പാലക്കാട്: പാലക്കാട് ബസിന് മുകളില്‍ അപകടകരമാംവിധം യാത്രക്കാരെ കയറ്റിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. നെന്മാറ വേല കാണാനെത്തിയവരാണ് ബസിന് മുകളില്‍ തിക്കിതിരക്കി യാത്ര ചെയ്തത്.
അപകടകരമായ രീതിയില്‍ യാത്രക്കാരെ കയറ്റി സര്‍വ്വീസ് നടത്തിയത് ഗുരുതര വീഴ്ച്ചയാണെന്ന് വകുപ്പ് വിലയിരുത്തി.
സംഭവത്തില്‍ രണ്ട് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതിനൊപ്പം ഡ്രൈവര്‍മാരുടേയും കണ്ടക്ടര്‍മാരുടേയും ലൈസന്‍സും റദ്ദാക്കും. ഡ്രൈവര്‍മാര്‍ പാലക്കാട് ആര്‍ടിഒ മുന്‍പാകെ ഹാജരാകാനും നിര്‍ദേശം നല്കി. നെന്മാറ വേലയോട് അനുബന്ധിച്ച് നടന്ന വെടിക്കെട്ട് കണ്ടു മടങ്ങിയ യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവാദമായി.
ബസിനകത്ത് തിരക്കേറിയതോടെയാണ് യാത്രക്കാര്‍ ക്യാരിയറിന് മുകളിലും ഇരിപ്പുറപ്പിച്ചത്. പിന്നാലെ കണ്ടക്ടറും ബസിന് മുകളിലേക്ക് എത്തി ടിക്കറ്റ് നല്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. വന്‍ അപകട സാധ്യതയാണ് ഭാഗ്യം കൊണ്ട് ഒഴിവായതെന്ന് സോഷ്യല്‍ ലോകം പറയുന്നു