അടിമാലി: വാളറ കുളമാംകുഴി ആദിവാസി കോളനിയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ആത്മഹത്യക്ക് ശ്രമിച്ച രണ്ടു പേരില്‍ രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ മൊഴിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അവള്‍ നിരന്തരം ഫോണില്‍ സംസാരിക്കുന്നത് കണ്ട് രക്ഷിതാക്കള്‍ വഴക്ക് പറയാന്‍ തുടങ്ങിയതോടെയാണ് വീടു വിട്ടിറങ്ങിയതെന്ന് പെണ്‍കുട്ടി പറഞ്ഞു.
വീട് വിട്ട് ഇറങ്ങിയ ശേഷം ഒരു രാത്രി മുഴുവന്‍ ഒരു മരപ്പൊത്തിലും അടുത്ത ദിവസം പകല്‍ മുഴുവന്‍ ഒരു പാറപ്പുറത്തുമാണ് കഴിഞ്ഞതെന്നും ഒളിച്ച് താമസിച്ചപ്പോഴും ഒന്നിച്ച് മരിക്കാന്‍ പെണ്‍കുട്ടി തന്നെ നിര്‍ബന്ധിച്ചിരുന്നതായും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇരുപത്തൊന്നുകാരി പോലീസിനോട് പറഞ്ഞു.
അതേസമയം, മരിച്ച പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയത് ആരാണെന്ന് തനിക്കറിയില്ലെന്നും, പെണ്‍കുട്ടിയുടെ സ്വര്‍ണമോതിരം വിറ്റ് ഫോണ്‍ വാങ്ങിയതാകാമെന്നും യുവതി നല്‍കിയ മൊഴിയില്‍ പറയുന്നു. മാങ്കുളം, ഉപ്പുതറ, തൊടുപുഴ എന്നിവിടങ്ങളിലുള്ള യുവാക്കളുമായാണ് പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചിരുന്നതെന്നും മൊഴി നല്‍കിയതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.