പാലക്കാട്: പാലക്കാട് കടമ്പഴിപ്പുറത്ത് ഭൂമി അളന്നു നൽകാൻ കൈക്കൂലി വാങ്ങിയ നാലുപേരെ വിജിലൻസ് അറസ്റ്റുചെയ്തു. അറസ്റ്റിലായ രണ്ടുപേർ റവന്യൂ ഉദ്യോഗസ്ഥന്മാരാണ്. വിരമിച്ച വില്ലേജ് ഉദ്യോഗസ്ഥനും അറസ്റ്റിലായവരിൽ ഉണ്ട്. പ്രതികളെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
കടമ്പഴിപ്പുറത്ത് വെട്ടേക്കര എന്ന സ്ഥലത്ത് കോങ്ങാട് സ്വദേശി, ഭഗീരഥന്‍റെ 12 ഏക്കർ ഭൂമി പെട്ടെന്ന് അളന്നു തിട്ടപ്പെടുത്താനാണ് പ്രതികൾ അരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. സ്ഥലം ഉടമ കൈക്കൂലി നൽകാൻ തയ്യാറായില്ല, പകരം വിജിലൻസിനെ അറിയിച്ചു. വിജിലൻസിന്‍റെ നിർദേശപ്രകരം നടത്തിയ
നീക്കത്തിലാണ് പ്രതികൾ കുടുങ്ങിയത്.
കടമ്പഴിപ്പുറം വില്ലേജ് ഒന്നിലെ അസിസ്റ്റന്‍റ് ഉല്ലാസ്, അമ്പലപ്പാറ ഫീൽഡ് അസിസ്റ്റന്‍റ് പ്രസാദ് കുമാർ എന്നിവരാണ് അറസ്റ്റിലായ റവന്യൂ ഉദ്യോഗസ്ഥർ. പിടിയിലായ മറ്റൊരാൾ വില്ലേജിലെ താത്കാലികജീവനക്കാരിയായ സുകുലയാണ്. വിജിലൻസ് അറസ്റ്റുചെയ്ത നാലാമൻ വിരമിച്ച വില്ലേജ് ഫീൽഡ് അസിസ്ന്‍ററ് സുകുമാരന്‍ ആണ്. ഇക്കാര്യം മറച്ചുവച്ചാണ്, സുകുമാരൻ ഭൂമി അളക്കാൻ പോവുകയും കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തത്.