കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress attack case) തിരുവനന്തപുരം ലത്തീൻ രൂപതയിലെ വൈദികനായ വിക്ടറിന്‍റെ മൊഴിയെടുത്തു. ദിലീപിന്‍റെ ഫോണിൽ നിന്ന് വൈദികന്‍റെ അക്കൗണ്ടിൽ പണം നൽകിയതിന്‍റെ രേഖ ലഭ്യമായ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യൽ. എന്നാൽ ദിലീപുമായി സൗഹൃദമുണ്ടെന്നും ദിലീപിന്‍റെ വീട്ടിൽ ബാലചന്ദ്രകുമാറിന്‍റെ ഒപ്പം പോയിരുന്നതായും വിക്ടർ അന്വേഷണ സംഘത്തിന് മൊഴി നൽകി. ആലുവ പൊലീസ് ക്ലബിൽ വെച്ചാണ് മൊഴി എടുത്തത്.
സംവിധായകൻ ബാലചന്ദ്രകുമാർ വൈദികൻ വഴി തന്നോട് പണം ആവശ്യപ്പെട്ടിരുന്നെന്ന് ദിലീപ് ആരോപിച്ചിരുന്നു. ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ അഭിഭാഷകരുടെ ഫോൺ സംഭാഷണം പുറത്ത് വിട്ട ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിചാരണ കോടതിയിൽ ഹർജി വന്നു. ഹൈക്കോടതി അഭിഭാഷകനായ സേതുനാഥ് ആണ് ഹർജി നൽകിയത്. അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണത്തിൻമേൽ പോലീസിന് അന്വേഷണം നടത്താനാകില്ലെന്നും തുടർന്നപടി കോടതി തടയണമെന്നുമാണ് ഹർജിയിലെ ആവശ്യം.
ദിലീപിൻ്റെ അഭിഭാഷകർക്കെതിരെ വീണ്ടും അതിജീവിത രംഗത്തെത്തി.. ഇതുമായി ബന്ധപ്പെട്ട് അതിജീവിത ബാർ കൗൺസിലിൽ കൂടുതൽ തെളിവുകൾ നൽകി. അഭിഭാഷകരുടെ ശബ്ദരേഖയുടെ പകർപ്പും രേഖകളും അതിജീവിത കൈമാറി. അഭിഭാഷകർ ചട്ടം ലംഘിച്ച് സാക്ഷികളെ കണ്ടു എന്നും മൊഴി മാറ്റാൻ നേരിട്ട് ഇടപെട്ടു എന്നും അതിജീവിത ചൂണ്ടിക്കാട്ടുന്നു. അഡ്വ. ബി രാമൻ പിള്ള ഉൾപ്പെടെയുള്ള അഭിഭാഷകർ നിയമവിരുദ്ധമായി നടത്തിയ ഇടപെടലുകളുടെ തെളിവുകളാണ് താൻ സമർപ്പിക്കുന്നതെന്നും അതിജീവിത പറഞ്ഞു. ദിലീപിൻ്റെ അഭിഭാഷകരായ ബി രാമൻ പിള്ള, ഫിലിപ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവർക്കെതിരെയാണ് പരാതി. കേസ് അട്ടിമറിയ്ക്കാൻ പ്രതികൾക്ക് വേണ്ടി അഭിഭാഷകർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തന്നിൽ ആശങ്കയുണ്ടാക്കുന്നു എന്ന് അതിജീവിത പറയുന്നു.