തൃശ്ശൂർ:കൊടുങ്ങല്ലൂരില്‍ അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ ഡിവഐെസ്പിയും സംഘവും സിനിമാ സ്റ്റൈലില്‍ പിന്തുടര്ന്നാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പൊലീസ് സംഘം കൊടുങ്ങല്ലൂർ ബൈപ്പാസിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്.
കൊടുങ്ങല്ലൂർ സ്വദേശി അരുൺ , പടിഞ്ഞാറെ വെമ്പല്ലൂർ കാരേപ്പറമ്പിൽ ആദർശ് എന്നിവരാണ് പിടിയിലായത്. കൊടുങ്ങല്ലൂർ എസ്എച്ച്ഒ ബ്രിജുകുമാർ, എസ്.ഐ മാരായ കെഎസ് സൂരജ്, ആനന്ദ് കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ്ഐ പിസി സുനിൽ, വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോകാൻ ശ്രമിച്ച ഹിമാലയൻ ബുള്ളറ്റ് ബൈക്കിന് കുറുകെ പൊലീസ് ജീപ്പിട്ട് തടഞ്ഞു. എന്നിട്ടും ഇവർ പൊലീസുകാരെ ഇടിച്ചു വീഴ്ത്തി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് ബലപ്രയോഗത്തിലൂടെ ഇവരെ കീഴടക്കുകയായിരുന്നു.
മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിൽ ചില്ലറ വിൽപ്പന ക്കായി എറണാകുളത്തെക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികൾ പൊലീസ് പിടിയിലായത്. പ്രതികളിൽ ഒരാളായ ആദർശ് കാക്കനാട് മുറിയെടുത്ത് താമസിച്ചു ആലപ്പുഴ എസ്എൻ കോളേജിൽ ബിരുദ പഠനം നടത്തുകയാണ്. കോളേജിലും താമസ സ്ഥലത്തും ഇയാൾ മയക്കുമരുന്ന് ചില്ലറ വിൽപ്പന നടത്തിവന്നിരുന്നതായി പൊലീസ് പറഞ്ഞു.
കഞ്ചാവ് വെട്ടിയെടുത്ത് ഉണക്കി വാറ്റിയെടുക്കുന്ന ഹാഷിഷ് ഓയിൽ ഇപ്പോൾ യുവാക്കള്‍ വ്യാപകമായി ഉപയോഗിച്ച് വരുന്നതായി കണ്ടെത്തിയിട്ടുണ്ട്.. ആരുമറിയാതെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാമെന്നതും യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്നതായി പൊലീസ് കരുതുന്നു. ഹാഷിഷ് ഓയിലിൻറെ ഉറവിടത്തെപറ്റിയും, പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവരെയും കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊല്ലം ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി 35 ഗ്രാം എംഡിഎംഎ പിടിച്ചു. വിപണിയിൽ പതിനഞ്ചു ലക്ഷത്തിലധികം മാണ് ഇതിന്റെ വില. രണ്ടു യുവാക്കൾ അറസ്റ്റിലായി. നിലമേലിൽ വിൽപ്പനക്കായി ലോഡ്ജ്മുറിയിൽ സൂക്ഷിച്ചിരുന്ന 29 ഗ്രാം എംഡിഎംഎയാണ് കൊട്ടാരക്കര ഡിവൈഎസ്പിയും സംഘവും പിടിച്ചെടുത്തത്. ഈ കേസിൽ നിലമേൽ,കണ്ണൻക്കോട് സ്വദേശി എന്ന സിയാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. എംഡിഎംഎ തൂക്കി വിൽക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു.
കുറച്ച് ദിവസമായി യുവാക്കൾ ലോഡ്ജ് മുറിയിൽ വന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നായിരുന്നു പൊലീസ് പരിശോധന. ബെംഗളൂരുവിൽ നിന്നെത്തിച്ച ആറര ഗ്രാം എംഡിഎംഎ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൈനാഗപ്പള്ളി സ്വദേശി വിപിൻ വേണു കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളി എസ്എച്ച്ഒ ഗോപകുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.