കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി കൂടുതല്‍ സമയം അനുവദിച്ചു. മെയ് 31-നകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഇനി സമയം നീട്ടിനല്‍കില്ലെന്നും മെയ് 31-നകം അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് ഡി.ജി.പി. ഉറപ്പ് നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ഏപ്രില്‍ 14-നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍ കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയതിനാലും ഇതിന്റെ ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തേണ്ടതിനാലും കൂടുതല്‍ സമയം അനുവദിക്കണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം. അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നുമാസത്തെ സമയം വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. തുടര്‍ന്നാണ് മെയ് 31 വരെ സമയം നീട്ടിനല്‍കി ഉത്തരവിട്ടത്. മെയ് 31-നകം അന്വേഷണം പൂര്‍ത്തിയാക്കി വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
അതിനിടെ, വധഗൂഢാലോചനാ കേസിലെ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. കേസില്‍ ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയാണ് ദിലീപിന്റെ ഹര്‍ജി കോടതി തള്ളിയത്. കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല.