27.1 C
Kottayam
Monday, May 6, 2024

ന്യൂയോര്‍ക്കിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവയ്പ്,10 പേര്‍ കൊല്ലപ്പെട്ടു

Must read

ന്യൂയോര്‍ക്ക്: അമേരിക്കയെ ഞെട്ടിച്ച കൂട്ടവെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു, 3 പേര്‍ക്കു പരുക്കേറ്റു. ന്യൂയോര്‍ക്കിലെ ബഫലോ നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റിലാണു വെടിവയ്പുണ്ടായത്. പട്ടാളവേഷം ധരിച്ചെത്തിയ പേടെന്‍ ജെന്‍ഡ്രന്‍ (18) എന്നയാളാണു വെടിയുതിര്‍ത്തതെന്നു പൊലീസ് പറഞ്ഞു. ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറയിലൂടെ വെടിവയ്പിന്റെ ദൃശ്യങ്ങള്‍ അക്രമി തത്സമയം പുറത്തുവിടുകയും ചെയ്തു.

വംശീയ അക്രമണമാണെന്നാണു പ്രാഥമിക നിഗമനമെന്നും അക്രമി കസ്റ്റഡിയിലായെന്നും അധികൃതര്‍ അറിയിച്ചു. സായുധ വേഷത്തിലെത്തിയ അക്രമി ടോപ്‌സ് ഫ്രണ്ട്ലി മാര്‍ക്കറ്റ് എന്ന സൂപ്പര്‍മാര്‍ക്കറ്റിലാണു വെടിയുതിര്‍ത്തത്. ‘അക്രമി വളരെ അക്രമോത്സുകനായിരുന്നു. ധാരാളം ആയുധങ്ങളും കൈവശമുണ്ടായിരുന്നു. വെടിവയ്പിന്റെ ലൈവ് സ്ട്രീമിങ്ങിനായി ക്യാമറ ഘടിപ്പിച്ച ഹെല്‍മറ്റ് ധരിച്ചാണ് ഇയാള്‍ എത്തിയത്’- സിറ്റി പൊലീസ് കമ്മിഷണര്‍ ജോസഫ് ഗ്രമാഗ്ലിയ മാധ്യമങ്ങളോടു പറഞ്ഞു.

സൂപ്പര്‍മാര്‍ക്കറ്റിനു പുറത്തുള്ള നാലുപേരെയാണ് അക്രമി ആദ്യം വെടിവച്ചത്. മൂന്നു പേര്‍ക്കു പരുക്കേറ്റു. കടയ്ക്കുള്ളിലുണ്ടായിരുന്ന മുന്‍ ബഫലോ പൊലീസ് സേനാംഗമായ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആക്രമിയെ വെടിവച്ച് പ്രതിരോധിച്ചു. പക്ഷേ, ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാല്‍ അക്രമിക്കു പരുക്കേറ്റില്ല. സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവച്ചു കൊന്ന അക്രമി കടയ്ക്കുള്ളിലേക്കു കയറി കൂടുതലാളുകള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

വെടിയേറ്റവരില്‍ 11 പേര്‍ കറുത്ത വര്‍ഗക്കാരും രണ്ടു പേര്‍ വെളുത്ത വര്‍ഗക്കാരുമാണെന്നു പൊലീസ് പറഞ്ഞു. കറുത്ത വര്‍ഗക്കാര്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്തായിരുന്നു ആക്രമണം. സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ സ്വന്തം കഴുത്തിനു നേര്‍ക്കു തോക്കുചൂണ്ടിയ നിലയിലായിരുന്നു അക്രമി. പൊലീസുകാര്‍ ഇയാളുമായി സംസാരിച്ചതിനു പിന്നാലെ തോക്കും മറ്റായുധങ്ങളും ഉപേക്ഷിച്ച് അക്രമി കീഴടങ്ങുകയായിരുന്നെന്നു അധികൃതര്‍ വിശദീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week