വയനാട്: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. തിരുവനന്തപുരത്ത് നിന്ന് വയനാട്ടിൽ എത്തിയ വിനോദ സഞ്ചാരികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ആറ് പേരെ കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. വയനാട് കമ്പളക്കാട് സ്വകാര്യ ഹോട്ടലിൽ നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. 23 അംഗ വിനോദ സഞ്ചാരി സംഘത്തിൽ 18 പേർക്ക് അസ്വസ്ഥത ഉണ്ടായി. നാല് പേർക്ക് അവശത അനുഭവപ്പെട്ടു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കമ്പളക്കാടുള്ള സ്വകാര്യ ഹോട്ടലിൽ പരിശോധനക്കെത്തി. ഭക്ഷ്യവിഷ ബാധയേറ്റത് ഈ ഹോട്ടലിൽ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു. മേപ്പാടിയിലുള്ള ഹോട്ടലിൽ നിന്നും സംഘം ഭക്ഷണം കഴിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച കാസർകോട് ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുകയും ഒരു വിദ്യാർത്ഥി മരിച്ചതും വലിയ വാർത്തയായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി ദേവനന്ദയാണ് മരിച്ചത്. മൂന്ന് പേർ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലാണ്. ഇതിൽ ഒരു പെൺകുട്ടിയുടെ നില ഗുരുതരമാണ്. ഒരു കുട്ടിയുടെ വൃക്കയ്ക്ക് തകരാറും മറ്റ് കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുമുണ്ട്. ഇവരുടെ ചികിത്സയ്ക്കായി അഞ്ചംഗ മെഡിക്കൽ ബോർഡിനെ ചുമതലപ്പെടുത്തി. നാല് കുട്ടികൾ കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഫുഡ് സേഫ്റ്റി ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐഡിയൽ ഫുഡ് പോയന്റെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. പിന്നാലെ കട പൂട്ടി സീൽ ചെയ്തു. അതിനിടെ സംസ്ഥാനത്ത് ഷവർമ്മ നിർമാണത്തിൽ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. ഇതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ കഴിയുന്ന കുട്ടികളുടെ നില ഗുരുതരമല്ല. ഈ കുട്ടികൾക്ക് സൗജന്യചികിത്സ നൽകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.