കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ യോഗം വിളിച്ച് സർക്കാർ. അടുത്ത മാസം നാലിനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. എല്ലാ സിനിമാ സംഘടനകളെയും യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്.മെയ് നാലിന് സാംസ്ക്കാരിക മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്താണ് യോഗം. അമ്മ, മാക്ട, ഫെഫ്ക, ഡബ്ള്യുസിസി, ഫിലിം ചേമ്പർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അടക്കം സിനിമാ മേഖലയിലെ മുഴുവൻ സംഘടനകളെയും വിളിച്ചിട്ടുണ്ട്.
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനായിരുന്നു കമ്മിറ്റി. രണ്ട് വർഷം മുമ്പ് റിപ്പോർട്ട് നൽകിയിട്ടും സാങ്കേതിക കാരണം പറഞ്ഞ് വിശദാംശങ്ങൾ പുറത്ത് വിടാത്ത സർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സിനിമാ മേഖലയിൽ കൂടുതൽ പീഡനപരാതികൾ ഉയരുന്ന സാഹചര്യത്തിൽ കൂടിയാണ് സർക്കാർ യോഗം വിളിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിക്കാൻ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല.
ഡബ്ല്യുസിസി അടക്കമുള്ളവർ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണമെന്ന് പലവട്ടം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അത് പുറത്തു വിടാൻ സർക്കാർ ഒരുക്കമായിരുന്നില്ല. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് സിനിമാമേഖലയിൽ പ്രശ്‌നങ്ങൾ പഠിക്കാനായി സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്.
കഴിഞ്ഞ ദിവസം നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗാരോപണം പുറത്തു വന്നതോടെ ഡബ്ല്യു സി സി വീണ്ടും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ യോഗം വിളിച്ചിരിക്കുന്നത്.