സംസ്ഥാനം സംഘർഷഭരിതം: പയ്യന്നൂരിൽ ഗാന്ധിപ്രതിമ തകർത്തു; പോലീസിനോട് തയ്യാറായിരിക്കാൻ ഡിജിപി
തിരുവനന്തപുരം: വിമാനത്തിനുള്ളിലെ പ്രതിഷേധത്തിനെതിരേ ഇടതുസംഘടനകളും കെ.പി.സി.സി. ഓഫീസാക്രമണത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകളും തെരുവിലിറങ്ങിയതോടെ തിങ്കളാഴ്ച വൈകീട്ട് മുതല്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളും സംഘര്‍ഷഭരിതം. പയ്യന്നൂര്‍ കോണ്‍ഗ്രസ് ഓഫീസിനുപുറത്ത് സ്ഥാപിച്ച ഗാന്ധിപ്രതിമയുടെ തല അക്രമികള്‍ വെട്ടിമാറ്റി. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ ഭാര്യവീടിനുനേരേ ആക്രമണമുണ്ടായി.
തലസ്ഥാനത്തുള്‍പ്പെടെ രാത്രിയും തുടര്‍ന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം. ഇതിന്റെ ഭാഗമായി പോലീസ് ആസ്ഥാനത്ത് കൂടുതല്‍ സായുധ പോലീസിനെ വിന്യസിച്ചു. സംസ്ഥാനത്തെ പോലീസ് സേനയോട് തയ്യാറായിരിക്കാന്‍ ഡിജിപി അനില്‍ കാന്ത് നിര്‍ദേശിച്ചു. ബറ്റാലിയന്‍ അടക്കമുള്ള സേനാവിഭാഗങ്ങള്‍ തയ്യാറായിരിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
തിരുവനന്തപുരം നഗരം തിങ്കളാഴ്ച രാത്രിയും സംഘര്‍ഷഭൂമിയായി. ഇന്ദിരാഭവന്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് രാത്രി വി.കെ. പ്രശാന്ത് എം.എല്‍.എ.യുടെ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ലാത്തിച്ചാര്‍ജില്‍ കലാശിച്ചു. സംഭവമറിഞ്ഞ് സി.പി.എം. പ്രവര്‍ത്തകര്‍ ഇന്ദിരാഭവനിലേക്കു മാര്‍ച്ച് നടത്തി. ഇരുകൂട്ടരും വെല്ലുവിളിയുമായി മുഖാമുഖം വന്നെങ്കിലും പോലീസിടപെട്ട് പ്രവര്‍ത്തകരെ മടക്കിയയച്ചു. സെക്രട്ടേറിയറ്റിനുമുന്നിലും ഇരുകൂട്ടരും നേര്‍ക്കുനേര്‍ വന്നെങ്കിലും സംഘര്‍ഷം ഒഴിവായി. രാത്രി വൈകിയും കെ.പി.സി.സി. ആസ്ഥാനത്തിനുമുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാവലിരുന്നു.
കൊല്ലം ചിന്നക്കടയില്‍ കോണ്‍ഗ്രസ്, സി.പി.എം പ്രകടനങ്ങള്‍ ഒന്നിച്ചുവന്നതോടെ സംഘര്‍ഷമുണ്ടായി.കോണ്‍ഗ്രസ് പെരിനാട് മണ്ഡലം പ്രസിഡന്റ് തോട്ടത്തില്‍ ബാലന്റെ വീടിനുനേര്‍ക്ക് കല്ലേറുണ്ടായി. പരവൂരില്‍ സി.പി.എം. പ്രകടനത്തില്‍നിന്ന് കോണ്‍ഗ്രസ് ഓഫീസിലേക്ക് കല്ലെറിഞ്ഞു.ചക്കുവള്ളിയില്‍ യൂത്ത് കോണ്‍ഗ്രസും ഡി.വൈ.എഫ്.ഐ.യും നടത്തിയ പ്രകടനത്തില്‍ സംഘര്‍ഷമുണ്ടായി. പോലീസ് ലാത്തിച്ചാര്‍ജില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു.ചവറ പന്മനയില്‍ ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകന് അക്രമത്തില്‍ പരിക്കേറ്റു. മാവേലിക്കരയില്‍ എം.എല്‍.എ. അരുണ്‍കുമാറിന്റെ കാര്‍ തടഞ്ഞു.
കണ്ണൂരില്‍ ഡി.സി.സി. ഓഫീസിനും കോണ്‍ഗ്രസ് ഓഫീസുകള്‍ക്കുംനേരെ വ്യാപക അക്രമം. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 10.30-ന് ബൈക്കിലെത്തിയ രണ്ടുപേരാണ് ഡി.സി.സി. ഓഫീസിനുനേരേ കല്ലെറിഞ്ഞത്. രണ്ടു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
പയ്യന്നൂര്‍ കോണ്‍ഗ്രസ് ഓഫീസിനുപുറത്ത് സ്ഥാപിച്ച ഗാന്ധിപ്രതിമയുടെ തല അക്രമികള്‍ വെട്ടിമാറ്റി. ഓഫീസിലെ ഫര്‍ണിച്ചറുകളും നശിപ്പിച്ചു. മുഖംമൂടിയണിഞ്ഞസംഘം വാതില്‍ തകര്‍ത്താണ് അകത്തുകടന്നത്.
ഇരിട്ടിയില്‍ പ്രതിഷേധപ്രകടനം നടത്തിയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും പന്തംകൊളുത്തി പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. കരിക്കോട്ടക്കരി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സതീഷ് സെബാസ്റ്റ്യനും യൂത്ത്‌കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം രഞ്ചുഷയടക്കം 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നാല് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
മൊകേരി പാത്തിപ്പാലത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിനുനേരെ നടന്ന അക്രമത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ്, തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരം, കരിയാട് മണ്ഡലം കോണ്‍ഗ്രസ് ഓഫീസ്, തൃച്ചംബരം പ്രിയദര്‍ശിനി മന്ദിരം എന്നിവയ്ക്കുനേരെയും രാത്രി ആക്രമണമുണ്ടായി.
കോഴിക്കോട് കടലുണ്ടി മണ്ണൂര്‍ വളവില്‍ സി.പി.എം. – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടന്നു. പുതിയങ്ങാടി എടക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിനുനേരെയും ആക്രമണമുണ്ടായി.
ആലപ്പുഴ നഗരമധ്യത്തില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരെ പോലീസ് നോക്കിനില്‍ക്കെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ചവിട്ടേറ്റുവീണ എം.എസ്.എഫ്. ജില്ലാ പ്രസിഡന്റും മണ്ണഞ്ചേരി നാലുതറ പള്ളി ഇമാമുമായ തൃക്കുന്നപ്പുഴ സ്വദേശി ഉവൈസ് ഫൈസി(28)ക്കു സാരമായി പരിക്കേറ്റു. തിരുവനന്തപുരം നെയ്യാറ്റിന്‍കര പനച്ചിമൂട്ടില്‍ ഡി.വൈ.എഫ്.ഐ. – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. എട്ടുപേര്‍ക്ക് പരിക്കേറ്റു.
കെ. സുധാകരന്റെ ഭാര്യവീടിന് കല്ലേറ്
കണ്ണൂര്‍: ആഡൂര്‍ പനച്ചിക്കാവിന് സമീപം കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ ഭാര്യവീടിനുനേരേ തിങ്കളാഴ്ച രാത്രി 7.30-ന് ആക്രമണമുണ്ടായി. പിന്‍വശത്തുകൂടെ വന്ന അക്രമികള്‍ കല്ലെറിഞ്ഞതോടെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. വൈകീട്ട് 6.30-ന് പ്രദേശത്ത് സി.പി.എം. പ്രവര്‍ത്തകരുടെ പ്രകടനം നടന്നിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനുനേരെ തിങ്കളാഴ്ച കണ്ണൂരില്‍ ആറിടത്ത് പ്രതിപക്ഷ പ്രതിഷേധമുണ്ടായി. കരിങ്കൊടി കാണിച്ചു. ഗസ്റ്റ്ഹൗസിനുമുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുേനരെ ജലപീരങ്കി പ്രയോഗിച്ചു. തളിപ്പറമ്പില്‍ യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ രണ്ടുതവണ ലാത്തിച്ചാര്‍ജുണ്ടായി.
കെ.എസ്.യു. നേതാവിനെ കമ്മിഷണറുടെ മുന്നില്‍ മര്‍ദിച്ചു
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു. കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരിയെ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ ബലമായി കാറില്‍ കയറ്റാന്‍ ശ്രമിക്കുമ്പോള്‍ കൊടിയുമായി ഓടിയെത്തി സി.പി.എം. പ്രവര്‍ത്തകന്‍ മര്‍ദിച്ചു. തിങ്കളാഴ്ചരാവിലെ മുഖ്യമന്ത്രി തളിപ്പറമ്പിലേക്ക് പോകുന്നതിനിടെ ഗസ്റ്റ്ഹൗസിനു സമീപമായിരുന്നു സംഭവം. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ നിധീഷ്, ആല്‍ഫ്രഡ്, റംസിന്‍ എന്നിവരാണ് ആക്രമിച്ചതെന്ന് ഫര്‍ഹാന്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതിനല്‍കി.