27.6 C
Kottayam
Sunday, April 28, 2024

കണ്ണൂരെത്തിയിട്ടും വീട്ടില്‍ അന്തിയുറങ്ങാതെ മുഖ്യമന്ത്രി,പ്രതിഷേധം ഭയന്ന് ഗസ്റ്റ്ഹൗസില്‍ താമസം,ഇന്നും പ്രക്ഷോഭക്കൊടുങ്കാറ്റുയര്‍ത്താന്‍ പ്രതിപക്ഷം

Must read

കണ്ണൂര്‍: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുടങ്ങിയ പ്രതിഷേധം ഇന്നും തുടരും. കണ്ണൂരില്‍ ഇന്നലെ രാത്രിയെത്തിയ മുഖ്യമന്ത്രിക്ക് ജില്ലയില്‍ ഇന്ന് ഒരു പൊതുപരിപാടിയാണ് ഉള്ളത്. രാവിലെ 10.30ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പ് കോളേജ് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാനാകും പിണറായി വിജയന്‍ എത്തുക. വഴിയിലും പരിപാടി സ്ഥലത്തും കരിങ്കൊടി പ്രതിഷേധത്തിന് പ്രതിപക്ഷ യുവജന സംഘടനകള്‍ ശ്രമിച്ചേക്കും. അതിനാല്‍ തന്നെ കനത്ത സുരക്ഷയാകും മുഖ്യമന്ത്രിക്കായി പൊലീസ് ഒരുക്കുക.

ഇന്നലെ രാത്രി കണ്ണൂരിലെത്തിയ പിണറായി വിജയന്‍ രാത്രി വീട്ടില്‍ തങ്ങിയില്ല. സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി കണ്ണൂര്‍ ഗസ്റ്റ് ഹൗസിലേക്ക് താമസം മാറ്റിയിരുന്നു. പൊലീസിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്തായിരുന്നു തീരുമാനം. പിണറായിയിലെ സ്വന്തം വീട്ടില്‍ താമസിക്കാനായിരുന്നു തീരുമാനമെങ്കിലും സുരക്ഷ ഒരുക്കാനുള്ള ബന്ധിമുട്ട് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി താമസം കണ്ണൂര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്.

അതേസമയം ഇന്നലെ രാത്രിയിലും മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. കോഴിക്കോട്ടെ പരിപാടികള്‍ക്ക് ശേഷം മുഖ്യമന്ത്രി സ്വന്തം നാടായ കണ്ണൂരിലേക്ക് മടങ്ങും വഴി വടകരയിലാണ് പ്രതിഷേധം ഉണ്ടായത്. ഇവിടെ വച്ച് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പത്ത് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം യൂത്ത് ലീഗ് പ്രവര്‍ത്തകരും കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചു.

നേരത്തെ കനത്ത സുരക്ഷയിലും ഇന്നലെ കോഴിക്കോട് പലയിടത്തും മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാട്ടിയിരുന്നു. കാരമ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എരഞ്ഞിപ്പാലത്ത് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരെ പലയിടത്തും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ ഉച്ചയ്ക്ക് 3.30ന് ട്രൈപ്പന്റ ഹോട്ടലില്‍ നടന്ന പുസ്തക പ്രകാശനമായിരുന്നു മുഖ്യമന്ത്രിയുടെ കോഴിക്കോട്ടെ ആദ്യപരിപാടി. ആദ്യ വേദിയില്‍ തന്നെ പ്രതിഷേധവുമായി കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി. തുടര്‍ന്ന് നാല് മണിക്ക് ജില്ല സഹകരണ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് ഉദ്ഘാടനം നടന്ന വേദിയിലും പ്രതിഷേധക്കാര്‍ എത്തിയിരുന്നു. കോഴിക്കോട് കാരപ്പറമ്പില്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കാന്‍ എത്തിയ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സഹകരണ ആശുപത്രിയിലെ വേദിക്ക് സമീപത്ത് പ്രതിഷേധിക്കാനെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലെ വേദിക്ക് സമീപത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. രാവിലെ മലപ്പുറം ജില്ലയിലും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം അടക്കം കനത്ത പ്രതിഷേധം ഉണ്ടായിരുന്നു. തവനൂരില്‍ മുഖ്യമന്ത്രി സംസാരിച്ച് കൊണ്ടിരുന്ന വേദിയ്ക്ക് പുറത്ത് പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നലെ ദില്ലിയിലും പ്രതിഷേധം ഉയര്‍ന്നു. എന്‍ എസ് യു- കെ എസ് യു പ്രവര്‍ത്തകരാണ് കേരള ഹൗസിന് മുന്നില്‍ നിന്നും ജന്തര്‍ മന്തറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി വിദ്യബാലകൃഷ്ണന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ കേരളാ ഹൗസിന് മുന്നില്‍ മുഖ്യമന്ത്രിയുടെ ലുക്ക് ഔട്ട് നോട്ടീസും കറുത്ത മാസ്‌കും പതിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week