കോഴിക്കോട്: കോടഞ്ചേരിയിലെ മിശ്രവിവാഹത്തില്‍ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം. ജോയ്സ്നയെ മറ്റന്നാള്‍ ഹാജരാക്കാനാണ് കോടതി കോടഞ്ചേരി പൊലീസിനോട് നിര്‍ദേശിച്ചത്. പെണ്‍കുട്ടിയുടെ പിതാവ് ജോര്‍ജ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.
കോടഞ്ചേരിയില്‍ ഡിവൈഎഫ്ഐ നേതാവ് ഷെജിന്‍ മകളെ വിവാഹം കഴിച്ചതില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് ജോര്‍ജ് ആരോപിച്ചിരുന്നു. മകള്‍ ജോയ്സ്നയെ കാണാതായതാണ്. മകളെ കാണാതായതിന് പിന്നില്‍ ദുരൂഹതയുണ്ട്. തിരോധാനത്തിന് പിന്നിലെ കാര്യങ്ങളെപ്പറ്റി കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ജോയ്സ്നയുടെ പിതാവ് ജോര്‍ജ് ആവശ്യപ്പെട്ടു.
മാര്‍ച്ച് 31 നാണ് മകള്‍ ജോയ്സ്ന സൗദിയില്‍ നിന്നും നാട്ടിലെത്തുന്നത്. ഒമ്പതാം തീയതി കൂട്ടുകാരിയുടെ ആധാര്‍ കാര്‍ഡ് പോസ്റ്റ് ചെയ്യാനായി താമരശ്ശേരിയില്‍ പോയ ശേഷമാണ് കാണാതായതെന്ന് ജോര്‍ജ് പറഞ്ഞു. ഷെജിനെ നേരത്തെ പരിചയമുണ്ടെന്നും, ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് പരസ്പരം പ്രണയത്തിലായതെന്നും ജോയ്സ്ന വ്യക്തമാക്കിയിരുന്നു.