ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ 12 വയസുകാരിയുടെ ആത്മഹത്യയില്‍ അമ്മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അമ്മയെ അറസ്റ്റ് ചെയ്യണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കുട്ടിയുടെ മരണം ആത്മഹത്യയാണെന്ന് വ്യക്തമായിട്ടുണ്ടെന്നും മരണത്തിലേക്ക് നയിച്ചതില്‍ അമ്മ ഉത്തരവാദിയാണോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
നാട്ടുകാരുടെ ആവശ്യപ്രകാരം മൃതദേഹം ദഹിപ്പിക്കുന്നതിനുപകരം കുഴിച്ചിടുകയായിരുന്നു. മൃതദേഹം സംസ്‌ക്കരിച്ച ശേഷമാണ് സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധവുമായി എത്തിയത്. അമ്മയ്‌ക്കെതിരെ കേസ് എടുക്കുന്നതില്‍ പൊലീസ് അലംഭാവം കാണിക്കുന്നു എന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ അന്വേഷണം നേരായ ദിശയില്‍ താനെയാണെന്നും അമ്മയ്‌ക്കെതിരായ പരാതികള്‍ അന്വേഷിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
കുട്ടിയുടെ ദേഹത്ത് മുറിവ് പാടുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ അന്വേഷണം.
നേരത്തെ കുട്ടിയുടെ അമ്മ അശ്വതിക്കെതിരെ പിതാവ് രംഗത്തെത്തിയിരുന്നു. കുട്ടി ആത്മഹത്യ ചെയ്തത് അമ്മയുടെ പീഡനം മൂലമാണെന്ന് പിതാവ് ഹരികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടിയെ അമ്മ ചെറുപ്പം മുതല്‍ ഉപദ്രവിക്കുമായിരുന്നു. വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കുട്ടിയെ അമ്മയ്ക്കൊപ്പം വിട്ടത്. അതിന് ശേഷം കാണാന്‍ അനുവദിച്ചത് ഒരു തവണയാണെന്നും പിതാവ് പറഞ്ഞു.
കാര്‍ത്തികപള്ളി വലിയകുളങ്ങര സ്വദേശിനി അശ്വതിയുടെ മകള്‍ ഹര്‍ഷയാണ് ആത്മഹത്യ ചെയ്തത്. അമ്മ വഴക്കുപറഞ്ഞതില്‍ മനംനൊന്തുള്ള ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അമ്മയ്ക്കെതിരെ ചൈള്‍ഡ് ലൈനിലും പിങ്ക് പൊലീസിലും നേരത്തേ പരാതി നല്‍കിയിരുന്നു.