പത്തനാപുരം: സെല്‍ഫിയെടുക്കുന്നതിനിടെ വെള്ളാറമണ്‍ കടവില്‍ കല്ലടയാറ്റില്‍ ഒഴുക്കില്‍പ്പെട്ട അനുഗ്രഹയെ രക്ഷിച്ചത് അതിസാഹസികമായി. അപകടക്കെണിയായ കയങ്ങളുള്ള കല്ലടയാറിന്റെ ഈഭാഗത്ത് അകപ്പെട്ടാല്‍ രക്ഷപ്പെടാന്‍ പ്രയാസമാണ്. കയങ്ങള്‍ കടന്ന് ഒഴുകിയെത്തിയ അനുഗ്രഹ വെള്ളം കവിഞ്ഞൊഴുകുന്ന പാറയില്‍ പിടിച്ച് ഏതുനിമിഷവും ഒഴുകിപ്പോകാവുന്ന നിലയിലായിരുന്നു. ആറിന്റെ വടക്കേക്കര പത്തനാപുരം പഞ്ചായത്തിലും തെക്കേക്കര പട്ടാഴി പഞ്ചായത്തിലുമാണ്.
പത്തനാപുരം സ്വദേശിയായ നിര്മലന് അക്കരെനിന്ന് അലറിവിളിച്ചതുകേട്ടാണ് പട്ടാഴി പന്ത്രണ്ടുമുറി അമ്പാടിയില്‍ റിട്ട. കെ.എസ്.ആര്.ടി.സി. ജീവനക്കാരന് ഡി.അജി ആറിനുസമീപത്തേക്ക് ചെന്നത്. പാറയില്‍ പിടിച്ചുകിടന്ന പെണ്‍കുട്ടിയും നിലവിളിക്കുന്നുണ്ടായിരുന്നു. അജി ഉച്ചത്തില്‍ ബഹളംവച്ച് മകന് ശ്രീഹരിയെയും നാട്ടുകാരായ പ്രസാദ്, ബിനോയി എന്നിവരെയും സ്ഥലത്തെത്തിച്ചു.
കുത്തൊഴുക്കില്‍ ആറ്റിലിറങ്ങുന്നത് അപകടമാണെന്നറിഞ്ഞതോടെ അജിയുടെ വീട്ടില്‍നിന്നു കൊണ്ടുവന്ന കയര്‍ ശരീരത്തില്‍ ബന്ധിച്ച് പ്രസാദ് ആറ്റിലിറങ്ങി. നീന്തി പാറയുടെ സമീപമെത്തിയപ്പോള്‍ അനുഗ്രഹ അവശനിലയിലായിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തിലും കയര്‍ ബന്ധിച്ചതോടെ കരയില്‍ നിന്നവര്‍ രണ്ടുപേരെയും കരയിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. സഹോദരന് അഭിനവും സഹപാഠി അപര്‍ണയും തനിക്കൊപ്പം അപകടത്തില്‍പ്പെട്ട വിവരം പെണ്‍കുട്ടി പറഞ്ഞതോടെ അവരെ കണ്ടെത്താന്‍ തിരിച്ചിലായി.
പെണ്‍കുട്ടിയെ അജിയുടെ വീട്ടില്‍ കൊണ്ടുവന്ന് ഉടന്‍ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സംഭവമറിഞ്ഞ് അനുഗ്രഹയുടെ വീട്ടുകാരുമെത്തി. താന്‍ പോകാനിരുന്ന ഒരു യാത്ര മഴകാരണം മാറ്റിവെച്ചതും യാത്രപോയിരുന്ന മകന് ആസമയം തിരിച്ചെത്തിയതുംകൊണ്ടാണ് ഒരു പെണ്‍കുട്ടിയുടെ ജീവന് രക്ഷിക്കാനായതെന്ന് അജി പറഞ്ഞു.
അപകടം നടന്ന വെള്ളാറമണ്‍ കടവില്‍നിന്നു താഴോട്ട് ഏറെനേരം ഒഴുകിപ്പോയ അഭിനവ് (12) രക്ഷപ്പെട്ടതും സഹോദരി അനുഗ്രഹയെപ്പോലെ ഭാഗ്യംകൊണ്ടാണ്. കുത്തൊഴുക്കില്‍ കരഭാഗത്തോടു ചേര്ന്നൊഴുകിയതാണ് രക്ഷയായത്. വള്ളിപ്പടര്‍പ്പില്‍ പിടിച്ച് കരയ്ക്കുകയറി റോഡിലൂടെ നടന്നുവരികയായിരുന്ന കുട്ടിയെ നാട്ടുകാരിലൊരാളാണ് കണ്ടെത്തിയത്. മൂന്നുപേരും ആറ്റിലകപ്പെട്ട വിവരം കുട്ടിയില്നിന്നറിഞ്ഞ ഇദ്ദേഹം അഭിനവിനെ സ്വന്തം വീട്ടിലാക്കിയശേഷം നാട്ടുകാരെ അറിയിക്കുകയായിരുന്നു. ചേച്ചിമാര് ആറ്റിന്കരയില്നിന്ന് സെല്‍ഫിയെടുക്കുന്നതു കണ്ടശേഷം വീട്ടില്‍ വെള്ളംകുടിക്കാന്‍ പോയതായി അഭിനവ് പറഞ്ഞു. തിരിച്ചെത്തിയപ്പോള്‍ ഇരുവരെയും കാണാനില്ല. ഒരാളുടെ ഫോണ്‍ കരയിലുണ്ടായിരുന്നു. പരിഭ്രമിച്ച കുട്ടി പെണ്‍കുട്ടികളെ തിരയുന്നതിനിടെ അബദ്ധവശാല്‍ ആറ്റിലേക്കുവീണ് ഒഴുകിപ്പോകുകയായിരുന്നു.
മൂന്നു കുട്ടികള്‍ കല്ലടയാറ്റില്‍ വീണ വിവരം ഞെട്ടലോടെയാണ് നാട്ടുകാര്‍ കേട്ടത്. വാര്‍ത്ത പരന്നതോടെ ആള്ക്കാര് ഇരുകരകളിലുമായി തടിച്ചുകൂടി. ഇരുവശങ്ങളിലൂടെയും തിരച്ചില്‍ നടത്തുന്നതിനിടെയാണ് അനുഗ്രഹയെ പാറയില്‍ പിടിച്ചനിലയില്‍ ആറ്റില്‍ കണ്ടെത്തിയത്. പിന്നാലെ അഭിനവും രക്ഷപ്പെട്ട വിവരമറിഞ്ഞു. അപര്‍ണയെ കണ്ടെത്താനാകാതെ നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ആവണീശ്വരത്തുനിന്ന് അഗ്നിരക്ഷാസേനയും പിന്നാലെ സ്കൂബ ടീമും ആറ്റില്‍ തിരച്ചില്‍ തുടങ്ങി. കണ്ടെത്താനാകാതെവന്നതോടെ ആറുമണിയോടെ തിരച്ചില്‍ അവസാനിപ്പിച്ചു. ഞായറാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.