കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളെ പൂര്‍ണമായി തകര്‍ക്കുന്ന പരിഷ്കാരവുമായി സഹകരണ സംഘം അഡീഷ്ണല്‍ രജിസ്ട്രാര്‍(ക്രഡിറ്റ്). റിസര്‍വ് ബാങ്ക് കേരളത്തിലെ സഹകരണ മേഖലയില്‍ നടത്തുന്നതിനേക്കാള്‍ മാരകമായ നിര്‍ദ്ദേശമാണ് പുതിയ സര്‍ക്കുലറിലൂടെ അഡിഷ്ണല്‍ രജിസ്ട്രാര്‍ നല്‍കിയിട്ടുള്ളത്. പ്രാഥമിക സഹകരണ ബാങ്കുകള്‍ നല്കുന്ന എല്ലാ ഡിജിറ്റല്‍ പെയ്മെന്റ് സേവനങ്ങളും മരവിപ്പിക്കുന്നതാണ് നടപടി.
സംസ്ഥാനത്തെ കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകള്‍ അവരുടെ സേവിങ്സ്, കറന്റ് അക്കൗണ്ട് നിക്ഷേപങ്ങള്‍ പൂര്‍ണമായി കേരളബാങ്കിലേക്ക് മാറ്റണമെന്നാണ് നിര്‍ദ്ദേശം. ഈ നിക്ഷേപം പ്രാഥമിക സഹകരണ ബാങ്കുകളുടെ കേന്ദ്ര ബാങ്കായ കേരളബാങ്കില്‍ നിക്ഷേപിക്കാതെ ആക്സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, ഐ.ഡി.ബി.ഐ. ബാങ്ക് മുതലായ ബാങ്കുകളില്‍ നല്കുന്നു. ഈ പ്രവണത കേരളബാങ്കിന്റെ സാമ്പത്തിക സ്ഥിരതയെ ഗുരുതരമായി ബാധിക്കുന്നതാണെന്ന് കേരളബാങ്ക് അറിയിച്ചിട്ടുണ്ട്. പ്രാഥമിക സഹകരമ ബാങ്കുകളുടെ നിക്ഷേപത്തിന് ഉയര്‍ന്ന പലിശ നല്കുന്ന കേരളബാങ്കില്‍തന്നെ ഈ നിക്ഷേപം നിലനിര്‍ത്താനുള്ള നടപടി സ്വീകരിക്കണമെന്നും കേരളബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ചാണ് പുതിയ നിര്‍ദ്ദേശം നല്‍കുന്നതെന്നാണ് അഡീഷ്ണല്‍ രജിസ്ട്രാറുടെ സര്‍ക്കുലറില്‍ പറയുന്നത്്.
സഹകരണ സംഘങ്ങള്‍ ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ മിച്ചഫണ്ട് നിക്ഷേപിക്കാന്‍ പാടില്ലെന്ന് 44/2013 ലെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിര്‍ദ്ദേശത്തിന് വിരുദ്ധമായി പ്രാഥമിക സഹകരണ ബാങ്കുകള്‍ കേരളബാങ്ക് അല്ലാത്ത ബാങ്കുകളില്‍ കറന്റ്, സേവിങ്സ് നിക്ഷേപം നടത്തുന്നുണ്ടെങ്കില്‍ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും അത് രജിസ്ട്രാര്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഓഡിറ്റ് ഡയരക്ടര്‍, ജോയിന്റ് രജിസ്ട്രാര്‍മാര്‍, ജോയിന്റ് ഡയറക്ടര്‍മാര്‍ എന്നിവര്‍ക്കെല്ലാം ഇതിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.
കേള്‍ക്കുമ്പോള്‍ സാധാരണവും സാങ്കേിതകവുമായ ഒരു നടപടിമാത്രമായി ഇത് തോന്നാമെങ്കിലും സഹകരണ ബാങ്കിങ് മേഖലയുടെ അടിത്തൂണ് ഇളക്കുന്ന തീരുമാനമാണിത്. കേരളബാങ്കിതര വാണിജ്യ ബാങ്കുകളുടെ സഹായത്തോടെയാണ് കേരളത്തിലെ എല്ലാ പ്രാഥമിക സഹകരണ ബാങ്കുകളും അവരുടെ ഇടപാടുകാര്‍ക്ക് ആര്.ടി.ജി.എസ്., എന്‍.ഇ.എഫ്.ടി., തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്നത്. ചെക്ക്, ഡ്രാഫ്റ്റ് എന്നിവ ഉപയോഗിക്കുന്നതിന് റിസര്‍വ് ബാങ്ക് വിലക്കിയതോടെ ഈ ഡിജിറ്റല്‍ സേവനത്തിലൂടെയാണ് ഇടപാടുകാരുടെ ആവശ്യം പ്രാഥമിക ബാങ്കുകള്‍ നിര്‍വഹിക്കുന്നത്.
ഈ സൗകര്യം നല്‍കുന്നതിന് ഓരോ പ്രാഥമിക ബാങ്കുകളും വാണിജ്യ ബാങ്കുകള്‍ക്ക് കറന്റ് അക്കൗണ്ട് നിക്ഷേപം നല്‍കണം. അത് പാടില്ലെന്ന് രജിസ്്ട്രാര്‍ നിര്‍ദ്ദേശിച്ചാല്‍ പ്രാഥമിക ബാങ്കുകള്‍ക്ക് ഡിജിറ്റല്‍ ഇടപാടും നിലയ്ക്കും. റിസര്‍വ് ബാങ്ക് മെല്ലെ കൊല്ലാനാണ് തീരുമാനിച്ചതെങ്കില്‍ വേഗത്തില്‍ കഴുത്ത് അറുത്ത് കൊല്ലാനാണ് സഹകരണ സംഘം അഡീഷ്ണല്‍ രജിസ്ട്രാര്‍ തീരുമാനിച്ചത് എന്നതാണ് പുതിയ പരിഷ്കാരത്തിന്റെ അനുഭവം. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ചെക്കും ഡ്രാഫ്റ്റും നല്‍കാനാവില്ല, ഡിജറ്റല്‍ പണമിടപാട് നടത്താനാവില്ല. ഇതാണ് അവസ്ഥയെങ്കില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്നതിലും നല്ലത്, ഈ സഹകരണ ബാങ്കുകളെല്ലാം പൂട്ടി താക്കോല്‍ വാങ്ങാന്‍ ആളെ അയക്കുന്നതാണ്.
കേരളത്തിലെ സഹകരണ മേഖലയുടെ നട്ടെല്ലാണ് പ്രാഥമിക സഹകരണ ബാങ്കുകള്‍. അതിന്റെ കരുത്തിലാണ് കേരളബാങ്ക് അടക്കം നിലനില്‍്ക്കുന്നത്. പക്ഷേ, ഇപ്പോഴത്തെ പല നടപടികളും നിര്‍ദ്ദേശങ്ങളും കാണുമ്പോള്‍ കേരളബാങ്ക് മതി ബാക്കിയെല്ലാം നശിച്ചാലും കുഴപ്പമില്ല എന്ന നിലപാടാണ് ഉള്ളതെന്ന തോന്നലാണ് സഹകാരികള്ക്കുണ്ടാകുന്നത്. അല്ലെങ്കില്‍ ഇത്രയും ഗുരുതരമായി ബാധിക്കുന്ന, പ്രാഥമിക ബാങ്കുകള്‍ തകര്‍ന്നുപോകുന്ന ഇത്തരമൊരു സര്‍ക്കുലര്‍ അഡീഷ്ണല്‍ രജിസ്ട്രാര്‍ ഇറക്കാനിടയില്ല.
സര്‍ക്കുലര്‍ ഇറങ്ങുന്നതിന്റെ 19-ദിവസം മുമ്പാണ് പ്രാഥമിക ബാങ്കുകളിലെ കറന്റ്, സേവിങ്സ് നിക്ഷേപത്തിന്റെ ‘അപകടം’ ചൂണ്ടിക്കാട്ടി കേരളബാങ്ക് സി.ഇ.ഒ. അഡീഷ്ണല്‍ രജിസ്ട്രാര്‍ക്ക് കത്ത് നല്‍കുന്നത്. 19 ദിവസം കൊണ്ട് പ്രാഥമിക ബാങ്കുകളുടെ ‘നിയമവിരുദ്ധത’ കണ്ടെത്തി സര്‍ക്കുലര്‍ ഇറങ്ങി. എന്ത് വേഗമാണ് ഈ ഫയല്‍ നീക്കത്തിന് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രാഥമിക സംഘങ്ങളുടെയും ബാങ്കുകളുടെയും ഒരുഫയല് ഒരു സെക്ഷന്‍ കടന്നുകിട്ടാന്‍ മാസങ്ങള്‍ വേണ്ടിവരുന്നുണ്ട്.
പ്രാഥമിക സംഘങ്ങളുടെ മിച്ചപണം അപ്പക്സ് ബാങ്കില്‍ മാത്രം നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ. ആ അര്‍ത്ഥത്തില്‍ നിയമവിരുദ്ധമായാണ് പ്രാഥമിക ബാങ്കുകള്‍ പണം നിക്ഷേപിക്കുന്നത് എന്ന് അഡീഷ്ണല്‍ രജിസ്ട്രാര്‍ ചൂണ്ടിക്കാണിച്ചത് വസ്തുതയാണ്. ഇതേ രീതിയില്‍ നിയമം ഉദ്ധരിച്ചാണ് മൂന്നുമാസം മുമ്പ് റിസര്‍വ് ബാങ്ക് സഹകരണ സംഘം രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയത്. പ്രാഥമിക ബാങ്കുകള്‍ നിയമവിരുദ്ധമായാണ് ബാങ്ക് എന്ന പദം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതും നിക്ഷേപം വാങ്ങുന്നതും എന്നതായിരുന്നു ആ കത്തിലെ ഉള്ളടക്കം. അതിനെതിരെ റിസര്‍വ് ബാങ്കിന് കത്ത് നല്‍കിയത് സഹകരണ സംഘം രജിസ്ട്രാറാണ്. കേരളത്തിലെ സഹകരണ ബാങ്കുകള്‍ തകര്ന്നുപോകാതിരിക്കാനായിരുന്നു ആ നടപടി. ഇപ്പോള്‍ അതേ സഹകരണ ബാങ്കുകളെ പാടേ തകര്‍ക്കുന്ന നിര്‍ദ്ദേശം മറ്റൊരു നിയമവ്യവസ്ഥ ചൂണ്ടിക്കാട്ടി അഡീഷ്ണല്‍ രജിസ്ട്രാര്‍ നല്‍കുന്നുവെന്നാണ് വൈരുദ്ധ്യം.
പ്രാഥമിക ബാങ്കുകളുടെ അപ്പക്സ് ബാങ്കായ കേരളബാങ്കിന് വാണിജ്യ ബാങ്ക് പ്രാഥമിക ബാങ്കുകള്‍ക്ക് കൊടുക്കുന്ന സേവനം നല്കാനാകുമോ എന്നതാണ് പ്രധാന ചോദ്യം. അതിന് കഴിയില്ല. ഐ.ഡി.ബി.ഐ. എന്ന ബാങ്കിന്റെ സഹായത്തോടെയാണ് ഏറെക്കാലും സംസ്ഥാന സഹകരണ ബാങ്ക് ഡിജിറ്റല്‍ സേവനം നല്‍കിയത്. കേരളത്തിലെ സഹകരണ മേഖലയെ തകര്‍ത്തല്ല കേരളബാങ്ക് വളരേണ്ടത്. അത് കേരളബാങ്കും സഹകരണ സംഘം രജിസ്ട്രാറും തിരിച്ചറിയേണ്ടതുണ്ട്. ഇത് കേരളത്തിലെ സഹകരണ മേഖലയെ സ്നേഹിക്കുന്ന, ഈ മേഖല ശക്തമായി നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്ന സഹകാരികളുടെയും ജീവനക്കാരുടെയും അഭിപ്രായമാണ്.