തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കൂടുതൽ മഴ കിട്ടും. ഇന്ന് തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. കഴിഞ്ഞ ദിവസങ്ങളുടേതിന് സമാനമായി ഉച്ചയോടെ മഴ ശക്തി പ്രാപിക്കും. പുലർച്ചെ വരെ മഴ തുടരാൻ സാധ്യത ഉണ്ട്. ബംഗാൾ ഉൾക്കടലിൽ കോമോരിൻ പ്രദേശങ്ങളിൽ നിന്നുള്ള ഈർപ്പം കൂടിയ കാറ്റാണ് നിലവിലെ ശക്തമായ മഴയ്ക്ക് കാരണം.
ആൻഡമാൻനും ശ്രീലങ്കയ്ക്കും മുകളിലുള്ള ചക്രവതച്ചുഴികളും മഴയ്ക്ക് കാരണമാകും. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.
ഇന്നും നാളെയും കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ ദുരന്ത നിവാരണ അതോറിറ്റിയും പുറപ്പെടുവിച്ചു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുതെന്നും നിർദേശമുണ്ട്.
ഞായർ, തിങ്കൾ ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കണം. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതുകൊണ്ട് മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യണം.