മുംബൈ: ശബ്ദമാധുര്യം കൊണ്ട് ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ മനംകവര്‍ന്ന ഗായികയാണ് ശ്രേയ ഘോഷാല്‍. ഭാഷയുടെ അതിര്‍വരമ്പുകളെ ഭേദിച്ച് ആരാധകലക്ഷങ്ങളെ സ്വന്തമാക്കിയ ശ്രേയ ഘോഷാല്‍ മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ്. 2021-ലെ ലോക്ക് ഡൗണ്‍ കാലത്താണ് ശ്രേയ അമ്മയാകുന്നത്. ദേവ്യാന് മുഖോപാധ്യായ എന്നാണ് മകന്റെ പേര്.
ഇപ്പോഴിതാ മകന്റെ ഒന്നാം പിറന്നാളിന് അവനോടൊപ്പമുള്ള ഏതാനും ചിത്രങ്ങള്‍ പങ്കുവെച്ച് ഹൃദ്യമായ ഒരു കുറിപ്പും പോസ്റ്റ് ചെയ്തിരിക്കുകയാണ് ശ്രേയ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍. കുട്ടിക്കുറുമ്പനൊപ്പം അമ്മയും അച്ഛനും ഉള്‍പ്പെട്ട ചിത്രങ്ങള്‍ ഏറെ മനോഹരമെന്ന് ആരാധകരും കുറിയ്ക്കുന്നു.
‘ഞങ്ങളുടെ കൊച്ചുമകന് ദേവ്യാന് ഒന്നാം പിറന്നാള്‍ ആശംസകള്‍. മാതാപിതാക്കളായി ഞങ്ങളെ ജനിപ്പിച്ച് ജീവിതം വളരെ മനോഹരവും സന്തോഷവും നിറഞ്ഞതാണെന്ന് നീ ഞങ്ങള്‍ക്ക് കാണിച്ചുതന്നു. ലോകത്തിലെ മുഴുവന്‍ സ്നേഹത്താല്‍ ഞങ്ങളുടെ മകന് അനുഗ്രഹിക്കപ്പെടുകയും വളരുകയും ചെയ്യട്ടെ. എളിമയും സത്യസന്ധതയും നല്ല ഹൃദയവുമുള്ള മനുഷ്യനായി നീ വളരുക’ എന്ന് വളരെ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പാണ് മകന്റെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ ശ്രേയ ഘോഷാല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മെയ് 22-നായിരുന്നു ശ്രേയ ഘോഷാലിന് മകന് പിറന്നത്. ഭര്‍ത്താവിനും മകനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശ്രേയ മകന്റെ ജനനത്തെക്കുറിച്ച് ആരാധകരോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.
‘ദേവ്യാന് മുഖോപാധ്യായയെ പരിചയപ്പെടുത്തുകയാണ്. ഞങ്ങളുടെ ജീവിതത്തെ എക്കാലത്തേക്കും മാറ്റിക്കൊണ്ട് മെയ് 22-ന് അവന് എത്തി. ഒരു അമ്മയ്ക്കും അച്ഛനും മാത്രം സ്വന്തം കുഞ്ഞിനോട് തോന്നുന്ന ഒരുതരം സ്നേഹം കൊണ്ട് ആദ്യ കാഴ്ചയില്‍ത്തന്നെ അവന് ഞങ്ങളുടെ ഹൃദയം നിറച്ചു. പരിശുദ്ധവും നിയന്ത്രിക്കാനാവാത്തതുമായ സ്നേഹം. ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. ജീവിതത്തിലെ ഈ മനോഹര സമ്മാനത്തിന് ശൈലാദിത്യയും ഞാനും ഏറെ കടപ്പെട്ടവരായിരിക്കും’. ശ്രേയ കുറിയ്ക്കുന്നു.
ശിലാദിത്യ മുഖോപാധ്യായയാണ് ശ്രേയയുടെ ജീവിതപങ്കാളി. ബാല്യകാലസുഹൃത്തുക്കളായിരുന്ന ഇരുവരുടെയും വിവാഹം 2015-ലായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.
മലയാളത്തിലും ഹിന്ദിയിലും ബംഗാളിയിലും ഉള്‍പ്പെടെ നൂറ് കണക്കിന് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ശ്രേയ ഘോഷാല്‍ ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ഗായികയാണ്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ശ്രേയ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നാലു തവണ ശ്രേയയെ തേടിയെത്തി. മലയാളത്തിലും നിരവധി സംഗീതപുരസ്കാരങ്ങള്‍ ശ്രേയയ്ക്ക് ലഭിച്ചിട്ടുണ്ട്.