തിരുവനന്തപുരം: കാട്ടുപന്നിയെ കുടുക്കാന്‍ കെട്ടിയ വൈദ്യുത കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. തിരുവനന്തപുരം വിതുര മേമല ലക്ഷ്മി എസ്റ്റേറ്റിന് സമീപമാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 65 വയസ് തോന്നിക്കുന്നയാളാണ് മരിച്ചത്. നസീര്‍ മുഹമ്മദിന്റെ പുരയിടത്തിലാണ് ഇയാള്‍ ഷോക്കേറ്റ് മരിച്ചത്. മരക്കുറ്റിയിലാണ് വൈദ്യുതി കമ്പിവേലി ഘടിപ്പിച്ചിരുന്നത്. ഈ കമ്പിവേലി മരിച്ചയാളുടെ ശരീരത്തില്‍ ചുറ്റിക്കിടന്ന നിലയിലായിരുന്നു.
ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. കാട്ടുപന്നി ശല്യം രൂക്ഷമായ മേഖലയില്‍ ഇത് തടയാന്‍ കമ്പിയിലൂടെ വൈദ്യുതി കടത്തി വിട്ടതാണ് അപകടത്തിന് കാരണമായത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാലക്കാട് രണ്ട് പൊലീസുകാരും സമാനമായ രീതിയില്‍ മരിച്ചിരുന്നു
പാലക്കാട് മുട്ടികുളങ്ങര പൊലീസ് ക്യാംപിലെ പൊലീസുകാരാണ് മരിച്ചത്. അശോകന്‍, മോഹന്‍ദാസ് എന്നിവരാണ് മരിച്ചത്. മീന്‍ പിടിക്കാന്‍ രാത്രി ക്യാംപില്‍ നിന്ന് പോയതിനിടെയാണ് സംഭവം. സംഭവത്തില്‍ പുരയിടത്തിലെ ഉടമസ്ഥനായ സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പന്നിയെ പിടിക്കാന്‍ വൈദ്യുതി കെണി സ്ഥാപിച്ചു എന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
അതേസമയം വൈദ്യുതി കെണി സ്ഥാപിച്ച സ്ഥലത്ത് നിന്ന് മാറി വയലിലായിരുന്നു പൊലീസുകാരുടെ മൃതദേഹം കിടന്നിരുന്നത്. താനാണ് ഇവിടെ നിന്ന് മൃതദേഹം മാറ്റിയത് എന്ന് സുരേഷ് സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇയാള്‍ക്കൊപ്പം പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. വൈദ്യുതി കടത്തി വിടാന്‍ ഉപയോഗിച്ച കമ്പി പൊലീസ് ക്യാംപിലെ കുളത്തിലേക്ക് ഇയാള്‍ വലിച്ചെറിഞ്ഞിരുന്നു.
2016-ല്‍ കാട്ടുപന്നിയെ വൈദ്യുതിക്കെണി ഉപയോഗിച്ച് പിടികൂടിയതിന് ഇയാള്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു. മരിച്ച അശോകനും മോഹന്‍ദാസും ഹവില്‍ദാര്‍മാരാണ്. ഇരുവരെയും കാണാതായപ്പോള്‍ മുതല്‍ തുടര്‍ച്ചയായി സഹപ്രവര്‍ത്തകര്‍ ഇവരുടെ മൊബൈല്‍ ഫോണുകളിലേക്ക് വിളിച്ചിരുന്നെങ്കിലും എവിടെയാണെന്ന് കണ്ടെത്തിയിരുന്നില്ല. അത് വഴി കടന്നു പോയ നാട്ടുകാരാണ് മൃതദേഹങ്ങള്‍ കണ്ടതായുള്ള വിവരം പൊലീസിനെ അറിയിച്ചത്.
രണ്ട് മൃതദേഹങ്ങളും തമ്മില്‍ 60 മീറ്റര്‍ അകലമുണ്ടായിരുന്നു. പാട വരമ്പിനോട് ചേര്‍ന്ന് ഒറ്റനോട്ടത്തില്‍ കാണാത്ത വിധത്തിലാണ് രണ്ട് മൃതദേഹങ്ങളും കിടന്നിരുന്നത്. ഇരുവരുടേയും മൃതദേഹങ്ങള്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഹേമാംബിക നഗര്‍ ഇന്‍സ്പെക്ടര്‍ എ സി വിപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.