33.4 C
Kottayam
Friday, May 3, 2024

17 വര്‍ഷം, പൊലീസും സിബിഐയും അന്വേഷിച്ചിട്ടും തുമ്പില്ല; ആലപ്പുഴയില്‍ നിന്ന് കാണാതായ രാഹുലിന്റെ അച്ഛന്‍ ജീവനൊടുക്കി

Must read

ആലപ്പുഴ: വീടിനടുത്ത് മൈതാനത്ത് കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെയാണ് രാഹുലിനെ അവസാനമായി കണ്ടത്. പിന്നെ ആരും ഐ ഏഴുവയസ്സുകാരനെ കണ്ടിട്ടില്ല. പൊലീസും സിബിഐയും 17 വര്‍ഷം മാറിമാറി അന്വേഷിച്ചിട്ടും രാഹുല്‍ എവിടെ എന്ന ചോദ്യം അന്വേഷണ സംഘത്തിന് മുന്നില്‍ ഉത്തരം കിട്ടാതെ സമസ്യയായി തുടരുന്നു.. ആലപ്പുഴയില്‍ 55കാരനായ രാജുവിന്റെ ആത്മഹത്യയെ തുടര്‍ന്ന് 17 വര്‍ഷം മുന്‍പു കാണാതായ മകന്‍ രാഹുലിന്റെ തിരോധാനം വീണ്ടും ചര്‍ച്ചയാകുകയാണ്. കേരളാ പൊലീസിനെയും സിബിഐയെയും കുഴക്കിയ കേസായിരുന്നു ഏഴ് വയസ്സുകാരനായ രാഹുലിന്റെ തിരോധാനം. സംസ്ഥാനമൊട്ടാകെ മാധ്യമങ്ങള്‍ രാഹുലിന്റെ തിരോധാനം ചര്‍ച്ച ചെയ്തു. 19 മാസം പൊലീസും പിന്നീട് സിബിഐയുടെ കൊച്ചി, തിരുവനന്തപുരം, ചെന്നൈ യൂണിറ്റുകളും ഒന്നരപതിറ്റാണ്ട് അന്വേഷിച്ചിട്ടും രാഹുലിനെ കാണാമറയത്തുനിന്ന് പുറത്തുകൊണ്ടുവരാനായില്ല. .

ആശ്രമം വാര്‍ഡിലെ വീടിനടുത്തുള്ള മൈതാനത്തെ ക്രിക്കറ്റ് കളിക്കിടയിലാണ് എ ആര്‍ രാജുവിന്റെയും മിനിയുടെ മകനായ ഏഴു വയസ്സുകാരന്‍ രാഹുലിനെ 2005 മേയ് 18നു ദുരൂഹമായി കാണാതായത്. നാടുമുഴുവന്‍ തിരഞ്ഞിട്ടും രാഹുലിനെ കണ്ടെത്തിയില്ല. പിന്നീട് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് അന്വേഷണം ഫലം കണ്ടില്ല. സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കേസ് സിബിഐ ഏറ്റെടുത്തു. എന്നാല്‍ കുടുംബം പ്രതീക്ഷിച്ച ഫലം കണ്ടില്ല. ഒന്നരപതിറ്റാണ്ടോളം സിബിഐയുടെ കൊച്ചി, തിരുവനന്തപുരം, ചെന്നൈ സംഘങ്ങള്‍ മാറിമാറി അന്വേഷിച്ചിട്ടും രാഹുലിനെപ്പറ്റി ഒരു സൂചനയും കിട്ടിയില്ല.

19 മാസമാണ് കേരളാ പൊലീസ് അന്വേഷിച്ചത്. അയല്‍വാസികളെയടക്കം നിരവധി പേരെ ചോദ്യം ചെയ്തു. രാഹുലിനെ കൊലപ്പെടുത്തി മൃതദേഹം ചതുപ്പിലേക്ക് തള്ളിയതായി സമ്മതിച്ച അയല്‍വാസിയായ മധ്യവയസ്‌കനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നാല്‍ മൃതദേഹം കണ്ടെത്തുന്നതില്‍ പൊലീസ് പരാജയപ്പെട്ടതോടെ ആ വഴിയും അടഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ മൊഴി വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് കണ്ടെത്തി.സിബിഐയും പൊലീസിന്റെ വഴിയെയാണ് നീങ്ങിയത്. അയല്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവരെ സിബിഐ ചോദ്യം ചെയ്തു. 2006 ഫെബ്രുവരിയില്‍, അയല്‍വാസിയായ യുവാവിനെയും നേരത്തെ ആരോപണവിധേയനായ വ്യക്തിയെയും പോളിഗ്രാഫ് പരിശോധനയ്ക്കും വിധേയമാക്കിയെങ്കിലും അനുകൂലമായ ഒന്നും കണ്ടെത്തിയില്ല.

ശാസ്ത്രീയ അന്വേഷണങ്ങള്‍ക്കും ഫലമില്ലാതായതോടെ 2013ല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐ തീരുമാനിച്ചു. ഇതു ചോദ്യം ചെയ്തു ബന്ധുക്കള്‍ വീണ്ടും കോടതിയെ സമീപിച്ചു. സംശയമുള്ളവരെ ശരിയായി ചോദ്യം ചെയ്തില്ലെന്ന വാദത്തില്‍ കഴമ്പുണ്ടെന്നു കണ്ട് അന്വേഷണം തുടരാന്‍ കോടതി നിര്‍ദേശിച്ചു. അന്വേഷണം അവസാനിപ്പിക്കുകയാണെന്നു 2015ല്‍ കോടതിക്കു റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ വീണ്ടും അന്വേഷണം ആവശ്യപ്പെട്ടു. ഇനി ഒന്നും ചെയ്യാനില്ലെന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചു.

എങ്കിലും ഒരു നാള്‍ രാഹുല്‍ വീട്ടിലേക്കു കയറി വരുമെന്ന പ്രതീക്ഷ രാജുവിനും കുടുംബത്തിനും ഉണ്ടായിരുന്നു. രാഹുലിനെ കാണാതാകുമ്പോള്‍ പിതാവ് രാജു കുവൈത്തിലായിരുന്നു. പിന്നീട് നാട്ടിലെത്തിയതോടെ ശാരീരിക അസ്വസ്ഥതകളും മറ്റും പിടികൂടി. മകന്റെ തിരോധാനം മാനസികമായി തകര്‍ത്തു. കണ്ണടയ്ക്കും മുമ്പ് മകനെ അവസാനമായി കാണണമെന്ന ആ?ഗ്രഹം ബാക്കിയാണ് രാജു മടങ്ങിയത്.

ഞായറാഴ്ച രാത്രി 8.30ഓടെയാണ് രാജുവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭാര്യ മിനി ജോലിക്ക് പോയിരുന്നു. മകള്‍ ശിവാനി മുത്തശ്ശിയോടൊപ്പം ബന്ധുവീട്ടില്‍ പോയിരുന്നു. ഇവര്‍ തിരിച്ചെത്തി വാതിലില്‍ മുട്ടിയപ്പോള്‍ തുറന്നില്ല. സമീപത്തെ വീട്ടില്‍നിന്നും ആളുകളെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ജോലിക്കായുള്ള അഭിമുഖത്തിന് എറണാകുളത്ത് പോയിരുന്നെന്നും വൈകിട്ടാണ് തിരികെയെത്തിയതെന്നും സമീപവാസികള്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week