തിരുവനന്തപുരം: കെ റെയില്‍ സംവാദത്തില്‍ നിന്ന് അലോക് വര്‍മയുടം ശ്രീധര്‍ രാധാകൃഷ്ണനും പിന്മാറി. സര്‍ക്കാര്‍ നിശ്ചയിച്ച സംവദമാണിത്. അതേസമയം എതിര്‍ക്കുന്നവരുടെ പാനലില്‍ ഇതോടെ ആര്‍വിജി മേനോന്‍ മാത്രമാണ് ഉള്ളത്. സംവാദത്തിലേക്ക് സര്‍ക്കാര്‍ ക്ഷണിക്കണമെന്ന ആവശ്യം തള്ളിയതോടെയാണ് അലോക് വര്‍മ പിന്‍മാറിയത്. ചീഫ് സെക്രട്ടറിക്ക് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് കാണിച്ച് അലോക് വര്‍മ കത്തയച്ചു. കെ റെയില്‍ കോര്‍പ്പറേഷനാണ് തന്നെ ക്ഷണിച്ചത്. എന്നാല്‍ സംവാദം നടത്തുമെന്ന് പറഞ്ഞത് സംസ്ഥാന സര്‍ക്കാരാണ്. അതുകൊണ്ട് സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ സംവാദത്തിലേക്ക് ക്ഷണിക്കണമെന്നും കത്തില്‍ അലോക് വര്‍മ പറയുന്നു.
അതേസമയം അലോക് വര്‍മയുടെ ആവശ്യം സര്‍ക്കാര്‍ അവഗണിച്ചതോടെ പിന്‍മാറുകയാണെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. താന്‍ അലോക് വര്‍മയുടെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് ശ്രീധര്‍ രാധാകൃഷ്ണനും നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തെ പാനല്‍ ചര്‍ച്ചയില്‍ നിന്ന് സാമൂഹ്യ നിരീക്ഷകനായ ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയിരുന്നു. സില്‍വര്‍ ലൈനിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നവരെയാണ് നേരത്തെ പാനലില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ജോസഫ് സി മാത്യുവിന് പകരമാണ് പരിസ്ഥിതി ഗവേഷകനായ ശ്രീധര്‍ രാധാകൃഷ്ണനെ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിഎസ് സര്‍ക്കാരിന്റെ കാലത്ത് ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യു പിണറായി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ്. അദ്ദേഹത്തെ രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് ഒഴിവാക്കിയെന്നാണ് സൂചന. 28ന് രാവിലെയാണ് പാനല്‍ ചര്‍ച്ച. അതേസമയം പിന്‍മാറിയവര്‍ക്ക് പകരക്കാരെ വെക്കാതെ സംവാദവുമായി മുന്നോട്ട് പോകാനാണ് കെ റെയില്‍ നീക്കം. സര്‍ക്കാരിന് പകരം കെ റെയില്‍ ക്ഷണിച്ചതും പദ്ധതിയുടെ ആവശ്യകതയ്ക്ക് വേണഅടിയുള്ള സംവാദമെന്ന ക്ഷണക്കത്തിലെ ഭാഷയിലും പ്രതിഷേധിച്ചാണ് അലോക് വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും പിന്‍മാറിയത്. ആര്‍വിജി മേനോന് കൂടുതല്‍ സമയം അനുവദിക്കാന്‍ കെ റെയില്‍ തീരുമാനിച്ചിട്ടുണ്ട്.
ഇനി പുതിയ അതിഥികളെ ചര്‍ച്ചയിലേക്ക് ക്ഷണിക്കാന്‍ സമയം കുറവായത് കൊണ്ടാണ് ഇപ്പോഴുള്ളതില്‍ തന്നെ കാര്യങ്ങള്‍ ഒതുക്കുന്നത്. കാരണമൊന്നും പറയാതെ ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതില്‍ കടുത്ത പ്രതിഷേധം എല്ലാവരിലുമുണ്ട്. എതിര്‍പ്പറിയിക്കുന്നവരുടെ അഭിപ്രായങ്ങളും കേള്‍ക്കുന്നുവെന്ന പേരില്‍ അത്തരമൊരു നീക്കം നടത്തി, എന്നാല്‍ അവാന നിമിഷം സര്‍ക്കാര്‍ ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുന്നുവെന്നാണ് വിമര്‍ശനം. സംവാദത്തിന് ചീഫ് സെക്രട്ടറിയാണ് മുന്‍കൈയ്യെടുത്തത്. സംസ്ഥാനത്തിന്റെ ബഹുമുഖ വികസന കുതിച്ചു ചാട്ടത്തിന് വഴിവെക്കുന്ന പദ്ധതിയെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യമെന്നാണ് കെ റെയില്‍ അയച്ച ക്ഷണക്കത്തിലുള്ളത്.