പാട്യാല : പഞ്ചാബിലെ പാട്യാലയില്‍ ശിവസേന റാലിക്കിടെ സംഘര്‍ഷം. പാട്യാലയില്‍ ഖാലിസ്ഥാന്‍ അനുകൂലികളുടെ സംഘടനകള്‍ക്കെതിരെ പഞ്ചാബ് ശിവസേന വര്‍ക്കിംഗ് പ്രസിഡന്റ് ഹരീഷ് സിംഗ്ലയുടെ നേതൃത്വത്തില്‍ നടന്ന റാലിക്കിടെയാണ് സംഘര്‍ഷം ഉടലെടുത്തതത് . പാട്യാലയിലെ കാളിമാത ക്ഷേത്രത്തിന് സമീപം ശിവസേന പ്രവര്‍ത്തകരും സിഖ് സംഘടനകളും ചേരി തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. ഇരു സംഘടനകളും തമ്മില്‍ കല്ലേറും വാക്കേറ്റവുമുണ്ടായി. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.
സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രി ഭഗവന്ത് മാന്‍ സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വി കെ ഭാവ്രയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. സമാധാന ലംഘനവും സംഘര്‍ഷവും കണക്കിലെടുത്ത് ശനിയാഴ്ച രാവിലെ 6 മണി വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശിവസേന ( ബാല്‍ താക്കറെ ) സംഘടിപ്പിച്ച ഖാലിസ്ഥാന്‍ മുര്‍ദാബാദ് മാര്‍ച്ചിനെ എതിര്‍ക്കാന്‍ തീവ്ര സിഖ് ഘടകങ്ങള്‍ വന്‍തോതില്‍ രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പട്യാലയിലെ ആര്യസമാജ് ചൗക്കില്‍ നിന്ന് കാളി ദേവി ക്ഷേത്രത്തിലേക്ക് നടന്ന വിഘടനവാദ വിരുദ്ധ മാര്‍ച്ചിന് സംഘടനയുടെ എക്സിക്യൂട്ടീവ് പ്രസിഡന്റ് ഹരീഷ് സിംഗ്ലയാണ് നേതൃത്വം നല്‍കിയത് .
പഞ്ചാബിലോ ഇന്ത്യയിലെവിടെയോ ഖലിസ്ഥാന്‍ രൂപീകരിക്കാന്‍ ശിവസേന ഒരിക്കലും അനുവദിക്കില്ലെന്ന് ഹരീഷ് സിംഗ്ല പറഞ്ഞു. നിരോധിച്ച സിഖ് ഫോര്‍ ജസ്റ്റിസ് കണ്‍വീനര്‍ ഗുര്‍പത്വന്ത് പന്നു ഏപ്രില്‍ 29 ന് ഖാലിസ്ഥാന്റെ സ്ഥാപക ദിനം ആഘോഷിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, ഖാലിസ്ഥാന്‍ അനുകൂലികള്‍ വന്‍തോതില്‍ സ്ഥലത്തെത്തി, ഇരുവിഭാഗവും പരസ്പരം കല്ലെറിയാന്‍ തുടങ്ങി .
സംസ്ഥാന സര്‍ക്കാര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അക്രമം ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി മാന്‍ ട്വീറ്റ് ചെയ്തു. പട്യാലയിലെ സംഘര്‍ഷം ദൗര്‍ഭാഗ്യകരമാണ്. ഞാന്‍ ഡി ജി പിയുമായി സംസാരിച്ചു, പ്രദേശത്ത് സമാധാനം പുനഃസ്ഥാപിച്ചിട്ടുണ്ട്. ഞങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്, സംസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. പഞ്ചാബിന്റെ സമാധാനവും സൗഹാര്‍ദവും പരമപ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി .
പട്യാല സീനിയര്‍ പോലീസ് സൂപ്രണ്ട് ( എസ് എസ് പി ) നാനക് സിംഗ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ 15 റൗണ്ട് ആകാശത്തേക്ക് വെടിവച്ചു. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹിന്ദു പ്രവര്‍ത്തകനായ അശുതോഷ് ഗൗതമിനും കരംവീര്‍ സിംഗ് എന്ന പോലീസ് ഉദ്യോഗസ്ഥനുമാണ് പരിക്കേറ്റത് . കാളിമാതാ ക്ഷേത്രത്തിന് പുറത്ത് ഖാലിസ്ഥാന്‍ അനുകൂലികള്‍ തടിച്ചുകൂടിയതിനാല്‍ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമായി തുടരുകയാണ് . സിഖ് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഖാലിസ്ഥാനെതിരായ പ്രതിഷേധത്തെ എതിര്‍ക്കുന്നതില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണ് .
സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ജില്ലാ ഭരണകൂടം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. എന്തെങ്കിലും തര്‍ക്കമോ തെറ്റിദ്ധാരണയോ ഉണ്ടായാല്‍ പോലും അത് സംസാരിച്ച് പരിഹരിക്കേണ്ടത് പ്രധാനമാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ സാക്ഷി സാഹ്നി പറഞ്ഞു, അടിസ്ഥാനരഹിതമായ വിവരങ്ങളിലും സോഷ്യല്‍ മീഡിയ ഫോര്‍വേഡുകളിലും ഇരയാകരുതെന്ന് അവര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അതേ സമയം , ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയെയും മുഖ്യമന്ത്രി മന്നിനെയും കോണ്‍ഗ്രസിന്റെ പര്‍തപ് സിംഗ് ബജ്വ വിമര്‍ശിച്ചു , സംഭവങ്ങളെ സമ്പൂര്‍ണ അരാജകത്വം എന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത് .