അതിരമ്പുഴ: കിണർ തേകുന്നതിനിടെ മുകളിൽ നിന്നും കല്ല് പതിച്ച് ഗൃഹനാഥൻ മരിച്ചു. നാൽപാത്തിമല വട്ടമല വീട്ടിൽ സജി ചാക്കോ (52) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടൊണ് സംഭവം. സജിയുടെ വീടിന് തൊട്ടടുത്തുളള ചുണ്ടക്കാട്ടിൽ സാജുവിന്റെ വീട്ടിലെ കിണർ തേകുന്നതിടെയാണ് അപകടം. സജിയും സുഹൃത്തും കൂടിയാണ് കിണർ തേകുന്നതിന് കിണറ്റിൽ ഇറങ്ങിയത്. കിണറിലെ വെളളം മുഴുവൻ വറ്റിച്ചശേഷം സുഹൃത്ത് മുകളിലേയ്ക്ക് കയറി. പണികൾ പൂർത്തിയാക്കി കിണറിൽ നിന്നും സജി മുകളിലേയ്ക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കിണറിന്റെ ഒരു വശത്തെ മുകളിലിരുന്ന കല്ല് സജിയുടെ തലയുടെ പിൻഭാഗത്ത് പതിക്കുകയായിരുന്നു. സജിയുടെ ശബ്ദം കേട്ട് മുകളിൽ നിന്ന സുഹൃത്ത് ഉടൻ തന്നെ കിണറിലേയ്ക്ക് ഇറങ്ങിയെങ്കിലും ബോധരഹിതനായതിനാൽ സജിയെ എഴുന്നേൽപ്പിക്കാനായില്ല. ശബ്്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കോട്ടയം അഗ്നിശമനസേനയെ വിവരമറിയിച്ചു. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പി. ഇ സന്തോഷ്, എസ്.എഫ്.ആർ.ഒ ടി.യു ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി, സജിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഓമന. മക്കൾ: സോബിൻ (ഐ.ടി.ഐ.വിദ്യാർത്ഥി), സോന (വിദ്യാർത്ഥിനി സെന്റ് മേരീസ് ഹയർ സെക്കന്ററി സ്‌കൂൾ അതിരമ്പുഴ). സംസ്‌കാരം നാളെ ഉച്ചക്കഴിഞ്ഞ് മൂന്നിന് അതിരമ്പുഴ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News