മുംബൈ: ഇന്ത്യന്‍ പ്രീമിയർ ലീഗിൽ നാലാം മത്സരവും തോറ്റ് ചെന്നൈ സൂപ്പർ കിങ്സ്. സൺറൈസേഴ്സ് എട്ടു വിക്കറ്റിന്റെ വിജയമാണ് ചെന്നൈയ്ക്കെതിരെ സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങൾ കളിച്ച സൺറൈസേഴ്സിന്റെ സീസണിലെ ആദ്യ ജയമാണിത്. ചെന്നൈ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 17.4 ഓവറിൽ ഹൈദരാബാദ് മറികടന്നു. അർധസെഞ്ചുറി നേടിയ അഭിഷേക് ശർമയാണ് ഹൈദരാബാദ് ഇന്നിങ്സിന്റെ നട്ടെല്ല്. 50 പന്തുകൾ നേരിട്ട താരം 75 റൺസെടുത്തു.
ക്യാപ്റ്റൻ കെയ്ൻ വില്യംസനും (40 പന്തിൽ 32), രാഹുൽ ത്രിപാഠിയും (15 പന്തിൽ 39) നിലയുറപ്പിച്ചതോടെ അനായാസമായിരുന്നു ഹൈദരാബാദിന്റെ വിജയം. ഒന്നാം വിക്കറ്റിൽ 89 റൺസാണ് അഭിഷേക്– വില്യംസൻ സഖ്യം ഹൈദരാബാദിനായി കൂട്ടിച്ചേർത്തത്. 32 പന്തിൽ അഭിഷേക് അര്‍ധസെഞ്ചുറി തികച്ചു. 12–ാം ഓവറിലാണ് ചെന്നൈ ഹൈദരാബാദിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തുന്നത്. മുകേഷ് ചൗധരിയുടെ പന്തില്‍ മൊയീൻ അലിക്കു ക്യാച്ച് നൽകി ഹൈദരാബാദ് ക്യാപ്റ്റൻ പുറത്തായി.
പിന്നാലെയെത്തിയ രാഹുൽ ത്രിപാഠിയും തകർത്തടിച്ചതോടെ ഹൈദരാബാദ് സ്കോർ 100 പിന്നിട്ടു. വിജയത്തിനു തൊട്ടടുത്തെത്തിയപ്പോഴാണ് അഭിഷേകിന്റെ വിക്കറ്റ് വീണത്. ഡ്വെയ്ൻ ബ്രാവോയുടെ പന്തിൽ ക്രിസ് ജോർദാൻ ക്യാച്ചെടുത്തായിരുന്നു പുറത്താകൽ. തുടർന്ന് ത്രിപാഠിയും നിക്കോളാസ് പുരാനും ചേർന്ന് 14 പന്തുകൾ ബാക്കിനിൽക്കെ ഹൈദരാബാദിനെ വിജയത്തിലെത്തിച്ചു. ജയിച്ചെങ്കിലും പോയിന്റ് പട്ടികയിലെ എട്ടാം സ്ഥാനക്കാരാണ് ഹൈദരാബാദ്. ചെന്നൈയാകട്ടെ ഒൻപതാം സ്ഥാനത്തും.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. 35 പന്തിൽ 48 റൺസെടുത്ത മൊയീൻ അലിയാണ് ചെന്നൈയുടെ ടോപ് സ്കോറർ. അംബാട്ടി റായുഡുവും (27 പന്തിൽ 27), ക്യാപ്റ്റൻ രവീന്ദ്ര ജഡേജ (15 പന്തിൽ 23) യും ചെന്നൈയ്ക്കായി താരതമ്യേന മെച്ചപ്പെട്ട പ്രകടനം നടത്തി. ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ റോബിന്‍ ഉത്തപ്പയും ഋതുരാജ് ഗെയ്ക്‌വാദും ചെന്നൈയ്ക്കു നൽകിയത്. സ്കോർ 25ൽ നിൽക്കെ ഹൈദരാബാദ് ആദ്യ വിക്കറ്റ് വീഴ്ത്തി. 11 പന്തിൽ 15 റൺസെടുത്ത റോബിൻ ഉത്തപ്പയെ വാഷിങ്ടൻ സുന്ദറിന്റെ പന്തില്‍ എയ്ഡൻ മർക്റാം ക്യാച്ചെടുത്താണു പുറത്താക്കിയത്. അധികം വൈകാതെ ടി.നടരാജന്റെ പന്തിൽ ഋതുരാജ് ഗെയ്ക്‌വാദ് ബോൾഡായി. 13 പന്തുകൾ നേരിട്ട ഗെയ്‍ക്‌വാദ് 16 റൺസെടുത്തു. ഇംഗ്ലിഷ് താരം മൊയിൻ അലി റൺസ് കണ്ടെത്തിയതോടെ ചെന്നൈ സ്കോർ ഉയര്‍ന്നു. അംബാട്ടി റായുഡുവും പിന്തുണ നൽകി. ചെന്നൈ 98 ൽ നിൽക്കെ റായുഡുവിനെ മടക്കി വാഷിങ്ടൻ സുന്ദർ രണ്ടാം വിക്കറ്റും സ്വന്തമാക്കി. അർധസെഞ്ചുറിക്കു രണ്ടു റൺസ് മുൻപ് മൊയീൻ അലി പുറത്തായി.
യുവതാരം ശിവം ദുബെയെ ടി. നടരാജന്‍ ഉമ്രാൻ മാലിക്കിന്റെ കൈകളിലെത്തിച്ചു. അഞ്ച് പന്തിൽ ദുബെ നേടിയത് മൂന്ന് റൺസ്. ആറ് പന്തിൽ മൂന്ന് റൺസ് മാത്രമെടുത്ത എം.എസ്. ധോണിയുടെ വിക്കറ്റ് മാർകോ ജാൻസനാണ്. ഉമ്രാൻ മാലിക്ക് ക്യാച്ചെടുത്താണു ധോണിയെയും പുറത്താക്കിയത്. സ്കോർ 147 ൽ നിൽക്കെ ക്യാപ്റ്റൻ ജഡേജ ഭുവനേശ്വർ കുമാറിന്റെ പന്തിൽ കെയ്ൻ വില്യംസനു ക്യാച്ച് നൽകി പുറത്തായി. ഡ്വെയ്ൻ ബ്രാവോയും (അഞ്ച് പന്തിൽ എട്ട്) ക്രിസ് ജോര്‍ദാനും (മൂന്ന് പന്തിൽ ആറ്) പുറത്താകാതെ നിന്നു. ഹൈദരാബാദിനായി വാഷിങ്ടൻ സുന്ദറും ടി. നടരാജനും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ഭുവനേശ്വർ കുമാർ, മാർകോ ജാൻസെന്‍, എയ്ഡൻ മർക്രാം എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.