കൊച്ചി: സ്വപ്ന സുരേഷിന്റെ ആത്മഹത്യ ഭയന്നാണ് താന്‍ വിജിലന്‍സ് മേധാവിയായിരുന്ന എംആര്‍ അജിത് കുമാറിനെ വിളിച്ചതെന്ന് ഷാജ് കിരണ്‍.
ഇന്റര്‍നെറ്റില്‍ നിന്നാണ് ഇദ്ദേഹത്തിന്റെ നമ്ബര്‍ കിട്ടിയത് സ്വപ്ന ആത്മഹത്യ ചെയ്താല്‍ താന്‍ കുടുങ്ങുമെന്ന് ഭയന്നാണ് അഭിമുഖത്തിന് വേണ്ടി നികേഷ് കുമാറിനെയും വിളിച്ചതെന്നും ഷാജ് കിരണ്‍ പറഞ്ഞു.
അതേസമയം അജിത്കുമാര്‍ ഷാജ് കിരണുമായി ഒരു ദിവസം മുപ്പതിലേറെ തവണ സംസാരിച്ചെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഷാജ് കിരണിനെ അജിത് കുമാര്‍ തിരിച്ചും വിളിച്ചിരുന്നെന്ന് രഹസ്യാന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഇദ്ദേഹത്തെ നീക്കിയത്.
കേസില്‍ അജിത് കുമാറിനെയും കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്‌തേക്കുമെന്നാണ് സര്‍ക്കാര്‍ അനുമാനം.എംആര്‍ അജിത് കുമാര്‍, എഡിജിപി വിജയ് സാഖറെ എന്നിവരുമായി ഷാജ് കിരണ്‍ നിരന്തരം സംസാരിച്ചതായി സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. രഹസ്യമൊഴി നല്‍കിയ തന്നെ കൊണ്ട് മൊഴി പിന്‍വലിപ്പിക്കാന്‍ ചില ഇടപെടലുകള്‍ വിജിലന്‍സ് ഡയറക്ടര്‍ എംആര്‍ അജിത് കുമാര്‍ നടത്തിയെന്നായിരുന്നു സ്വപ്നയുടെ ആരോപണം.
തന്റെ മുന്നില്‍ ഷാജ് കിരണ്‍ ഇരിക്കുന്ന സമയത്ത് ഷാജ് കിരണിന്റെ ഫോണിലേക്ക് അജിത് കുമാര്‍ വാട്‌സ് ആപ് കോള്‍ ചെയ്തുവെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. അജിത് കുമാറും എഡിജിപി വിജയ് സാഖറെയും ഷാജ് കിരണിന്റെ ഫോണിലേക്ക് 56 തവണ വിളിച്ചുവെന്നാണ് സ്വപ്നയുടെ ആരോപണം.ആരോപണം എഡിജിപി വിജയ് സാഖറെ നിഷേധിച്ചിട്ടുണ്ട്.
എന്നാല്‍ എംആര്‍ അജിത് കുമാര്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ഷാജ് കിരണ്‍ കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകനായിരിക്കെ സിറ്റി പൊലീസ് കമ്മീഷണര്‍ ആയിരുന്നു എം ആര്‍ അജിത് കുമാര്‍. സരിത്തിനെ കസ്റ്റഡിയിലടുത്ത വിവരം ഷാജ് കിരണ്‍ ആദ്യമറിഞ്ഞത് എം ആര്‍ അജിത് വഴിയാണെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.