അങ്കമാലി: കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിന്റെ തലവനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തത് അതിസാഹസികമായി. കറുകുറ്റിയില്‍ 225 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് ആന്ധ്രാ സ്വദേശി ബോഞ്ചി ബാബുവിനെ പിടികൂടിയത്. നക്‌സല്‍ ശക്തികേന്ദ്രളിലുള്ള കഞ്ചാവ് ഉത്പാദനമേഖലയില്‍നിന്ന് ആന്ധ്രാപൊലീസിന്റെ സഹായത്തോടെയാണ് നാര്‍ക്കോട്ടിക് സെല്‍ പ്രതിയെ പിടികൂടിയത്.
ലഹരിമരുന്ന് കേസന്വേഷണങ്ങളിലും ഇതര സംസ്ഥാനങ്ങളിലെ കേസന്വേഷണങ്ങളിലും മുന്‍പരിചയമുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേകസംഘങ്ങള്‍ രൂപീകരിച്ചിരുന്നു. ഈ സംഘമാണ് ബോഞ്ചി ബാബുവിനെ കണ്ടെത്തി പിടികൂടിയത്. ലഹരിമരുന്ന് കേന്ദ്രങ്ങള്‍ നക്‌സല്‍ ശക്തികേന്ദ്രങ്ങളില്‍ ആയതിനാല്‍ ആന്ധ്രാ പൊലീസിന് നേരിട്ട് ഇടപെടാന്‍ സാധിക്കുമായിരുന്നില്ല.
ഹോര്‍ട്ടികള്‍ച്ചര്‍ ഓഫീസുവഴി അവിടുത്തെ ഗിരിവര്‍ഗക്കാരുടെ കൃഷി ഉത്പന്നങ്ങള്‍ മറ്റുസ്ഥലങ്ങളിലേക്ക് കയറ്റി അയയ്ക്കുന്ന ബന്ധം ഉപയോഗിച്ചാണ് ബോഞ്ചി ബാബു കേരളത്തിലേക്ക് കഞ്ചാവ് കയറ്റി അയച്ചിരുന്നത്.കഞ്ചാവ് കൃഷി ചെയ്തതിന് ഇയാളുടെ പിതാവിനെ കഴിഞ്ഞമാസം ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്.പി പി.പി.ഷംസ്, ഇന്‍സ്‌പെക്ടര്‍ സോണി മത്തായി എന്നിവര്‍ നേതൃത്വം നല്‍കിയ അന്വേഷണത്തില്‍ എസ്.ഐ ടി.എം.സൂഫി, ഉദ്യോഗസ്ഥരായ ആന്റോ, റോണി അഗസ്റ്റിന്‍, ജിമ്മി ജോര്‍ജ്, ശ്യാംകുമാര്‍, പ്രസാദ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കേരളത്തില്‍ എത്തിച്ചത്.