എന്നും നടി വെളിപ്പെടുത്തി.
വീട്ടിലേക്ക് ബന്ധുക്കളും സുഹൃത്തുക്കളും വന്ന് അവളെ സിനിമയിലേക്ക് വിടേണ്ട എന്ന് അന്നേ ഞങ്ങള്‍ പറഞ്ഞതല്ലേ എന്ന് പറഞ്ഞ് അച്ഛനെയും അമ്മയെയും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി എന്നും നടി പറഞ്ഞു. സമ്മതമില്ലാതെ ഒരാളുടെ ശരീരത്തെ ഉപയോഗിക്കുന്നത് റേപ്പ് ആണെന്ന് ഇര തന്നെ പഠിപ്പിച്ചികൊടുക്കേണ്ട അവസ്ഥയാണ് ഉള്ളതെന്നും നടി മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
വിശ്വാസം നേടിയെടുക്കുക, വിവാഹം ചെയ്യുമെന്ന് പറയുക, നമ്മുടെ വള്‍ണറബിള്‍ ആയ അവസ്ഥയെയെല്ലാം മുതലെടുക്കുക, മയക്കി കിടത്തുക എന്നിവയെല്ലാം ഒരു വ്യക്തി ചെയ്തു എന്നതല്ലേ നമ്മള്‍ ചര്‍ച്ചയാക്കേണ്ടത് എന്നും നടി ചോദിക്കുന്നു. തന്റെയടുത്ത് ഒച്ചയിട്ട് സംസാരിക്കുക, അടിവയറ്റില്‍ ചവിട്ടുക, ലൈംഗികതയ്ക്കായി നിര്‍ബന്ധിക്കുക, ഇഷ്ടമില്ലാത്ത മോശമായ കാര്യങ്ങള്‍ ചെയ്യിക്കുക എന്ന അവസ്ഥയുണ്ടായതോടെയാണ് അതില്‍ നിന്ന് പുറത്ത് കടന്നത്.
പരാതി കൊടുക്കാന്‍ ചെന്നപ്പോള്‍ തേവര പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ വളരെ മാന്യമായാണ് പെരുമാറിയത് എന്നും സി ഐ, കമ്മീഷണര്‍ എന്നിവരെല്ലാം വലിയ പിന്തുണയാണ് നല്‍കിയത്. എന്നും നടി പറഞ്ഞു. എന്നാല്‍ മെഡിക്കല്‍ ചെക്കപ്പിന് പോയ സ്ഥലത്തെ ഡോക്ടറും ഒരു വനിത പൊലീസും മോശമായാണ് പെരുമാറിയത് എന്നും അതിജീവിത വ്യക്തമാക്കി.
അയാളുടെ പേരെന്താ, എത്ര പേരുണ്ടായിരുന്നു റേപ് ചെയ്യാന്‍ എന്നൊക്കെയുള്ള ചോദ്യങ്ങളായിരുന്നു ഡോക്ടര്‍ ചോദിച്ചത് എന്ന് നടി പറയുന്നു. സി ഐയുടെ മുന്നില്‍ വെച്ച് റേപ്പിനെ കുറിച്ച് വിവരണാത്മകമായി സംസാരിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു വനിത പൊലീസ് ഉദ്യോഗസ്ഥ ശ്രമിച്ചത്. എന്നാല്‍ തന്റെ അസ്വസ്ഥത മനസിലാക്കി സി ഐ അവിടുന്ന് മാറിപ്പോവുകയായിരുന്നു എന്നും നടി പറയുന്നു.
മൊഴിയെല്ലാം കൊടുത്ത് ഒപ്പും വാങ്ങിയ ശേഷം സെല്‍ഫി തരുമോ എന്നാണ് പോലീസുദ്യോഗസ്ഥ ചോദിച്ചത് എന്നും നടി പറഞ്ഞു. നിങ്ങളെന്നോട് ഇപ്പോള്‍ സെല്‍ഫിയാണോ ചോദിച്ചത് എന്ന് ഞാന്‍ തിരക്കിയപ്പോള്‍ അതെ, എന്റെ മോള്‍ നിങ്ങളുടെ ഫാന്‍ ആണെന്ന് പറഞ്ഞ് സെല്‍ഫിക്കായി നിര്‍ബന്ധിച്ചു എന്നും അതിജീവിത വ്യക്തമാക്കി.