തിരുവനന്തപുരം: മന്ത്രി സജി ചെറിയനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. മന്ത്രി സജി ചെറിയാന്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. നിയമസഭാ തെരെഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂലം തെറ്റെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപണം. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ പരാതി നല്‍കി.
നിയമസഭാ തെരെഞ്ഞെടുപ്പ് സമയത്ത് 2021 ല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അദ്ദേഹത്തിന്റെ സമ്പാദ്യമായി പറഞ്ഞത് 32 ലക്ഷം രൂപയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം കെ റെയിലുമായി ബന്ധപ്പെട്ട വിവാദത്തിലെ അലയിന്‍മെന്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടയില്‍ തനിക്ക് 5 കോടിയുടെ സ്വത്ത് ഉണ്ട് എന്ന് സജി ചെറിയാന്‍ പറഞ്ഞു.
ഇതില്‍ വൈരുധ്യമുണ്ട് 2 കൊല്ലം കൊണ്ട് 32 ലക്ഷം എന്നുള്ളത് 5 കോടിയായി ഉയരണമെങ്കില്‍ ഇത് മന്ത്രി സ്ഥാനം ദുരുപയോഗം ചെയ്ത് ഉണ്ടാക്കിയ സ്വത്താണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇതില്‍ അന്വേഷണം വേണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയലിന്റെ ആവശ്യം. ഇത് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് വിജിലന്‍സിനും, തെരെഞ്ഞെടുപ്പ് കമ്മീഷനും, ലോകായുക്തയ്ക്കും ബിനു പരാതി നല്‍കി.
അതേസമയം സോണിയ ഗാന്ധി വിളിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചയാണ് മുഖ്യ അജണ്ട. സംഘടന തെരഞ്ഞെടുപ്പും അംഗത്വ വിതരണ ക്യാമ്പയിനും ചര്‍ച്ചയാകും.അതേ സമയം ഗ്രൂപ്പ് 23 നേതാക്കളുമായി സോണിയ ഗാന്ധി ആശയ വിനിമയം തുടരുകയാണ്. അനുനയ നീക്കത്തിന്റെ ഭാഗമായി പുനസംഘടനയില്‍ ഗ്രൂപ്പ് 23 നെ വിവിധ സമിതികളിലേക്ക് പരിഗണിച്ചേക്കും.