തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരിപാടികളിൽ നിന്ന് കറുത്ത മാസ്ക് ഊരി വയ്പ്പിച്ചതെന്തിന്? പൊതുജനങ്ങളിൽ നിന്ന് അടക്കം കറുത്ത മാസ്ക് നീക്കം ചെയ്യിച്ചതിൽ നാല് ജില്ലാ എസ്പിമാരോട് ഡിജിപി അനിൽകാന്ത് വിശദീകരണം തേടി. കണ്ണൂർ, കോഴിക്കോട്, കോട്ടയം, തൃശ്ശൂർ എന്നീ ജില്ലകളിലെ എസ്പിമാരോടാണ് വിശദീകരണം തേടിയത്. സംഭവം വിവാദമായതോടെ കറുത്ത മാസ്ക് വയ്ക്കരുതെന്ന വിലക്കില്ലായിരുന്നുവെന്നാണ് പൊലീസ് അനൗദ്യോഗികമായെങ്കിലും വിശദീകരിക്കുന്നത്.
വ്യാപക പ്രതിഷേധം ഉയർന്നതോടെ ഇന്നലെയാണ് കറുപ്പ് മാസ്കിനുള്ള അപ്രഖ്യാപിത നിരോധനം പൊലീസ് പിൻവലിച്ചത്. കണ്ണൂരിൽ ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങുകളിൽ കറുപ്പ് മാസ്ക് അഴിപ്പിച്ചില്ല. സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികൾ വെളിപ്പെടുത്തൽ നടത്തുകയും വലിയ വിവാദമുണ്ടാകുകയും പ്രതിപക്ഷം പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്ത പശ്ചാത്തലത്തിൽ കറുപ്പ് മാസ്കിനും വസ്ത്രത്തിനും ഞായറാഴ്ച മുതൽ വിവിധ പരിപാടികളിലായി പൊലീസ് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരുന്നു. പലരുടെയും കറുപ്പ് മാസ്ക് അഴിപ്പിച്ചു, പകരം മാസ്ക് നൽകി. കറുത്ത വസ്ത്രം ധരിച്ചവരെ പരിപാടികളിലേക്ക് കടത്തി വിട്ടില്ല. ഇതിനെല്ലാം പകരമായി കറുത്ത മാസ്കും വസ്ത്രവും ധരിച്ചെത്തിയായിരുന്നു പ്രതിപക്ഷ എംഎൽഎമാർ അടക്കമുള്ളവരുടെയും, പ്രവർത്തകരുടെയും പ്രതിഷേധം.
ആ വിലക്ക് എന്തായാലും തളിപ്പറമ്പിലെ പരിപാടിയിൽ ഇന്നലെ ഉണ്ടായില്ല. കിലയിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ കറുത്ത മാസ്കും വേഷവും ധരിച്ചവർക്ക് ഒരു തടസ്സവുമില്ലാതെ സദസ്സിൽ വന്നിരിക്കാനായി. കറുത്ത മാസ്കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ശനിയാഴ്ച തന്നെ അറിയിച്ചിരുന്നു. എങ്കിലും ഇന്നലെ മലപ്പുറത്തും പോലീസ് കറുത്ത മാസ്ക് അഴിപ്പിച്ചിരുന്നു. പോലീസ് നടപടിയെ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ ന്യായീകരിക്കുക കൂടി ചെയ്തതോടെ സംഭവം പാർട്ടി കേന്ദ്രങ്ങളിൽ തന്നെ വലിയ ചർച്ച ആയിരുന്നു. പൗരാവകാശ ലംഘനം ചൂണ്ടിക്കാട്ടി ചിലർ കോടതിയെ സമീപിക്കാനും തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂരിൽ കറുപ്പ് മാസ്ക് വിലക്ക് പോലീസ് ഒഴിവാക്കിയത്.
മുഖ്യമന്ത്രിയുടെ വാക്കുകളിങ്ങനെ:
മാറ് മറയ്ക്കാനും വഴി നടക്കാനുമുള്ള അവകാശം സമരം ചെയ്ത് നേടിയെടുത്തതാണ് കേരളത്തിലുള്ള ഒരു വിഭാഗം ജനത. അങ്ങനെ സമരം ചെയ്ത ചരിത്രമുള്ള കേരളത്തിൽ ഇവിടെയെന്തോ വഴി തടയുകയാണ് എന്ന് പറയുന്ന കൊടുമ്പിരിക്കൊണ്ട പ്രചാരണം നടക്കുന്നു. ഈ നാട്ടിൽ വഴി നടക്കാനുള്ള സ്വാതന്ത്ര്യം ഒരു കൂട്ടർക്കും നിഷേധിക്കുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകില്ല. പഴയ ചിന്താഗതിയോടെ സമൂഹത്തിൽ ഇടപെടുന്ന ചില ശക്തികൾ ചിലതൊക്കെ ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷേ പ്രബുദ്ധകേരളം അതൊന്നും സമ്മതിക്കില്ല.
ഈ പരിപാടിയിൽപങ്കെടുത്ത പലരും പല തരത്തിൽ വസ്ത്രം ധരിച്ചവരാണ്. കുറച്ച് ദിവസമായി കൊടുമ്പിരിക്കൊണ്ട മറ്റൊരു പ്രചരണം, സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുമാറ് ഉയർന്ന് വന്ന പ്രചാരണം, ഒരു പ്രത്യേക നിറത്തിലുള്ള വസ്ത്രം കേരളത്തിൽ ധരിക്കാൻ പാടില്ല എന്നതാണ്. മാസ്കും വസ്ത്രവും കറുത്ത നിറത്തിലുള്ളത് പറ്റില്ല എന്നതാണ് പ്രചാരണം. കേരളത്തിലേതൊരാൾക്കും ഇഷ്ടമുള്ള രീതിയിലും നിറത്തിലും വസ്ത്രം ധരിക്കാൻ അവകാശമുണ്ട്. നേരത്തേ മുട്ടിന് താഴെ മുണ്ടുടുക്കാൻ അവകാശമില്ലാതിരുന്ന, മാറ് മറയ്ക്കാൻ അവകാശമില്ലാതിരുന്ന പലരും പല പോരാട്ടങ്ങളും കേരളത്തിൽ നടത്തിയിട്ടുണ്ട്. അതിന്‍റെ ഭാഗമായാണ് നമ്മുടെ നാട് മാറിയത്. ഇവിടെ അത്തരമൊരു അവകാശം ഹനിക്കുന്ന പ്രശ്നമേയില്ല. എത്ര മാത്രം തെറ്റിദ്ധാരണാജനകമായാണ് ചില ശക്തികൾ നിക്ഷിപ്തതാത്പര്യത്തോടെയാണ് ചില കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. അതിന്‍റെ ഭാഗമായാണ് കറുത്ത വസ്ത്രം, മാസ്ക് ധരിക്കരുത് എന്ന് കേരളത്തിലെ സർക്കാർ നിലപാടെടുത്തു എന്ന പ്രചാരണം നടത്തുന്നത്.
കേരളത്തിൽ ഇടതുപക്ഷസർക്കാരാണ്. കേരളത്തിൽ ഇന്ന് കാണുന്ന എല്ലാ പ്രത്യേകതകളും നേടിയെടുക്കുന്നതിന്‍റെ മുൻപന്തിയിൽ ഇടതുപക്ഷമായിരുന്നു. ആ സർക്കാർ നിലനിൽക്കുമ്പോൾ കേരളത്തിൽ ഒരു പ്രത്യേകവസ്ത്രം ധരിക്കാൻ പറ്റില്ല എന്ന നിലപാടുണ്ടാകില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ മറ്റൊന്നും കിട്ടാത്തതുകൊണ്ട് കള്ളക്കഥകളെ ആശ്രയിക്കുന്ന കാലമാണിത്. ഇതെല്ലാം നുണപ്രചാരണങ്ങളാണെന്ന് തിരിച്ചറിയണം. നമ്മുടെ നാടിന്‍റെ പ്രത്യേകത എല്ലാ തരത്തിലും കാത്ത് സൂക്ഷിക്കാൻ സർക്കാർ ഒപ്പമുണ്ടാകും, ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ് അക്കാര്യത്തിൽ. കള്ളക്കഥകൾ മെനയുന്ന ശക്തികൾക്കെതിരെ പ്രവർത്തിക്കാനും നല്ല നടപടിയെടുക്കാനും ഞങ്ങൾ മുന്നിലുണ്ടാകും – മുഖ്യമന്ത്രി പറയുന്നു.