സെമിനാരികളിൽ നടക്കുന്നതെന്ത്, പോൺസിനിമകളെ വെല്ലുന്ന ലീലാ വിലാസങ്ങളോ ! ഇവർ ദൈവത്തിന്റെയോ ചെകുത്താന്റെയോ സന്തതികളോ ?വീണ്ടും ക്രൈസ്തവ സഭയെയും വൈദികരെയും വിശ്വാസികളെയും അടച്ചാക്ഷേപിച്ച് മറ്റൊരു സിനിമ കൂടി ; വിവാദം
കൊച്ചി: നാദിർഷായുടെ ഈശോയ്ക്കു പിന്നാലെ ക്രൈസ്തവ സഭയെയും വൈദികരെയും അടച്ചാക്ഷേപിച്ച കുരിശ് എന്ന ചിത്രം വിവാദമാകുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതാണ് ഇപ്പോൾ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. സഭകളെയും വൈദികരെയും അടച്ചാക്ഷേപിക്കുന്ന കണ്ടെന്റുകളാണ് സിനിമയിലുള്ളതെന്ന വിമർശനം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തു വന്നപ്പോൾ തന്നെ കടുത്ത വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ അടക്കം ഒരുങ്ങുന്നത്.
റിയൽ സ്റ്റോറി, റിയൽ ക്രൈം എന്ന ടാഗ് ലൈനിലാണ് കുരിശ് എന്ന ചിത്രം പുറത്തിറങ്ങുന്നത്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ – വേണ്ടി വന്നാൽ പുരോഹിതരെയും കുരിശേറ്റാം, ശരിക്കും സെമിനാരികളിൽ നടക്കുന്നതെന്ത്, പോൺസിനിമകളെ വെല്ലുന്ന ലീലാ വിലാസങ്ങളോ, ഇവർ ദൈവത്തിന്റെ സന്തതികളോ അതോ സാത്താന്റെ സന്തതികളോ – എന്നീ വാക്കുകൾ ഉൾപ്പെടുത്തിയതാണ് ഇപ്പോൾ വിവാദമായി മാറിയത്. ഇത് കൂടാതെ പുരോഹിത വർഗം കാണിച്ചു കൂട്ടുന്ന ഞെട്ടിക്കുന്ന സംഭവങ്ങൾ കോർത്തിണക്കുന്നു എന്ന അറിയിപ്പും പോസ്റ്ററിലുണ്ട്.
ഫ്രണ്ട്‌സ് പ്രസന്റ് ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ രാജാണ്. റിയൽ സ്റ്റോറി റിയൽ ക്രൈം എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ കണ്ടന്റ് തന്നെ ക്രൈസ്തവ സഭകൾക്കെതിരായ വിമർശനമാണ് എന്ന് അണിയറ പ്രവർത്തകർ സൂചന നൽകുന്നു. കടുത്ത വിമർശനം ഭയന്ന് ഇവർ ആരും തന്നെ പക്ഷേ, ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളൊന്നും പുറത്ത് വിടാൻ തയ്യാറായിട്ടില്ല. കഥ അടക്കമുള്ള കാര്യങ്ങൾ ഇവർ പുറത്ത് വിടാത്തത് സഭയുടെ എതിർപ്പ് ഭയന്നാണ് എന്നാണ് ലഭിക്കുന്ന സൂചന. ഈ സാഹചര്യത്തിൽ സഭയുടെ എതിർപ്പ് ഒഴിവാക്കാൻ നെറ്റ് ഫ്‌ളിക്ക്‌സ് അടക്കമുള്ള ഓൺലൈൻ പ്ലാറ്റ് ഫോമുകൾ വഴി ചിത്രം റിലീസ് ചെയ്യുന്നതിനാണ് അണിയറ പ്രവർത്തകർ ഒരുങ്ങുന്നത്. എന്നാൽ, ചിത്രം റീലീസ് ചെയ്യുന്നത് വരെ വിവരങ്ങളെല്ലാം രഹസ്യമാക്കി വയ്ക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.