കോട്ടയം: സില്‍വര്‍ലൈന്‍ വരുന്ന സ്ഥലത്തെ വീട് സാമൂഹിക മാധ്യമത്തില്‍ വില്‍പ്പനയ്ക്ക് വച്ച് ഉടമ. മാടപ്പള്ളി സ്വദേശി മനോജ് വര്‍ക്കിയാണ് 60 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച വീട് 50 ലക്ഷം രൂപയ്ക്ക് വില്‍ക്കുമെന്ന് പറയുന്നത്. സില്‍വര്‍ലൈനിനെ അനുകൂലിക്കുന്നവര്‍ ഈ വീടും സ്ഥലവും വാങ്ങാന്‍ മുന്നോട്ടുവരണമെന്നും മനോജ് വര്‍ക്കി ആവശ്യപ്പെടുന്നു.
പദ്ധതിമൂലം കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ഇരട്ടി നഷ്ടപരിഹാരം ലഭിക്കുമെന്നും മുമ്പുള്ളതിനേക്കാള്‍ മികച്ച ജീവിത സാഹചര്യമുണ്ടാകുമെന്നുമുള്ള പ്രചാരണങ്ങള്‍ക്കിടെയാണ് മനോജ് വര്‍ക്കിയുടെ പരിഹാസം. മൂന്നിരട്ടി നഷ്ടപരിഹാരം താങ്ങാനുള്ള കപ്പാസിറ്റി തനിക്കില്ലെന്നും പോസ്റ്റില്‍ പറയുന്നു.
‘ഞാന്‍ ചങ്ങാനശ്ശേരി മാടപ്പള്ളി പഞ്ചായത്തില്‍ താമസിക്കുന്ന വ്യക്തിയാണ്. കെ.റെയില്‍ പാതയിലുള്ള എന്റെ വീടും സ്ഥലവും വില്‍ക്കാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ഈ വീടിനും സ്ഥലത്തിനുംകൂടി 60 ലക്ഷം രൂപ ചെലവായി. ഇപ്പോള്‍ ഗവണ്മെന്റ് മൂന്നിരട്ടി വില പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ്. അത്രയും പണം സ്വീകരിക്കാനുള്ള കപ്പാസിറ്റി ഇല്ലാത്തതുകൊണ്ട് ഞാന്‍ എന്റെ സ്ഥലം 50 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ആഗ്രഹിക്കുന്നു.
കെ.റെയിലിനെ അനുകൂലിക്കുന്ന ഏതെങ്കിലും മഹദ്വ്യക്തികള്‍ ഈ വീട് വാങ്ങിയാല്‍ മൂന്നിരട്ടി ലാഭത്തിന് അവകാശികളാകാം. വേണ്ടവര്‍ ബന്ധപ്പെടുക. വേണ്ടാത്തവര്‍ ആവശ്യമുള്ളവര്‍ക്ക് ഷെയര്‍ ചെയ്യുക.”